വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട; 15 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട; 15 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വർക്കല: വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട. ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96ഗ്രാം എംഡിഎംഎ വർക്കല ഇടവയിൽ വച്ച് ഡാൻസഫ് ടീം പിടിച്ചെടുത്തു. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ ആയി. പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, കല്ലമ്പലം പുതുശ്ശേരി മൂക്ക് സ്വദേശി അർഷാദ്, പെരുമാതുറ സ്വദേശി ഷാഹിൻ, ഞാറായിക്കോണം സ്വദേശി റിയാദ് എന്നിവർ ആണ് അറസ്റ്റിൽ ആയത്.

ആന്ധ്രയിൽ വച്ചു ഇവർ സഞ്ചരിച്ചിരുന്ന വാഹനം കേടാവുകയും തുടർന്ന് നന്നാക്കാൻ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം ബാംഗ്ലൂർ എത്തുകയും അവിടെ നിന്നും ബസ് മാർഗ്ഗം കൊല്ലത്ത് എത്തുകയും ആയിരുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ഇവർ തീരദേശ പാതയിലൂടെ സ്വകാര്യ ബസ്സിൽ കല്ലമ്പലം ഞാറായിക്കോണം എത്തുന്നതിനായി സഞ്ചരിക്കുകയായിരുന്നു. പിന്തുടർന്ന് എത്തിയ ഡാൻസാഫ് ടീം വർക്കല എത്തുന്നതിന് മുന്നേ ഇടവയിൽ വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. നാർകോടിക് സെൽ ഡി വൈ എസ് പി രാസിതിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു ഹക്ക് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെയും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎ അയിരൂർ പോലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗംഭീരമാക്കി ACAC നഗറിലെ ഓണാഘോഷം

ഗംഭീരമാക്കി ACAC നഗറിലെ ഓണാഘോഷം

ആറ്റിങ്ങൽ ACAC നഗറിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ദിവസത്തെ ഓണാഘോഷ പരിപാടികൾ ഇന്നലെ സയോണ ഫാമിലി മ്യൂസിക് ക്ലബ്ബിന്റെ ഗാനമേളയോടെ സമാപിച്ചു. കലാ- കായിക മത്സരങ്ങൾക്ക് പുറമെ പൊതുവിജ്ഞാന ക്വിസ്സ് മത്സരം, കത്ത് എഴുത്ത് മത്സരം, കൈയക്ഷര മത്സരം, ചിത്ര രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.

20 വാർഡ് കൗൺസിലറും ക്ലബ്ബ് പ്രസിഡന്റുമായ എസ്.സുഖിലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളന ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ജിജോ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, യോഗം ഉത്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി വെൽഫയർ ബോർഡ്‌ ചെയർമാൻ ആർ രാമു, വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും സമ്മാനദാനവും നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമെൻ എ.നജാം, കൗൺസിലർ വി. മുരളീധരൻ നായർ, കവി രാധാകൃഷ്ണൻ കുന്നുംപുറം, പ്രശസ്ത സാഹിത്യകാരൻ എം.എം പുരവൂർ, വിനീത, സി. ദേവരാജൻ, എസ്. മനോഹരൻ.എന്നിവർ പ്രധാന അതിഥികൾ ആയിരുന്നു. അനന്തു ആർ. എസ്. യോഗത്തിന് കൃതജ്ഞത അറിയിച്ചു.

കെഎസ്ആർടിസി റെക്കോര്‍ഡ് കളക്ഷൻ നേടി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനത്തിൽ

കെഎസ്ആർടിസി റെക്കോര്‍ഡ് കളക്ഷൻ നേടി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനത്തിൽ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ റെക്കോർഡ് വരുമാനം നേടി കെഎസ്ആർടിസി. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്. സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്), സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്), നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്.

ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96%. ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.

ആസൂത്രണ ബോർഡുകൾക്ക് പകരം സംസ്ഥാനങ്ങളിലും നീതി ആയോ​ഗ്

ആസൂത്രണ ബോർഡുകൾക്ക് പകരം സംസ്ഥാനങ്ങളിലും നീതി ആയോ​ഗ്

ന്യൂഡൽഹി: ആസൂത്രണ ബോർഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നീതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ് നിലവിൽ വരും. വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തിൽ പത്തോളം സംസ്ഥാനങ്ങളിൽ നടപ്പാക്കും. 2023 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നീതി ആയോഗ് നിലവിൽ വരും.

 

കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്ന് വില കുറയും

കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്ന് വില കുറയും

ഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ മരുന്നുകള്‍ക്കു വില കുറയും. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ചാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ പരമാവധി പത്തു ശതമാനം വില കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ടു ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തെരുവ് നായ്ക്കളുടെ ഉപദ്രവം വീടുകളിലേക്കും വ്യാപിക്കുന്നു

തെരുവ് നായ്ക്കളുടെ ഉപദ്രവം വീടുകളിലേക്കും വ്യാപിക്കുന്നു

തെരുവ് നായ്ക്കളുടെ ഉപദ്രവം വീടുകളിലേക്കും വ്യാപിക്കുന്നു. ആറ്റിങ്ങലിൽ അഭിഭാഷകനായ വി എസ് സുരേഷിന്റെ വീട്ടിൽ ഷെഡ്ഡിൽ കിടന്ന കാർ ഇന്നലെ പട്ടികൾ നശിപ്പിച്ചു. കാറിന്റെ പല ഭാഗങ്ങളിലും പെയിന്റുൾപെടെ കടിച്ചു നശിപ്പിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് കടിച്ചിളക്കിയിരിക്കുന്നു. ഇന്ന് രാവിലെയാണ് വിവരം വീട്ടുകാരറിഞ്ഞത്. സംഭവം ദൂരവ്യാപകമായ പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തെരുവിൽ നിന്നും നായ്ക്കൾ വീട് വളപ്പിലേക്ക് കയറിയിരുന്നത് അപകടം തന്നെയാണ്.