സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നങ്കിലും ടൈംടേബിൾ വരാത്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21 നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും തീരും. മുൻവർഷത്തെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ. പ്രധാന വിഷയങ്ങളുടെ തീയതികൾ: പത്താംക്ളാസ് ഫെബ്രുവരി 27: ഇംഗ്ലിഷ്, മാർച്ച് 1: മലയാളം, മാർച്ച് 4: സയൻസ്, മാർച്ച് 13: ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാർച്ച് 17: ഹിന്ദി, മാർച്ച് 21: മാത്ത്സ്.

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകും. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നുമണിക്ക് നിർമാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളൽ. തിരുവാഭരണ ഘോഷയാത്ര 12-ാം തിയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റു

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്ക് മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡ്: ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി

റിപ്പബ്ലിക് ദിന പരേഡ്: ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി

റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചിതിസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും താരത്തെ അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍ താരവും പെലെയാണ്.

ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്. നൂറ്റാണ്ടിന്റെ താരമായി ഫിഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. 1961 ല്‍ ബ്രസീല്‍ പെലെയെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. 1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെയുടെ ജനനം. എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്നാണ് മുഴുവന്‍ പേര്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ. സെലെസ്‌റ്റേ അരാന്റസ് ആണ് അമ്മ. 1956ല്‍ 15-ാം വയസില്‍ ബ്രസീലിന്റെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിലൂടെയാണ് പെലെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. പതിനാറാം വയസ്സില്‍ ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറി. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു മത്സരം. 16 വര്‍ഷവും ഒമ്പത് മാസവുമായിരുന്നു പ്രായം. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958ല്‍ പെലെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി പെലെ വരവറിയിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് ബ്രസീല്‍ കിരീടവും നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.

ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. നാലു ലോകകപ്പുകളിലാണ് പെലെ ബ്രസീലിനായി കളിച്ചത്. 1958, 1962, 1966, 1970 ലോകകപ്പുകളില്‍. 1962 ലും പെലെയുടെ ബ്രസീല്‍ കിരീടം നേടി. 1970 ലോകകപ്പില്‍ പെലെ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

അന്താരാഷ്ട്ര കരിയറില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടി. 1977 ഒക്ടോബര്‍ ഒന്നിന് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള കളിയായിരുന്നു പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരം. ഫിഫ പ്ലെയര്‍ ഓഫ് ദ സെഞ്ചുറി, ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004, ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ തുടങ്ങിയ ബഹുമതികളും പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.