സംസ്ഥാന സാക്ഷരതാ മിഷന്റെ ‘അച്ഛി ഹിന്ദി കോഴ്സ്’ പഠിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ത്രിഭാഷാ കോഴ്സുകളിലൊന്നായ അച്ഛി ഹിന്ദി കോഴ്സ് ഈ വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഭാഷ പഠിക്കാൻ താൽപര്യമുള്ള നഗരസഭാ പരിധിയിലുള്ള 30 പേർക്കാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. 2500 രൂപ ഒരാൾക്ക് ചിലവു വരുന്ന കോഴ്സ് പ്രോജക്ട് പ്രകാരം ചേരുന്നവർക്ക് സൗജന്യമായി പഠിക്കാം. സെപ്തംബർ 30 നകം ആദ്യം അഡ്മിഷൻ എടുക്കുന്ന 30 പേർക്ക് ഈ പ്രോജക്ട് വഴി പഠിക്കാവുന്നതാണ്.ഞായറാഴ്ച തോറും ഗേൾസ് സ്കൂളിൽ വച്ചാണ് ക്ലാസ്സ് നടത്തുന്നത്.
രണ്ട് ഫോട്ടോയും ,സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പിയും റേഷൻ കാർഡിന്റെ കോപ്പിയും പഠിതാക്കൾ കൊണ്ട് വരേണ്ടതാണ്

വിശദ വിവരങ്ങൾക്ക്
9446272192- (മിനി രേഖ ജി. ആർ) എന്ന നമ്പരിൽ ബന്ധപ്പെടുക

പ്രണയം നടിച്ച് 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക് 10വർഷം കഠിനതടവിനും, 50,000/-  രൂപ പിഴയും

പ്രണയം നടിച്ച് 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക് 10വർഷം കഠിനതടവിനും, 50,000/- രൂപ പിഴയും

പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തിയും പലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും 16 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കേസിൽ തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിച്ചുവന്നിരുന്ന ഷമീർ എന്ന 32 വയസ്സുകാരനെ 10 വർഷം കഠിനതടവിനും, 50,000/- രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2013 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് സൗഹൃദത്തിലാക്കിയ ശേഷം ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോവുകയും ചെയ്തതാണ് പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നത്. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത് അറിഞ്ഞ പ്രതി അതിജീവിതയെ തമിഴ്നാട്ടിലേക്ക് അതിന് തയ്യാറല്ല എന്ന് അറിയിച്ച സമയം പ്രതി സ്വന്തം വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ആയിരുന്നു. തുടർന്ന് അയിരൂർ പോലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. അതിജീവിതയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ മറ്റൊരു കോടതിയിൽ പ്രതിക്കെതിരെ വിചാരണ നടന്നുവരുന്നതും ആകുന്നു. ആദ്യ വിവാഹബന്ധം മറച്ചു വെച്ചാണ് പ്രതി അതിജീവിതയോട് അടുപ്പം സ്ഥാപിച്ചത്

18 വയസ്സിൽ താഴെയുള്ള കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 10 വർഷം കഠിനതടവും അമ്പതിനായിരം രൂപ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ ഇരുപത്തിഅയ്യായിരം രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമത്തിലെ വകുപ്പ് 3 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായും കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. വർക്കല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. വിനോദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

കനിവ് 108 ആംബുലന്‍സ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കും; മന്ത്രി വീണാ ജോര്‍ജ്

കനിവ് 108 ആംബുലന്‍സ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതാണ്. പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിക്കപ്പെട്ടാല്‍ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലന്‍സ് വരുന്നതിന്റെ വിവരം, ആശുപത്രിയില്‍ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററില്‍ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവര്‍ക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കണ്‍ട്രോള്‍ റൂമില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കനിവ് 108 ആംബുലന്‍സില്‍ വിളിക്കുന്ന ആളിന്റെ ലൊക്കേഷന്‍ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സില്‍ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തില്‍ സ്ഥലത്തെത്താന്‍ സാധിക്കുന്നു.

സേവനം ആരംഭിച്ച് 3 വര്‍ഷം പിന്നിടുമ്പോള്‍ 5,86,723 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. ഇതില്‍ 3,45,447 ട്രിപ്പുകള്‍ കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കോവിഡ് കഴിഞ്ഞാല്‍ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ഓടിയ ട്രിപ്പുകളാണ് അധികം. 42,862 ട്രിപ്പുകളാണ് ഇതില്‍ ഓടിയത്. 34,813 ട്രിപ്പുകള്‍ വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയപ്പോള്‍ 30,758 ട്രിപ്പുകള്‍ മറ്റ് അപകടങ്ങളില്‍ പരിക്ക് പറ്റിയവര്‍ക്ക് വൈദ്യ സഹായം നല്‍കുവാന്‍ വേണ്ടിയായിരുന്നു. ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങള്‍ 27,802, ഉദര സംബന്ധമായ അത്യാഹിതങ്ങള്‍ 21,168, പക്ഷാഘാതം സംബന്ധമായ അത്യാഹിതങ്ങള്‍ 13,790, ജെന്നി സംബന്ധമായ അത്യാഹിതങ്ങള്‍ 9,441, ഗര്‍ഭ സംബന്ധമായ അത്യാഹിതങ്ങള്‍ 8,624, വിഷബാധ സംബന്ധമായ അത്യാഹിതങ്ങള്‍ 7,870, മറ്റ് അത്യാഹിതങ്ങള്‍ 44,148 ഉള്‍പ്പടെ നിരവധി വിവിധ അത്യാഹിതങ്ങളില്‍പ്പെട്ടവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ (84,863) കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 70 പേരുടെ പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

ഓരോ 108 ആംബുലന്‍സും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ചേര്‍ന്നാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങള്‍, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലന്‍സ് വിന്യസിക്കുന്നതാണ് രീതി.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

കോണ്‍ഗ്രസ് നേതൃത്വനിരയിലെ കരുത്തുറ്റ നേതാവാണ് ആര്യാടന്‍. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയില്ല

മികച്ച നടൻ- ജോജു, ബിജു മേനോൻ, നടി രേവതി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

മികച്ച നടൻ- ജോജു, ബിജു മേനോൻ, നടി രേവതി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് മകളാണ് ഏറ്റുവാങ്ങിയത്.

കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണം മലയാള സിനിമ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ഇതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. അത് ഇനിയും വർദ്ധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പട്ടിക

ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം- പുരസ്‍കാരം രണ്ട് ചിത്രങ്ങള്‍ക്ക്

ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍)

സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്)

നടി- രേവതി (ഭൂതകാലം)

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)

ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍

ബാലതാരം (പെണ്‍)- സ്നേഹ അനു (തല)

കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്)

ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി)

തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)

തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി)

ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം)

സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)

സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)

പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)

പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ)

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം)

സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)

ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി)

പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‍റേയ്സ് മീഡിയ വര്‍ക്സ് (ചുരുളി)

മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)

വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2)- കഥാപാത്രം റാണി (മീന)

നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം

നവാഗത സംവിധായകന്‍- കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)

കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍)

വിഷ്വല്‍ എഫക്റ്റ്സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം)

പ്രത്യേക ജൂറി അവാര്‍ഡ്

കഥ, തിരക്കഥ- ഷെറി ഗോവിന്ദന്‍ (അവനോവിലോന)

പ്രത്യേക ജൂറി പരാമര്‍ശം

ജിയോ ബേബി- ഫ്രീഡം ഫൈറ്റ്

രചനാ വിഭാഗം

ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം (ജിതിന്‍ കെ സി)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

ചലച്ചിത്ര ഗ്രന്ഥം- നഷ്‍ട സ്വപ്‍നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)

ചലച്ചിത്ര ഗ്രന്ഥം- ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം കുര്യന്‍)

ചലച്ചിത്ര ലേഖനം- ജോര്‍ജ്കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)

നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്ത്

നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്ത്

സൂപ്പർതാരം നയൻതാരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി ‘ബിയോണ്ട് ദി ഫെയറിടേയ്ൽ’ ടീസർ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാക്കുകളിലൂടെയാണ് വീഡിയോ മുന്നോട്ടു പോകുന്നത്.

നയൻതാരയെക്കുറിച്ച് വാചാലനാവുകയാണ് വിഘ്നേഷ്. സിനിമാതാരം എന്നതിനേക്കാൾ അപ്പുറം മികച്ച മനുഷ്യനാണെന്നാണ് ഭർത്താവിന്റെ വാക്കുകൾ. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നയൻസും പറയുന്നുണ്ട്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘നയൻതാര: ബിയോണ്ട് ദ ഫെയറിടെയില്‍’ താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്. എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.- ​ഗൗതം പറഞ്ഞു. ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു.