പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ചു വീഴ്ത്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ചു വീഴ്ത്തി

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കുമരിച്ചന്തയില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ക്ക് നേരെ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു. 15 പേരടങ്ങുന്ന സംഘമാണ് കട അടപ്പിക്കാനെത്തിയത്. ഇവര്‍ കടയിലെ പഴക്കുലകള്‍ അടക്കം വലിച്ചെറിഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘം പോലീസ് പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘം പോലീസ് പിടിയിൽ

വയനാട്: വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൽപറ്റ പോലീസും സംയുക്തമായി കൽപ്പറ്റ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

പ്രതികളിൽ നിന്നും 12 ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലും കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി കാളങ്ങാടൻ സുബൈറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ, വിരാജ്പേട്ട എന്നിവിടങ്ങളിൽ നിന്ന് ജില്ലയിൽ വിൽപ്പന നടത്താനായി എത്തിച്ച എംഡിഎംഎയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്.

ആനപ്പാപ്പാന്മാർ ആകാനായി പുറപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

ആനപ്പാപ്പാന്മാർ ആകാനായി പുറപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

തൃശൂർ: കുന്നംകുളത്ത് നിന്ന് ആനപ്പാപ്പാന്മാർ ആകാനായി പുറപ്പെട്ട മൂന്ന് കുട്ടികളെ കണ്ടെത്തി. പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരെയാണ് ഇന്ന് വൈകുന്നേരത്തോടെ കാണാതായത്. ആനപ്പാപ്പാന്മാരാകാൻ നാടു വിടുകയാണെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടികൾ പോയത്. തങ്ങളെ തിരഞ്ഞ് പോലീസ് വരേണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു.

നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി

നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി

തിരുവനന്തപുരം: നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. പത്തനംതിട്ട സ്വദേശികളായ നിഷ ആനി വര്‍ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരെ കാണാതായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇവര്‍ ബാംഗ്ലൂരിലേയ്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് അവിടെ നിന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു

ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ, കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.

തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.

സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും.

തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പാലക്കാട്: പാലക്കാട് തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്.