വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ മാരകമായി ആക്രമിച്ചു കടലിൽ തള്ളി

വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ മാരകമായി ആക്രമിച്ചു കടലിൽ തള്ളി

വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ അഞ്ച് അംഗസംഘം മാരകമായി ആക്രമിച്ചു കടലിൽ തള്ളി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമൽ (22) ആണ് ഗുരുതരമായ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാത്രി 9 മണിയോടു കൂടി അക്രമിസംഘം റിസോർട്ടിന് സമീപത്ത് എത്തി ബഹളം വയ്ക്കുകയും, അസഭ്യം വിളിക്കുകയും തുടർന്ന് അമൽ എന്താണ് സംഭവം എന്ന് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ജീവനക്കാരനായ അമലിനെ ആക്രമിച്ചത്. റിസോർട്ടിന്റെ സമീപത്തുനിന്നും വലിച്ചിഴച്ച് കടൽത്തീരത്ത് കൊണ്ടുപോയിയായിരുന്നു ആക്രമണം. ബിയർ കുപ്പികൾ ഉപയോഗിച്ച് തലയ്ക്കും ദേഹത്തും അടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.

തലപൊട്ടി രക്തം വാർന്നു കിടന്ന അമലിനെ കടൽതീരത്ത് മണലിൽ പുതപ്പിച്ച ശേഷമാണ് അക്രമികൾ പിരിഞ്ഞുപോയത്. അക്രമികളിൽ ഒരാൾ ഇതേ റിസോർട്ടിലെ മുൻജീവനക്കാരനായിരുന്നു. ബോധരഹിതനായി മണലിൽ പുതഞ്ഞു കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വർക്കല പോലീസ് അക്രമികളിൽ ഒരാളിനെ കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് ദേശീയപാതയിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്‍ടു വിദ്യാർത്ഥിനിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു.

തലശ്ശേരിയിൽ ആറ് വയസുകാരന് ക്രൂരമര്‍ദനം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തലശ്ശേരിയിൽ ആറ് വയസുകാരന് ക്രൂരമര്‍ദനം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ തലശേരി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനായ പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പോലീസ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരന്‍ ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു.

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി. ബൈജൂസുമായി മെസ്സി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.

ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്.

കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നു. തിരുവനന്തപുരം കുഞ്ചാലുംമൂട് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് 2 ആണ് പരിശോധന നടത്തിയത്. ജില്ലാ രജിസ്ട്രാർ, കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ഒഫിഷ്യൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വിജിലൻസ് മിനൽ പരിശോധനക്ക് എത്തിയത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും കണ്ടെത്തി.

ഓഫീസിലെ രജിസ്റ്റർ സൂക്ഷിക്കുന്നിടത്ത് പഴയ രജിസ്റ്ററിൽ നിന്ന് 2050 രൂപയും ,പാർട്ട് ടൈം സ്വീപ്പർ മലയം അൾത്താര വീട്ടിൽ ആൽഫ്രഡ് 53 ൻ്റെ പഴ്സിൽ നിന്നും 8850 രൂപയും പാൻറ്റിൽ റബ്ബർ ബാൻഡ് കെട്ടി സൂക്ഷിച്ചിരുന്ന 20000 രൂപയും സ്ഥലത്തുണ്ടായിരുന്ന ആധാരം എഴുത്തുകാരനും മുൻ സബ് രജസ്ട്രാർ ഓഫീസറും ആയ മോഹനൻ ചെട്ടിയാരിൽ നിന്നും 24500 രൂപയും സംഘം പിടിച്ചെടുത്തു. അതേസമയം പിടിച്ചെടുത്ത തുക ഏതുതരത്തിലാണ് എന്നതും ഇതിൻറെ ഉറവിടവും സംഘം പരിശോധിക്കുന്നു. അതോടൊപ്പം ബാങ്ക് എ ടി എം ഇടപാടുകളും സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നു. മൂന്നുമണിയോടെയാണ് സംഘം പരിശോധനയ്ക്ക് എത്തിയത് വൈകിയും പരിശോധന തുടരുകയാണ്.

എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സലിംകുമാർ ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, മോഹൻ കുമാർ,എസ്സ് സി പി ഒ സാബു, സതീഷ്, സുമന്ത് മഹേഷ്, സജി മോഹന്, സൈജു, റാം കുമാർ, വനിത സി പി ഒ ശുഭലക്ഷ്മി, സി പി അനന്തു, ഷിജിൻ ദാസ്, സാക്ഷി മുരുക്കുമ്പുഴ സബ് രജിസ്ട്രാർ ഓഫീസർ അറാഫത്ത് എന്നിവർ പ്രത്യേക സംഘത്തിലുണ്ട്.

കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത്

കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത്

കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഇൻഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇൻഡ്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൽ അവതരിപ്പിക്കും. ഇൻഡീ സംഗീതത്തിൻ്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇൻഡീ മാഗസിന്റെ സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ഇൻഡീ മൂസിക് ഫെസ്റ്റിവൽ (ഐ ഐ എം എഫ്) സംഘടിപ്പിക്കുന്നത്.

മ്യൂസിക് ബാൻഡുകൾ സ്വന്തമായി ഗാനങ്ങൾ രചിച്ചു സംഗീതം പകർന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇൻഡീ മ്യൂസിക്. ഈ രംഗത്ത് രാജ്യത്തേതന്നെ ആദ്യത്തെതും പ്രമുഖവുമായ മേളയാണ് ഐഐം‌എഫെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവവും നാടകോത്സവവും ഒക്കെപ്പോലെ സംഗീതരംഗത്തെ കേരളത്തിൻ്റെ പ്രതിവർഷമേളയ്ക്ക് ഇതോടെ തുടക്കമാകുകയാണ്.

റോക് സംഗീതേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവൻ യുകെയിലെ വിഖ്യാതനായ വിൽ ജോൺസ്, അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി, മറ്റൊരു ബ്രിട്ടിഷ് ബാൻഡായ റെയ്ൻ, മലേഷ്യയിൽനിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്‌ലോം, സിംഗപ്പൂരിൽനിന്നു രുദ്ര, ഇറ്റലിയിൽനിന്ന് റോക് ഫ്ലവേഴ്സ് എന്നീ ബാൻഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയ സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ഗായകരാണിവർ.

പങ്കെടുക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ്, ആർക്ലിഫ്, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം, സ്ക്രീൻ 6, സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ്, ഊരാളി, ജോബ് കുര്യൻ, കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നർ സാങ്റ്റം, ദേവൻ ഏകാംബരം എന്നിവയാണ്.

ആകെ 21 ബാൻഡ്. ദിവസം നാലും അഞ്ചും അവതരണങ്ങൾ. വിദേശീയഗായകരുടെയും ഇൻഡീ മ്യൂസിക്കിൻ്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. ലോകത്തെ പ്രമുഖ ഗായകരെ പരിചയപ്പെടാനും അവർക്കൊപ്പം വാദ്യോപകരണങ്ങൾ വായിക്കാനും അതുവഴി ആഗോളതലത്തിലേക്ക് ഉയരാനും ഇൻഡ്യയിലെ കലാകാരന്മാർക്ക് അവസരം ഒരുക്കുന്നതുകൂടിയാണു മേള. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതൽ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെ ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആർട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാങ്ങാം. ബുക്കിങ് നവംബർ 6-ന് അവസാനിക്കും. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.

ലിബറേഷൻ എന്ന തീമിൽ ഊന്നി ക്രാഫ്റ്റ് വില്ലേജ് വളപ്പിൽ ഒരു ഡസൻ ഇൻസ്റ്റലേഷനുകളും സ്റ്റേജും ഗേറ്റുമൊക്കെ ഐഐ‌എം‌എഫിനായി ഒരുക്കുന്നുണ്ട്. പ്രമുഖ ആർക്കിടെക്റ്റുകളായ എൻ‌എ പ്ലസ് ആണ് ഇവ ഒരുക്കുന്നത്. ലോകമെങ്ങും പ്രചാരമുള്ള ഇൻഡീ മ്യൂസിക് സംസ്ക്കാരം നമ്മുടെ നാട്ടിൽ ബാല്യദശയിലാണെന്നും അതിനെ ടൂറിസം വികസനത്തിനും കലാസാംസ്ക്കാരികവൈവിദ്ധ്യവത്ക്കരണത്തിനും വിനോദവ്യവസായത്തിനും വളരെയേറെ പ്രയോജനപ്പെടുമാറു പരിപോഷിപ്പിക്കാനും രാജ്യാന്തരനിലവാരം പകരാനും കഴിയുന്ന തരത്തിലാണ് ഐഐ‌എംഎഫ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്രാഫ്റ്റ്സ് വില്ലേജ് സിഒ‌ഒ ശ്രീപ്രസാദ് പറഞ്ഞു. ഇത്തരമൊരു രാജ്യാന്തരമേള പ്രതിവർഷപരിപാടി ആകുന്നത് ടൂറിസം ഭൂപടത്തിലെ കേരളത്തിന്റെ പദവി കൂടുതൽ ഉയർത്തുമെന്ന് ലേസീ ഇൻഡീ മാഗസീൻ എഡിറ്ററും ഗായകനുമായ ജേ അഭിപ്രായപ്പെട്ടു. ക്രാഫ്റ്റ്സ് വില്ലേജ് ബിസിനസ് ഡെവലപ്‌മെൻ്റ് മാനേജർ സതീഷ് കുമാറും ലേസി ഇൻഡി സിഒഒ റ്റി. എൻ. മനോജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.