ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ കൈ കാറില്‍ കുടുക്കി വലിച്ചിഴച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹി എയിംസിന് സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 47 കാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം. ഡല്‍ഹി എയിംസ് ആശുപത്രിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുനില്‍ക്കുകായിരുന്നു സ്വാതി മലിവാളും മറ്റുള്ളവരും. ഈ സമയത്ത് ഒരു കാര്‍ വന്ന് അവര്‍ക്ക് സമീപം നിര്‍ത്തി. തുടര്‍ന്ന് മോശമായി പെരുമാറുകയും കാറില്‍ കയറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പതിനഞ്ച് മീറ്ററോളം കാര്‍ ഇവരെ വലിച്ചിഴച്ചതായും പൊലീസ് പറയുന്നു.

ഗുണ്ടാ മാഫിയാ ബന്ധം: തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടാ മാഫിയാ ബന്ധം: തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ മാഫിയാ ബന്ധത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുണ്ടകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിരുന്നു.

ജോണ്‍സന്റെ മകളുടെ ജന്മദിന പാര്‍ട്ടി തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചു നടന്നിരുന്നു. ഈ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ക്രിമിനലുകളാണെന്നും രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് ജോണ്‍സന്റെ മേല്‍നോട്ടത്തിലായിരുന്നു.

ഗുണ്ടാ മാഫിയാ ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് നാലു സിഐമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ പൊലീസുകാരും ഗുണ്ടകളും തമ്മിലുള്ള ബന്ധം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം: തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം: തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം. ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ലഭിക്കുക . ഇതിനു മുമ്പ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 8745 സാമൂഹ്യവിരുദ്ധരും ഗുണ്ടകളും; തിരുവനന്തപുരം ജില്ലയ്ക്ക് രണ്ടാം സ്ഥാനം

സംസ്ഥാനത്ത് 8745 സാമൂഹ്യവിരുദ്ധരും ഗുണ്ടകളും; തിരുവനന്തപുരം ജില്ലയ്ക്ക് രണ്ടാം സ്ഥാനം

സംസ്ഥാനത്ത് സാമൂഹിക വിരുദ്ധരും സജീവ ഗുണ്ടകളുമായി 8745 പേര്‍ ഉണ്ടെന്ന് പൊലീസ് കണക്ക്.
പുതുതായി ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1392 പേരടക്കമാണ് കണക്ക്. കൂടുതല്‍ പേര്‍ കോട്ടയത്താണ് 1433. തിരുവനന്തപുരം നഗരമാണ് രണ്ടാമത്. ഇവരെ പിടിക്കാന്‍ സംസ്ഥാനത്താകെ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ 20000 ല്‍ താഴെ.

പഴയ അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട 2893 ഗുണ്ടകളെ ഇനിയും പിടിച്ചിട്ടില്ല. ഇതില്‍ 629 പേര്‍ തലസ്ഥാന നഗരത്തിലാണ്. സംസ്ഥാന ഇന്റലിജന്‍സ് കണക്കില്‍ ഗുണ്ടകളും സാമൂഹികവിരുദ്ധരും 15000 ല്‍ ഏറെയാണ്.

ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി കരസ്ഥമാക്കി വക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർ

ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി കരസ്ഥമാക്കി വക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർ

ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി (കേരള) കരസ്ഥമാക്കി വക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർ. തിരുവനന്തപുരം ചെമ്പഴന്തി ശ്രീ നാരായണ കോളേജ് അസിസ്റ്റന്റ് പ്രഫസർ ഭവ്യാ പ്രകാശാണ് അഭിമാനനേട്ടം കൈവരിച്ചത്.

വക്കം രാമാലയത്തിൽ വി പ്രകാശ് ആർ അനസൂയ ദംബതികളുടെ മകളാണ് ഭവ്യാ. ഹയർ സെക്കണ്ടറി അധ്യാപകൻ സംഗീത് ജോസ് ഭർത്താവും പട്ടം കേന്ദ്രിയവിദ്യാലയം വിദ്യാർത്ഥി സൗരഭ് സംഗീത് പുതുവൽ മകനുമാണ്.

ഡോ. എസ്. കെ പ്രതാപ് (റിട്ട. അസോ. പ്രഫസർ, കൊല്ലം എസ്‌.എൻ കോളേജ്), ഡോ. എസ്. രാജകൃഷ്ണൻ (റിട്ട. പ്രഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്‌സിറ്റി) എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

കെ.വി തോമസിന് ക്യാബിനറ്റ് പദവി; ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു

കെ.വി തോമസിന് ക്യാബിനറ്റ് പദവി; ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി തോമസിന് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. കേരളത്തിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും അടക്കം നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

നിലവില്‍ ഇതേ ജോലികള്‍ക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികള്‍ ഡല്‍ഹിയിലുണ്ട്. ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേര്‍ക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമനം.