വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പെരിങ്ങമ്മല ഈയ്യക്കോട് ലതയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിൽ കോഴിയ്ക്ക് തീറ്റ നൽകാൻ വീടിനോട് ചേർന്ന് കോഴിപ്പുരയിൽ ചെന്നപ്പോൾ ഒരു കോഴി ചത്തു കിടക്കുന്നത് കണ്ടു. തുടർന്ന് കോഴിക്കൂട്ടിനകത്ത് കണ്ട പെരുമ്പാമ്പിന്റെ വായിൽ മറ്റൊരു കോഴി. ഉടൻ വനം വകുപ്പിന്റെ താല്കാലിക ജീവനക്കാരൻ ജയപ്രകാശ് എത്തി പെരുമ്പാമ്പിനെ പിടികൂടി ഉൾവനത്തിൽ വിട്ടു. ആൺ ഇനത്തിൽപ്പെട്ട 30 kg ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

പോളിടെക്‌നിക്കുകളിലെ ഒഴിവുകള്‍: സ്‌പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍

പോളിടെക്‌നിക്കുകളിലെ ഒഴിവുകള്‍: സ്‌പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിലെ ഒഴിവുകളിലേക്ക് സ്ഥാപന അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍. ഈ മാസം 22 വരെയാണ് സ്‌പോട്ട് അഡ്മിഷന്‍. അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) പങ്കെടുക്കാം.

ഒഴിവുകള്‍ www.polyadmission.org ലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.

കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും; 1072 വോട്ടുകളുമായി ശശി തരൂർ

കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും; 1072 വോട്ടുകളുമായി ശശി തരൂർ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് സമയത്ത് വോട്ട‍ർ പട്ടികയിൽ പേരില്ലാത്തവരും ലഖ്‍നൗവിൽ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതി. ഒപ്പം ബാലറ്റ് പെട്ടി സീൽ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും ശശി തരൂ‍ർ പരാതിയായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം പക്ഷേ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന്റെ ഫലം പുറത്തു വന്നത്. 10 ശതമാനം വോട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന തരൂരിന് 12 ശതമാനം വോട്ട് നേടാനായത് വിജയമായി.

കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ സംഭവം; നരഹത്യ വകുപ്പ് ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ

കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ സംഭവം; നരഹത്യ വകുപ്പ് ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇനി 304 വകുപ്പ് പ്രകാരം, വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും. കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീ റാം വെങ്കിട്ടരാമന്‍റെ ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും.
ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീരു കോരൽ ചടങ്ങ് ഇന്നലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടത്തി. ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീരു കോരിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനു കൈമാറി. നവധാന്യങ്ങൾ മുളപ്പിയ്ക്കാനായി സൂക്ഷിച്ചു. കൊടിയേറ്റു ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും. ചടങ്ങിൽ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ബി. സുരേഷ്കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശപൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും. 22 ന് ബ്രഹ്മ കലശാഭിഷേകം. 23 ന് രാവിലെ 8.30 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവാമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റും. 30 ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക. 31-ന് രാത്രി 8.30 ന് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പള്ളിവേട്ട. നവംബർ ഒന്നിന് വൈകിട്ട് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിയ്ക്കും. വിമാനത്താവളത്തിനുള്ളിലൂടെ ശംഖുമുഖത്തേയ്ക്കാണ് ഘോഷയയാത്ര. ഇവിടെ കടവി ലെ ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേതത്തിലെത്തും. ആറാട്ടു കലശത്തോടെ ഉത്സവം സമാപിക്കും.

വിഷമദ്യ കേസിലെ പ്രതി മണിച്ചന് മോചനം; പിഴത്തുക ഒഴിവാക്കി സുപ്രീംകോടതി

വിഷമദ്യ കേസിലെ പ്രതി മണിച്ചന് മോചനം; പിഴത്തുക ഒഴിവാക്കി സുപ്രീംകോടതി

വിഷമദ്യ കേസിലെ പ്രതി മണിച്ചന് മോചനം. പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി മണിച്ചനെ ഉടൻ വിട്ടയക്കണമെന്നും നിർദേശിച്ചു. ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ നിർദേശമാണ് കോടതി ഒഴിവാക്കിയിരിക്കുന്നത്.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരാൾക്ക് പിഴ നൽകാൻ കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ എങ്ങനെ ദീർഘകാലമായി ജയിലിലിടാനാകുമെന്ന് കോടതി ചോദിച്ചു. ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണെന്നും കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.