അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി; വീഡിയോ വൈറൽ

അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി; വീഡിയോ വൈറൽ

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് 17 സെക്കന്റുള്ള വിഡിയോയില്‍.

17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഈ സഹോദരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 7,800 മരണമാണ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മലയാളവേദിയുടെ 201-മത് പ്രതിമാസ കൂട്ടായ്മ

മലയാളവേദിയുടെ 201-മത് പ്രതിമാസ കൂട്ടായ്മ

മലയാളവേദിയുടെ 201മത് പ്രതിമാസ കൂട്ടായ്മ നാവായിക്കുളം എൻഎസ്എസ് കരയോഗ മന്ദിരഹാളിൽ നടന്നു. മഹാനടൻ സത്യൻ, പ്രശസ്ത ഗായിക വാണിജയറാം എന്നിവരെ കൂട്ടായ്മ അനുസ്മരിച്ചു. സത്യന്റെ അഭിനയ മുഹൂർത്തങ്ങളെ കുറിച്ച് കവിയും സിനിമാഗാനരചയിതാവും നടനുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. എ വി ബാഹുലേയൻ വാണിജയറാമിനെ അനുസ്മരിച്ച് സംസാരിച്ചു.
ഡോ. അശോക് ശങ്കർ, ചാന്നാങ്കര പ്രകാശ്, ഓരനെല്ലൂർ ബാബു, രാമചന്ദ്രൻ കരവാരം, അനിൽ പൂതക്കുഴി, വസന്തകുമാരി, ചന്ദ്രികാകുമാരി, അജിത പ്രഭ, ശ്രീകണ്ഠൻ കല്ലമ്പലം, നൂർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാവ്യ- ഗാനാലാപനവും നടന്നു.

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ ; വായ്പ പലിശ നിരക്കുകൾ ഉയരും

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ ; വായ്പ പലിശ നിരക്കുകൾ ഉയരും

ഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ കൂട്ടിയേക്കും.

പണപ്പെരുപ്പം നാലുശതമാനത്തില്‍ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിലവില്‍ ആറുശതമാനത്തില്‍ താഴെയാണ് പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാമത്തെ പാദമാവുമ്പോഴെയ്ക്കും പണപ്പെരുപ്പനിരക്ക് ശരാശരി 5.6 ശതമാനമായി താഴുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അവസ്ഥയല്ല ഇന്ന് നിലനില്‍ക്കുന്നത്. പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ലക്ഷ്യമിട്ട നിലയിലേക്ക് പണപ്പെരുപ്പനിരക്ക് ഇനിയും എത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്‌ളൈയിംഗ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. റൺവേയ്ക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാറില്ല.

കുഞ്ഞിനെ വരവേറ്റ് സഹദും സിയയും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ

കുഞ്ഞിനെ വരവേറ്റ് സഹദും സിയയും; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ട്രാൻസ്മെൻ സഹദ് കുഞ്ഞിന് ജന്മം നൽകി.

മാർച്ച് നാലിനാണ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ഷുഗര്‍ കൂടിയതിനെത്തുടര്‍ന്ന് നേരത്തെ അഡ്മിറ്റാവുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ലിം​ഗം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അമ്മ സിയ പറഞ്ഞു.
ഭർത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച സിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റായ വിവരവും സിയ ഇൻസ്റ്റ​ഗ്രാം ലൈവിലെത്തി അറിയിച്ചു. പിന്നാലെയാണ് കുഞ്ഞ് പിറന്ന സന്തോഷവാർത്തയും എത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വസനത്തിനായി ഏര്‍പ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി. ഉമ്മന്‍ചാണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ചു. തുടര്‍ ചികിത്സയ്ക്ക് ഇന്ന് ബംഗലൂരുവിലേക്ക് മാറ്റില്ലെന്നും ഡോക്ടര്‍ മഞ്ജു അറിയിച്ചു.
നല്‍കുന്ന ആന്റിബയോട്ടിക് മരുന്നുകളോട് ഉമ്മന്‍ചാണ്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. ന്യൂമോണിയ നല്ലരീതിയില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തുമ്പോള്‍ പനിയും ശ്വാസം മുട്ടുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പനിയോ മറ്റു ബുദ്ധിമുട്ടുകളോ വന്നിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണസുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്.

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരെയും തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിലവിലെ അസുഖം പൂര്‍ണമായും ഭേദമായശേഷം തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോകാമെന്നാണ് കുടുംബവും സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളതെന്നും ഡോക്ടര്‍ അറിയിച്ചു. ആശുപത്രി മാറ്റം ഉടന്‍ ഉണ്ടായേക്കില്ല.

ഉമ്മന്‍ചാണ്ടിയെ ഇന്ന് കൊണ്ടുപോകാന്‍ സാധ്യത കുറവാണ്. 48 മണിക്കൂറിനകം വളരെ നല്ല നിലയില്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ നല്‍കി വരുന്ന ചികിത്സകള്‍ സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. അവര്‍ ഏതാനും മരുന്നുകളും നിര്‍ദേശിച്ചിട്ടുണ്ട്. അതും പാലിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി, ആരോഗ്യവകുപ്പിനെയും സര്‍ക്കാരിനെയും അറിയിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.