പ്രണയദിനത്തിൽ പശുവിനെ പുണരേണ്ട; കൗ ഹഗ് ഡേ തീരുമാനം പിൻവലിച്ചു

പ്രണയദിനത്തിൽ പശുവിനെ പുണരേണ്ട; കൗ ഹഗ് ഡേ തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി ∙ പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഹ്വാനം പിൻവലിക്കാൻ തീരുമാനിച്ചത്.

മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നു വിശദീകരിച്ചാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’യായി ആചരിക്കാൻ നിർദേശിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചിരുന്നു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം മൃഗസംരക്ഷണ ബോർഡ് നടത്തിയത്. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.

തിരുവനന്തപുരം നഗരത്തില്‍ തീപിടുത്തം

തിരുവനന്തപുരം നഗരത്തില്‍ തീപിടുത്തം

തിരുവനന്തപുരം: നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം ഷോപ്പിനാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. കെട്ടിടത്തിലേക്ക് ഉള്ളത് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രയാസം നേരിട്ടു.

തീ പിടിച്ച കെട്ടിയത്തിന് തൊട്ടടുത്ത് നിരവധി വീടുകളുണ്ട്. പരിസരവാസികളെ ഒഴിപ്പിക്കുന്നു. അഗ്നിശമന സേനയും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. മറ്റ് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കും.

എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ കേളേശ്വരം ഭാഗത്ത്‌ നിന്നും KL 21 K 1744 നമ്പർ HONDA DIO സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന 31.51 ഗ്രാം എം ഡി എം എ യുമായി കേളേശ്വരം ആലുവിള സ്വദേശി 28 വയസുള്ള അജയ് കൃഷ്ണ, പഴയ കാരയ്ക്കാമണ്ഡപം സ്വദേശി 27 വയസുള്ള ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന രാഹുൽ രാജൻ എന്നിവരെ പിടികൂടി ഒരു എൻ ഡി പി എസ് കേസ് എടുത്തു.

രാത്രി പന്ത്രണ്ട് മുതൽ വെളുപ്പിന് നാല് മണിവരെയാണ് ഇത്തരത്തിൽ എം ഡി എം എ യുമായി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്നതാണ് ഇവരുടെ ശൈലി. ഇവരിൽ നിന്നും എം ഡി എം എ വാങ്ങുവാൻ വരുന്നവർ ഇവർക്കിടയിൽ സുപരിചിതമായ ചില കോടുകൾ പറഞ്ഞാണ് സാധനം വാങ്ങുന്നത്. ഈ പ്രദേശത്തെ മയക്കുമരുന്ന് റായ്ക്കറ്റുകളിൽ പ്രമുഖരാണ് ഇപ്പോൾ എക്‌സൈസ് പിടിയിലാക്കുന്നത്. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബു പറഞ്ഞു. പിടികൂടിയ സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽരാജൻ,അക്ഷയ് സുരേഷ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മഞ്ചു വർഗീസ്, ഡ്രൈവർ അനിൽ കുമാർ, എന്നിവരും പങ്കെടുത്തു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഇതോടെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.

ഭിന്നശേഷി ജില്ലാ ഫുട്ബോൾ മത്സര ജേതാക്കളായി ബി ആർ സി കിളിമാനൂർ

ഭിന്നശേഷി ജില്ലാ ഫുട്ബോൾ മത്സര ജേതാക്കളായി ബി ആർ സി കിളിമാനൂർ

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി ഫുട്ബോൾ മത്സരം ജില്ലാ തലത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ 12 ബി ആർ സി കളിൽ നിന്ന് ടീമുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ നന്ദി പറഞ്ഞു.

പാറശ്ശാല ബിആർസി ടീമിനെ 4-3 ന് തോൽപ്പിച്ചാണ് കിളിമാനൂർ ബിആർസി ജേതാക്കളായത്. അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ ഷിബു, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജാ എസ് വൈ, ഇന്ത്യൻ ഫുട്ബോൾ ടീമംഗം വി. പി ഷാജി, സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ അബ്ദുൾ നൗഷാദ്എന്നിവർ ജേതാക്കളായ കിളിമാനൂർ ബി.ആർ സി യുടെ
കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബിപിസി സാബു വി ആർ, ട്രെയിനർ ഷാനവാസ് ബി,സ്പെഷ്യൽ എജുക്കന്മാരായ അനീഷ് എസ് എൽ കാർത്തിക് എം എസ്, വിശാഖ് ജി മോഹൻ, വിനോദ് കെ എസ്, സ്പെഷലിസ്റ്റ് അധ്യാപിക തനിമ എം എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വെള്ളായണി സ്പോർട്സ് ഹബ്ബ് ടർഫിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ ബിആർസികളിൽ നിന്നായി അധ്യാപകർ, കുട്ടികൾ പരിശീലകർ, തുടങ്ങി 500 ൽ പരം പേർ പങ്കെടുത്തു.

പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് കിളിമാനൂർ പുതിയകാവ് പൊതു മാർക്കറ്റിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു സംഭവം.

സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി ബസ്റ്റാൻഡിലേക്ക് ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രതിയുടെ കയ്യിലുള്ള മൊബൈൽ ഫോണിലെ അശ്ളീല ദൃശ്യം കാണിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ഫോൺ കൂടുതൽ പരിശോധയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് കൈമാറി.

ബസ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി കറങ്ങി നടക്കാറുള്ള പ്രതി മറ്റു പെൺകുട്ടികളോട് സമാനരീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് .കെ .നായർ, എസ് സി പി ഒ മാരായ ഷിജു, ബിനു, സിപിഒമാരായ വിനയചന്ദ്രൻ ഡബ്ലിയു സി പി ഒ ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.