ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉദിയൻകുളങ്ങര കൊച്ചുകോട്ടുകോണം സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്ലാമൂട്ടുകട തോട്ടിൻ കരയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ കാറില്‍ നിന്ന് ഇറങ്ങവെ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ ഗോപാല്‍ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

ഇതിനിടെ ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസമർദ്ദത്തിന് മരുന്ന കഴിക്കുന്നുണ്ടായിരുന്നുവെന്നുമാണ് ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഭർത്താവിന് ഉണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ലെന്നാണ് ഭാര്യയുടെ പ്രതികരണം.

വന്യമൃഗങ്ങളുടെ ശല്യം തടയാൻ പ്രത്യേക സ്കീം, കർഷകരുടെ കുടിശിക വിതരണത്തിന് 4 കോടി 77 ലക്ഷം: മന്ത്രി പി.പ്രസാദ്

വന്യമൃഗങ്ങളുടെ ശല്യം തടയാൻ പ്രത്യേക സ്കീം, കർഷകരുടെ കുടിശിക വിതരണത്തിന് 4 കോടി 77 ലക്ഷം: മന്ത്രി പി.പ്രസാദ്

വന്യമൃഗങ്ങളുടെ ശല്യം തടയാൻ അടുത്ത സാമ്പത്തിക വർഷം മുതൽ പ്രത്യേക സ്കീം നടപ്പിലാക്കുമെന്നും വന്യ മൃഗങ്ങളുടെ ശല്യം നേരിടാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ അനുവദിച്ചതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാർഷികോത്പന്നങ്ങൾ സംഭരിച്ച വകയിൽ ഡിസംബർ 31 വരെ കർഷകർക്ക് നൽകാനുള്ള കുടിശ്ശികയിനത്തിൽ ഹോർടികോർപ്പിന് 4 കോടി 77 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. നെടുമങ്ങാട് കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ “നെടുമങ്ങാട് സമൃദ്ധി ” എന്ന ബ്രാൻഡിൽ കൃഷി വകുപ്പിൻ്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങും. കരകുളം കൃഷി ഭവന് കീഴിൽ വട്ടപ്പാറ സബ് സെന്ററും തുടങ്ങും. ഇതടക്കം ഏഴ് ഉത്തരവുകൾ കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിക്ക് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി, കർഷകർ ഉന്നയിക്കുന്ന പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനാണ് കൃഷി ദർശൻ പരിപാടി ആസൂത്രണം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആയിരത്തിലധികം കർഷകരെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. നെടുമങ്ങാട് പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റിന്റെ സമഗ്ര വികസനത്തിന്‌ ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പിലാക്കും. വേൾഡ് മാർക്കറ്റിന്റെ ഫലപ്രദമായ പ്രവർത്തനത്തിനും കർഷകർക്ക് കാലതാമസമില്ലാതെ ഉത്പന്നങ്ങളുടെ വില ലഭിക്കാനും സംഭരിച്ച ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇവിടുത്തെ കോൾഡ് സ്റ്റോറേജ് സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും. കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31ന് മുമ്പ് വിപണിയിലെത്തിക്കും. കേരള അഗ്രോ എന്ന പേരിൽ ഇതിനോടകം 65 ഉത്പ്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ-പൊതു-വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന ‘നെടുമങ്ങാട് സമൃദ്ധി’ പദ്ധതി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാൻ മഞ്ഞൾ, കുരുമുളക്, മാങ്ങ എന്നീ കൃഷികളിലേക്ക് കൂടി കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി.സ്റ്റീഫൻ എം.എൽ.എ, നെടുമങ്ങാട് നഗരസഭാ അധ്യക്ഷ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങളും കർഷകർക്കുള്ള സാമ്പത്തിക സഹായവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

കൃഷി ദർശൻ പരിപാടിയ്ക്ക് സമാപനം കുറിച്ച് നെടുമങ്ങാട് പട്ടണത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഫ്ലാഷ് മോബ്, പരമ്പരാഗത കലാരൂപങ്ങൾ, ചെണ്ട മേളം, ട്രാക്ടറുകൾ തുടങ്ങിയവ അണി നിരന്ന ഘോഷയാത്രയിൽ മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലെ പ്രാദേശിക കൃഷി കൂട്ടായ്മകൾ, കർഷകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം: നാല് ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം: നാല് ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

പോളണ്ട്: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്‍റെ സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളന്‍റിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു. സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തുടങ്ങി. ഒരാഴ്ച മുമ്പ് പാലക്കാട് സ്വദേശി പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമാന സാഹചര്യത്തില്‍ സൂരജിനും ജീവന്‍ നഷ്ടമായത്.

ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി

ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി

തിരുവനന്തപുരം: ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നു പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉണര്‍ത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിവച്ചത്.

യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവ്വകലാശാല. ചിന്താ ജെറോമും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ ആരോപണം പ്രശ്നം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം.

അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവമുണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ(3), അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഷഫീനയും മക്കളും രാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്.

സംഭവം നടക്കുമ്പോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും മാറ്റുക.