by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പൊതുവിൽപ്പന നികുതി ബിൽ വ്യാഴാഴ്ച നിയമസഭ പാസാക്കി. ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും. പരമാവധി വില 20 രൂപയാണ് വർധിക്കുന്നത്.
മദ്യത്തിന് വലിയ രീതിയിൽ വില വർദ്ധനവ് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. ചില ബ്രാൻഡുകൾക്ക് വില വർധിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നാലു ശതമാനം നികുതി കൂട്ടുമെങ്കിലും ഫലത്തിൽ വിലയിൽ രണ്ടു ശതമാനം മാത്രമേ കൂടുകയുള്ളൂ. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുക. ഒരെണ്ണത്തിനാണ് 20 രൂപ കൂടുന്നത്.

ചില ബ്രാൻഡുകൾക്ക് വില കൂടില്ല – മന്ത്രി ബാലഗോപാൽ പറഞ്ഞു. നികുതി വർദ്ധനവ് വഴി ഒൻപത് ബ്രാൻഡ് മദ്യത്തിനാണ് വിലവ്യത്യാസമുണ്ടാകുന്നതെന്നും അത്ര വലിയ വർദ്ധനവ് പ്രകടമാകില്ല എന്നും പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, മദ്യ വില വർദ്ധനവിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചു. മദ്യക്കമ്പനികൾക്കായാണ് വിലവർദ്ധനവ് നടപ്പിലാക്കിയത് എന്നാണ് പ്രതിപക്ഷ ആരോപണം. സ്പിരിറ്റ് വില വർദ്ധന മൂലം വിൽപ്പന കുറഞ്ഞ വകയിൽ സംസ്ഥാന ഗജനാവിന് 15 ദിവസം കൊണ്ട് 80 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനിച്ച നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് വഴി ജനുവരി ഒന്ന് മുതലാണ് മദ്യ ബ്രാൻഡുകൾക്ക് വില വർദ്ധനവ് ഉണ്ടാവുക.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസം! കോഴിക്കോട് മെഡിക്കൽ കോളജിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പിൽ പൊലീസിൽ പരാതി നൽകി. പ്രവേശന പരീക്ഷാ യോഗ്യ പോലും ഇല്ലാത്ത മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിദ്യാർത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നത്. സാമൂഹിക മാധ്യമങ്ങളിൽ തനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയാണ് വിദ്യാർത്ഥിനി ക്ലാസിൽ ഇരുന്നത്.

നവംബർ 29നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ആകെ പ്രവേശനം നേടിയത്. ഇവർക്കൊപ്പമാണ് പ്ലസ് ടു വിദ്യാർത്ഥിനിയും കടന്നുകൂടിയത്. കുട്ടിയുടെ പേര് ഹജർ പട്ടികയിലുണ്ട്. എന്നാൽ പ്രവേശന രജിസ്റ്ററിൽ ഇല്ല. വിദ്യാർത്ഥിനിയുടെ പേര് എങ്ങനെ ഹാജർ പട്ടികയിൽ ഉൾപ്പെട്ടു എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ( 78) ആണ് മരിച്ചത്. ദര്‍ശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്‌സില്‍ കാത്തുനില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിൽ കായിക പ്രതിഭകളുടെ മിന്നും പ്രകടനങ്ങളുമായി ആദ്യ ദിനം. പുരുഷ- വനിതാ വിഭാഗങ്ങളുടെ നീന്തൽ, ബാസ്ക്കറ്റ് ബോൾ, ചെസ്സ്, ഫുട്ബോൾ, കബഡി, വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങളാണ് നടന്നത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്, മാറനല്ലൂർ കണ്ടല സ്റ്റേഡിയം, പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ മുടവൂർപ്പാറ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങൾ മത്സരാർഥികളുടെ പ്രകടനവും കാണികളുടെ പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ക്രിക്കറ്റ്, അമ്പെയെത്ത്, കളരിപ്പയറ്റ്, തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും.

കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തച്ചോട്ട്കാവ് ജംഗ്ഷൻ മുതൽ മലയിൻകീഴ് വരെ ആവേശ കൂട്ടയോട്ടത്തിൽ എസ്. പി. സി. കേഡറ്റുകൾ, യുവജന ക്ഷേമബോർഡ് പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബോയ്സ് എച്ച് എസ് എസ്സിൽ പ്ലസ് വൺ കുട്ടികൾക്കായി സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും ഹയർസെക്കൻഡറി ഡയറക്ടറേറ്റും സംയുക്തമായി ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സേഫ്റ്റി അവയർനസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലാസും ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും നൽകി.

സ്കൂളിലെ സൗഹൃദ, എൻഎസ്എസ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അജിത എസ് പരിപാടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ രീതിയിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ സുരക്ഷാ രഥത്തിലാണ് ക്ലാസുകൾ നടന്നത്. സിയാദ്, സ്റ്റേറ്റ് കോർഡിനേറ്റർ, സുരക്ഷാ രഥം ഓഫീസർ ഇൻ ചാർജ്, ഓക്യുപേഷണൽ സേഫ്റ്റി ഹെൽത്ത് ട്രെയിനിങ്, ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്.
ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം.

പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടോ, വൃത്തിഹീനമായിട്ടാണോ പാചകം, കൃത്യമായ രീതിയില്‍ മാലിന്യം നിര്‍മാര്‍ജനം നടത്തുന്നുണ്ടോ, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തുന്നത്. തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ നല്ല ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ എട്ടിനു നടന്ന പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. സന്തോഷ് നേതൃത്വം നല്‍കി. സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ എസ്. വിനീത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. ഗോപകുമാര്‍, എസ്.കെ. പ്രദീപ്, എസ്. ഷൈന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Recent Comments