മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം ഇരമ്പുന്നു; ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു

മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം ഇരമ്പുന്നു; ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം പടരുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ് ഇറാനില്‍. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്‌സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പൊലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്‌സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പൊലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു.

തായ്‌വാനിൽ ഭൂചലനം; വൻ നാശനഷ്ടം

തായ്‌വാനിൽ ഭൂചലനം; വൻ നാശനഷ്ടം

തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ടൈറ്റുങ് കൗണ്ടിയാണെന്നും ശനിയാഴ്ച വൈകുന്നേരം അതേ പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

കിഴക്കൻ തായ്‌വാനിലെ ഡോംഗ്‌ലി സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് വണ്ടികൾ പാളം തെറ്റിയെന്ന് തായ്‌വാൻ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു, എന്നാൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. 600-ലധികം ആളുകൾ ചിക്കെ, ലിയുഷിഷി പർവതപ്രദേശങ്ങളിൽ തടസ്സപ്പെട്ട റോഡുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും പരിക്കുകളൊന്നുമില്ലെന്ന് വകുപ്പ് അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയാണ് ഞായറാഴ്ചത്തെ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തായ്‌വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു. യൂലിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് നാലുപേ രക്ഷപ്പെടുത്തി, തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ വീണ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂചലനത്തെത്തുടർന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തായ്‌വാനിൽ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു.

നടി രശ്മി ജയഗോപാൽ അന്തരിച്ചു

നടി രശ്മി ജയഗോപാൽ അന്തരിച്ചു

സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബാംഗ്ലൂരിൽ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാൽ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. പരസ്യ ചിത്രങ്ങളിലൂടെ എത്തിയ രശ്മി സിനിമ-സീരിയൽ അഭിനയത്തിലേയ്ക്ക് കടന്നു. മലയാളത്തിന് പുറമെ ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ‘സത്യം ശിവം സുന്ദരം’ ആയിരുന്നു രശ്മിയുടെ ആദ്യ സീരിയൽ. സൂര്യ ടിവിയിലെ ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ എന്ന സീരിയലിലും രശ്മി അഭിനയിച്ചു. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ.

കൊല്ലത്ത് യുവ അഭിഭാഷകയുടെ ആത്മഹത്യ; ഭർത്താവ് പിടിയിൽ

കൊല്ലത്ത് യുവ അഭിഭാഷകയുടെ ആത്മഹത്യ; ഭർത്താവ് പിടിയിൽ

കൊല്ലം: ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന്‍ ആരോപണമുന്നയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവിലായിരുന്നു. ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനമാണ് ഏല്‍ക്കുന്നത്. ചായക്ക് കടുപ്പം കൂടിയതിന്‍റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു.

ജോലിയുടെ കാര്യത്തിലുള്ള പ്രശ്നങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാല്‍ പോകാന്‍ കണ്ണന്‍ നായര്‍ സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. വലിയ രീതിയിലുള്ള പീഡനത്തിന്‍റെ സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.

വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ് ശ്രീറാം തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹര്‍ജിയില്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരാണ് ശ്രീറാം വെങ്കിട്ടരാമന്‍.

അതേസമയം, കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അതേസമയം കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കില്‍ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് വന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുതെറിപ്പിച്ചത്. തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപമായിരുന്നു സംഭവം. കാറില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.

പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ല. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനില്‍

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനില്‍

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6.30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് ബ്രിട്ടണില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 നു വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കു കൊണ്ടുപോകും. ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം. യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്.

രാത്രി 8മണിക്ക് ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ യു കെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും