കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീന( 29 വയസ്സ്) ഓടിച്ചിരുന്ന ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീ പടർന്നു പിടിക്കുന്നത് കണ്ട് ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസബീവിയും ഇറങ്ങിയോടി. വർക്കലയിൽ നിന്നു വന്ന കാർ കല്ലമ്പലം ദേശീയപാതയിലേക്ക് കയറിയപ്പോഴായിരുന്നു തീ പടർന്നു പിടിച്ചത്.
കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. കല്ലമ്പലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.

മദ്യപിച്ച് ബസ് ഓടിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനനഗരയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനം നിര്‍ബന്ധമാക്കമെന്നും മന്ത്രി പറഞ്ഞിരുന്നു. 

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരിയാനയെ തകർത്ത് കേരളം

ഹരിയാനയെ തകർത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു മൂന്നാം ജയം. ഹരിയാനയ്ക്കെതിരെ മൂന്നു വിക്കറ്റിനാണു കേരളത്തിന്റെ വിജയം. ടോസ് നഷ്ടപ്പെട്ടു ബാറ്റു ചെയ്ത ഹരിയാന ഏഴു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തുകൾ ബാക്കി നിൽക്കെ ഏഴു വിക്കറ്റു നഷ്ടത്തിൽ കേരളം വിജയ റൺസ് കുറിച്ചു.

കേരള ടീമിൽ തിരിച്ചെത്തിയ സഞ്ജുവിനു മത്സരത്തിൽ തിളങ്ങാനായില്ല. നാലു പന്തിൽ മൂന്നു റൺസ് മാത്രമെടുത്താണു സഞ്ജു പുറത്തായത്. ഓപ്പണർമാര്‍ 52 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിനു സമ്മാനിച്ചെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് ഈ മികവ് പിന്തുടരാനായില്ല. മുഹമ്മദ് അസ്ഹറുദ്ദീൻ (11 പന്തിൽ 13), സച്ചിൻ ബേബി (ആറ് പന്തിൽ നാല്), കൃഷ്ണപ്രസാദ് (14 പന്തിൽ ഒൻപത്), സിജോ മോൻ ജോസഫ് (16 പന്തിൽ 13) എന്നീ മധ്യനിര താരങ്ങൾക്കു മികച്ച പ്രകടനം നടത്താനായില്ല. കേരളത്തിനായി പി.എ. അബ്ദുൽ ബാസിത്ത് (15 പന്തിൽ 27), രോഹൻ എസ്. കുന്നുമ്മൽ (18 പന്തിൽ 26), വിഷ്ണു വിനോദ് (26 പന്തിൽ 25) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി. ടൂർണമെന്റിൽ സഞ്ജു സാംസണിന്റെ കീഴിൽ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ അരുണാചൽ, കർണാടക ടീമുകൾക്കെതിരെ കേരളത്തെ നയിച്ചത് സച്ചിൻ ബേബിയായിരുന്നു.

വാലറ്റത്ത് പി.എ അബ്ദുൽ ബാസിത്ത് നടത്തിയ ചെറുത്തു നിൽപാണ് ഒരോവർ ബാക്കി നിൽക്കെ കേരളത്തിനു വിജയം കൊണ്ടുവന്നത്. 15 പന്തുകൾ നേരിട്ട താരം 27 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മൂന്നു ഫോറും ഒരു സിക്സുമാണു താരം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹരിയാനയെ സുമിത് കുമാർ (23 പന്തിൽ 30), ജയന്ത് യാദവ് (25 പന്തില്‍ 39) എന്നിവർ ചേർന്നാണു നൂറു കടത്തിയത്. പ്രമോദ് ചാണ്ടില 33 പന്തിൽ 24 റൺസെടുത്തു പുറത്തായി.

പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസിന്റെ വാട്‌സ്ആപ്പ് സന്ദേശം

പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസിന്റെ വാട്‌സ്ആപ്പ് സന്ദേശം

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചു. പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്നും എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷിക്ക് ഇന്നലെ പുലര്‍ച്ചെ 2.30 നാണ് എല്‍ദോസ് സന്ദേശമയച്ചത്. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും’ വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.

കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎല്‍എയുടെ പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് കേസിലെ സാക്ഷിക്ക് വാട്‌സ് ആപ്പ് വഴി ഭീഷണി സന്ദേശം അഅയച്ചിരിക്കുന്നത്. പരാതിക്കാരിയായ അധ്യാപികയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് ഈ സാക്ഷിയാണ്. എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.

കണ്ണൂരിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

കണ്ണൂരിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

കണ്ണൂർ കൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ വാഹനാപകടം. ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡ്രൈവറും ഫയർഫോഴ്സുമൊക്കെ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്കാണ് ലോറി മറിഞ്ഞുവീണത്. അത് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ലോറിയുടെ ഡ്രൈവർ ക്യാബിൻ പൊളിച്ചേ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയൂ. പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.