സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി

ഭുവനേശ്വർ: ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ സന്തോഷ് ട്രോഫിയിലെ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് കേരളത്തിന്റെ ഞെട്ടിക്കുന്ന തോൽവി. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ​ഗോളടിച്ചു. ഈ ​ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ​ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്.

​ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു.

രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്. 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ. ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമാണ്.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

തൃശൂര്‍: തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ – കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

മുൻ വൈസ് ചെയർമാൻ സി. പ്രദീപിൻറെ പേരിൽ റോഡ് പുനർനാമകരണം ചെയ്തു

മുൻ വൈസ് ചെയർമാൻ സി. പ്രദീപിൻറെ പേരിൽ റോഡ് പുനർനാമകരണം ചെയ്തു

ദീർഘനാളായുള്ള പൊതുജനങ്ങളുടേയും, റസിഡൻസ് അസോസിയേഷൻ മെമ്പർമാരുടേയും അഭ്യർഥന മാനിച്ച് ആറ്റിങ്ങൽ പാടിക്കവിളാകം ട്രാൻസ്ഫോർ(വി വി ക്ലിനിക് ഇറക്കം) മുതൽ ബി എച്ച് എസ് എസ് റോഡിന്റെ ഇറക്കം വരെയുള്ള റോഡിന് സി.പ്രദീപ് റോഡ് എന്ന് നാമകരണം ചെയ്തു.

ദീർഘകാലം നിലവിലെ 11-ാം വാർഡ് മെമ്പറും, കെ എസ് ആർ എ രക്ഷാധികാരിയും, പ്രദേശത്തെ നിരവധി റോഡു വികസനത്തിനു കാരണക്കാരനുമായ മുൻ വൈസ് ചെയർമാൻ കൂടിയായ സി പ്രദീപിന്റെ സ്മരണാർഥമാണ് ഈ നാമകരണം എന്ന് റസിഡൻസ് അസോസിയേഷൻ അറിയിച്ചു. കൂടാതെ ബി എച്ച് എസ് എസ് റോഡിലെ പ്രധാന ജംഗ്ഷന് സൗഹൃദ ജംഗ്ഷൻ എന്ന് പേരിടുകയു ചെയ്തു. നഗരസഭയുമായി ചേർന്ന് നാമകരണത്തിന്റെ തുടർ നടപടികളും കാലതാമസമില്ലാതെ പൂർത്തിയാക്കും എന്ന് കെ എസ് ആർ എ വ്യക്തമാക്കി.

ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു

ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു

കാസര്‍കോട്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി ആണ് മരിച്ചത്. 20 വയസായിരുന്നു.
ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

50 ലിറ്റര്‍ കൊള്ളുന്ന കാറില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചു!, ബില്‍ നല്‍കിയത് ജഡ്ജിക്ക്

50 ലിറ്റര്‍ കൊള്ളുന്ന കാറില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചു!, ബില്‍ നല്‍കിയത് ജഡ്ജിക്ക്

അന്‍പതു ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് ഹൈക്കോടതി ജഡ്ജിക്കു ബില്‍! ബില്ലു കണ്ടു ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയ പെട്രോള്‍ പമ്പ് അടപ്പിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ്, ടാങ്കില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചതായി ബില്ലു നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. പെട്രോള്‍ പമ്പിൽ വണ്ടി നിറുത്തിയ ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പില്‍ ഉണ്ടായിരുന്നവരോടു പറഞ്ഞു.

57 ലിറ്ററിന്റെ ബില്‍ കണ്ട, പിന്‍ സീറ്റില്‍ ആയിരുന്ന ജഡ്ജി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു. തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തിയ ജഡ്ജി വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ എത്തി പരിശോധിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പമ്പുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

28 വർഷത്തിനു ശേഷം വീണ്ടും തിയറ്റർ പിടിച്ച് ആടുതോമ; ആദ്യ ദിവസം നേടിയത് മൂന്നു കോടിയോളം,കുറിപ്പുമായി മോഹന്‍ലാല്‍

28 വർഷത്തിനു ശേഷം വീണ്ടും തിയറ്റർ പിടിച്ച് ആടുതോമ; ആദ്യ ദിവസം നേടിയത് മൂന്നു കോടിയോളം,കുറിപ്പുമായി മോഹന്‍ലാല്‍

28 വർഷം മുൻപ് തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമ്പോൾ എന്താവും എന്നറിയാൻ കാത്തിരുന്നവർ നിരവധിയാണ്. അണിയറപ്രവർത്തകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മികച്ച പ്രതികരണമാണ് സ്ഫടികത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ ആണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് ആദ്യ ദിനത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീ റിലീസ് ചെയ്തവയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ‘സ്ഫടികം’ സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.

അതിനിടെ 28 വർഷത്തിനു ശേഷവും ആടുതോമയ്ക്ക് നൽകിയ സ്നേഹത്തിന് ആരാധകരോട് നന്ദി പറഞ്ഞ് മോഹൻലാൽ എത്തി. 28 വർഷത്തിനുശേഷവും ആടുതോമയ്ക്ക് നൽകുന്ന സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല. സ്ഫടികം 4k അറ്റ്‌മോസ് ഒരുക്കിയ ഭദ്രൻ സാറിനോടും ടീമിനോടും നന്ജി നന്ദി പറയുന്നു.- മോഹൻലാൽ കുറിച്ചു.