വിവാഹപ്പിറ്റേന്ന് നവവധു വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

വിവാഹപ്പിറ്റേന്ന് നവവധു വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

പാലക്കാട്: വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. അതേസമയം മരണകാരണം അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നന്ദിനിയുടെ ഇഷ്ടപ്രകാരമാണ് വിവാഹം നടത്തിയത്. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരന്‍ താമസിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നന്ദിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 5.30 ഓടെ സമീപത്തെ തോട്ടത്തില്‍ നന്ദിനിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല. ചാണകത്തില്‍ കലര്‍ത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

കൊച്ചി: ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഈ ഘട്ടത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി എല്‍ദോസ് കുന്നപ്പിള്ളിക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു. ദീര്‍ഘകാലത്തെ ബന്ധത്തിനിടയില്‍ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. ഇതിനിടെ എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍, അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുമായി കേരള സര്‍ക്കാര്‍

സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുമായി കേരള സര്‍ക്കാര്‍. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇന്ന് ചര്‍ച്ച നടത്തും. ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതയാണ് കേരള സര്‍ക്കാര്‍ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുമായാണ് ചര്‍ച്ച. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തെ അരിവിലയിൽ ക്രമാതീതമായ വർധന ഉണ്ടായതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. വില നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും. ഒരു കിലോ ജയ അരിയുടെ വില 35 രൂപയിൽ നിന്ന് 60രൂപയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയർന്നു. .

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ‍ർഷം ശക്തമാകുക. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു.

ഇതിന്റെയെല്ലാം സ്വാധീനഫലമായി നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നൽ / മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രീം കോടതി

ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നതു വിലക്കി സുപ്രീം കോടതി ഉത്തരവ്. ഇന്നും ഇത്തരം പ്രാകൃതമായ പരിശോധനകള്‍ തുടരുന്നു എന്നത് ഖേദകരമാണെന്ന് കോടതി പറഞ്ഞു. പുരുഷാധിപത്യ മനോഘടനയില്‍നിന്നാണ് ഇത്തരം പരിശോധനകള്‍ ഉണ്ടാവുന്നതെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോലിയും അഭിപ്രായപ്പെട്ടു. രണ്ടു വിരല്‍ പരിശോധന നടത്തരുതെന്ന് നേരത്തെയും കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. യഥാര്‍ഥത്തില്‍ അത് ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ ആളെ വീണ്ടും ഇരയാക്കുകയാണ്, വീണ്ടും ട്രോമയിലേക്കു തള്ളിവിടുകയാണ്. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ഈ പരിശോധനയ്ക്കു പിന്നില്‍.

തെലങ്കാനയില്‍ ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു, സുപ്രീം കോടതി. ബലാത്സംഗ കേസില്‍ സ്ത്രീയുടെ മൊഴിയുടെ സാധുതയ്ക്ക് അവരുടെ ലൈംഗിക ചരിത്രവുമായി ബന്ധമില്ല. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടനയാണ്- കോടതി ചൂണ്ടിക്കാട്ടി.രണ്ടു വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ പെരുമാറ്റ ദൂഷ്യത്തിനു നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്ന് കോടതി പറഞ്ഞു.

‘പ്രകാശം പരക്കട്ടെ’ ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയും ഫ്ലാഷ് മോബുമായി ചെമ്പൂര് എൽ പി എസിലെ കുരുന്നുകൾ

‘പ്രകാശം പരക്കട്ടെ’ ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയും ഫ്ലാഷ് മോബുമായി ചെമ്പൂര് എൽ പി എസിലെ കുരുന്നുകൾ

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ചെമ്പൂര് എൽ പി എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു.
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ലഹരി വിരുദ്ധ വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമായി കുട്ടികളണി നിരന്നു. ലഹരിയ്ക്കെതിരെയുള്ള മുദ്രാ ഗീതങ്ങളുമായ് നാടുണർത്തിയുള്ള റാലിയുടെ സമാപനത്തിൽ കുട്ടികളും മുതിർന്നവരും ലഹരി വിരുദ്ധ വാചകങ്ങളെഴുതി ലഹരിവിരുദ്ധ ക്യാൻവാസ് തയ്യാറാക്കി. തുടർന്ന് കുട്ടികൾ മുദാക്കൽ പഞ്ചായത്തിലെ വിവിധ ജംഗ്ഷനുകളിലും ഇളമ്പ എച്ച് എസ് എസ് ഉൾപ്പെടെയുള്ള സ്കൂളുകളിലും ക്യാമ്പയിൻ്റെ ഭാഗമായുള്ള ഫ്ലാഷ് മോബവതരിപ്പിച്ചു. കുട്ടികൾ നാട്ടുകാരോട് ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.

പൊതുജനങ്ങൾക്കും, വാഹനങ്ങളിലെ യാത്രാക്കാർക്കും ലഹരി വിരുദ്ധ വാചകങ്ങൾ എഴുതിയ സ്ലിപ്പുകൾ വിതരണം ചെയ്തു. പ്രകാശം പരക്കട്ടെ ക്യാമ്പയിൻ്റെ ഭാഗമായി നവംബർ 1 കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്. പ്രഥമാധ്യാപിക ജാസ്മിൻ, പി.ടി.എ പ്രസിഡൻറ് പ്രവീൺ ഹരിശ്രീ, രാജേഷ് മയിൽ പീലി, ദിനേശ് ചെമ്പൂര്, മോഹനൻ, മറ്റ് സാംസ്കാരിക സംഘടനകളുടെ പ്രതിനിധിക അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് പ്രകാശം പരക്കട്ടെ ക്യാമ്പയിൻ്റെ ഭാഗമായി ചെമ്പൂര് എൽ പി എസിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്.