വർക്കല സബ് ട്രഷറിയ്ക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

വർക്കല സബ് ട്രഷറിയ്ക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

വർക്കല സബ് ട്രഷറിയ്ക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. വർക്കല എംഎൽഎ അഡ്വ.വി.ജോയ് അധ്യക്ഷത വഹിച്ചു. രണ്ടു കോടി രൂപ ചിലവഴിച്ചാണ് പ്രസ്തുത കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വരുന്നതോടുകൂടി ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കഴിയുമെന്ന് എംഎൽഎ അറിയിച്ചു.



നിലവിൽ സബ് ട്രഷറി പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിലാണ്. വർക്കല സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം എന്ന ദീർഘനാളായ ആവശ്യം സാക്ഷാത്കരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ സ്വാഗതവും ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എഫ് ബെന്നി റിപ്പോർട്ട് അവതരിപ്പിച്ചു.

അടൂർ പ്രകാശ് എംപി, ഒ.എസ്. അംബിക എംഎൽഎ, നഗരസഭാ ചെയർമാൻ കെ.എം.ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ ,പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ്, എസ് ശശികല, പ്രിയങ്ക ബിറിൽ, ഷീജ സുനിൽ, എ. ബാലിക്, സൂര്യ, ബീന, എം, ഹസീന,ബേബി രവീന്ദ്രൻ, വർക്കല നഗരസഭ കൗൺസിലർ രാഗി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കെ യൂസഫ്, മണിലാൽ രഘുനാഥൻ, എ.ഷാജഹാൻ, വിജി, റസ്സലുദ്ദീൻ, അഡ്വ.ബി.രവികുമാർ ,സജീർ കല്ലമ്പലം, അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ, വർക്കല സജീവ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർ പി ആർ സിന്ധു നന്ദി രേഖപ്പെടുത്തി.

സി പി ഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

സി പി ഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

സി പി ഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ഐക്യകണ്ഠേനയാണ് അദ്ദേഹത്തിന്റെ പേര് ദേശീയ കൗൺസിൽ അംഗീകരിച്ചത്. ഡി രാജയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടപ്പോൾ കേരള ഘടകം സെക്രട്ടറി കാനം രാജേന്ദ്രൻ പിൻതാങ്ങുകയും കൗൺസിൽ ഒന്നടങ്കം അംഗീകരിക്കുകയുമായിരുന്നു. 2019 ൽ ആക്ടിംഗ് ജനറൽ സെക്രട്ടറിയായാണ് രാജ സി പി ഐയെ നയിക്കാനെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് അന്ന് ആദ്യമായാണ് ഒരു ദളിത് പ്രതിനിധി എത്തുന്നത്. ഈ സവിശേഷതയും മറ്റ് പാർട്ടികൾക്കിടയിൽ രാജയ്ക്കുളള സർവസമ്മിതിയും രണ്ടാമൂഴത്തിന് പ്രധാന ഘടകമായി. തമിഴ്നാട്ടിലെ വെല്ലൂരിൽ 1949 ജൂൺ മൂന്നിനാണ് ദുരൈസാമി രാജ ജനിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായിട്ടുണ്ട്. 1994 മുതൽ 2019 വരെ ദേശീയ സെക്രട്ടറിയായിരുന്നു.

പേയാടിൽ അപൂർവ്വ ഇനം ഹെഡ്ജ് ഹോഗ് അതിഥിയായി എത്തി

പേയാടിൽ അപൂർവ്വ ഇനം ഹെഡ്ജ് ഹോഗ് അതിഥിയായി എത്തി

പേയാട്: പേയാട് കൈരളി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റായ തിരുവാതിര വീട്ടിൽ സാൻ്റൻ്റെ വീടിനു പരിസരത്ത് നിന്നും അപൂർവ ഇനം ജീവിയെ കണ്ടെത്തി. വലിയ വെള്ള എലിയെന്ന് തോന്നിക്കുകയും എന്നൽ മുള്ളൻ പന്നിയെ പോലെ തോന്നിക്കുകയും ചെയ്യുന്ന ജീവിയെ ആണ് കണ്ടെത്തിയത്. പന്നിയുടെതും എന്നാൽ എലിയുടെതും പോലെ തോന്നുന്ന മുഖവും വായ ഭാഗവും ആണ് ഇതിന്. ചുവന്ന കണ്ണുകളാണ്. ദേഹമാസകലം മുള്ളൻ പന്നിയെ പോലെ മുള്ളുകൾ നിറഞ്ഞ പോലെയാണ് ഈ ജീവി.

ഹെഡ്ജ്ഹോഗുകൾ അഥവാ ഇത്തിൾ പന്നികൾ എന്നറിയപ്പെടുന്ന ജീവിയെ ആണ് പേയാട്
കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഇപ്പോൾ ജീവി മലയിൻകീഴ് പോലീസിൻ്റെ കസ്റ്റഡിയിൽ ആണ്. വളർത്തു ജീവിയിൽപ്പെടുന്ന ഇനം ആണെങ്കിലും ഇതിനെ വനം വകുപ്പിനെ ഏൽപ്പിക്കാനാണ് പോലീസ് തീരുമാനം.
രാത്രികാലങ്ങളിൽ ഇര തേടാൻ ഇറങ്ങുന്ന ഇവകൾ പൊതുവെ മിശ്രഭുക്കുകൾ ആണ്. മനുഷ്യനോട് വളരെ അടുത്ത് ഇടപെഴുകുന്ന ഇവകൾ 5മുതൽ 7 വർഷം വരെ ജീവിച്ചിരിക്കുന്നു.

കെ എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവം; ശ്രീറാമിന്റെയും വഫയുടേയും വിടുതല്‍ ഹര്‍ജികളില്‍ ഇന്ന് വിധി

കെ എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവം; ശ്രീറാമിന്റെയും വഫയുടേയും വിടുതല്‍ ഹര്‍ജികളില്‍ ഇന്ന് വിധി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹര്‍ജികളില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.



താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നും വഫ ആവശ്യപ്പെടുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നാണ് വഫ ഫിറോസ് വ്യക്തമാക്കുന്നത്. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരെയുള്ള കേസ്. അതേസമയം മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നുമാണ് ശ്രീറാമിന്റെ വാദം. ഇത് സാധാരണ വാഹനാപകടം മാത്രമാണെന്നും ശ്രീറാം വാദിക്കുന്നു. എന്നാല്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയ് ക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്താമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്.

പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അസുഖങ്ങൾമൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി കരിക്കമ്പള്ളി വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ.

മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങൾ ഡോ. സ്‌കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാ ശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തിൽ ഏറെ പ്രധാനമാണ്. വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ പ്രധാനപ്പെട്ടവ മലയാള വഴികൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഉദയം പേരൂർ സുന്നഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങി ഗവേഷണ പ്രധാനമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു. ദീർഘ കാലം ചങ്ങനാശ്ശേരി എസ്ബി കോളജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പ് മേധാവിയായിരുന്നു. സംസ്‌കാര പഠനം (കൾച്ചറൽ സ്റ്റഡീസ്) എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തിൽ തുടക്കമിട്ടത് അദ്ദേഹമാണ്. ജർമനി, ഇസ്രയേൽ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേർന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങൾ, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ, ഫോക്ക്‌ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ മുതിർന്ന ഗവേഷകനാണ്. ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ് തുടങ്ങി ഒട്ടേറെ വിദേശ സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം സർവകലാശാലയും അടുത്തിടെ എം.ജി. സർവകലാശാലയും ഡി. ലിറ്റ് നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്. മേരിക്കുട്ടി സ്‌കറിയയാണ് ഭാര്യ.

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം.
1992ലാണ് വിളനിലം കേരള വിസിയായി നിയമിതനായത്. 1996 വരെ വിസിയായി സേവനം അനുഷ്ഠിച്ചു. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് ഡോ. വിളനിലമാണ്.

ഗവേഷണപ്രബന്ധത്തിന് 1975 ല്‍ ജെയിംസ് മാര്‍ഖം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലുമായി വര്‍ഷങ്ങളോളം അധ്യാപനം നടത്തിയിരുന്നു.
1998-ൽ, യുജിസി അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിംഗ് പ്രൊഫസറായും ഡോ. വിളനിലം പ്രവർത്തിച്ചു.എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരപരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു. ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപിച്ചായിരുന്നു സമരം.