സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും

സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും

കോട്ടയം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു.

കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ് എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.

അണുബാധയെ തുടര്‍ന്നുള്ള ഗുരുതര രോഗം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നി. സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും മരണം സംഭവിച്ചത്.

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെയാണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം.മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങള്‍ കൈവശമുണ്ടെന്നും ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നൽകിയാൽ 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകാമെന്നും അറിയിപ്പിലുണ്ടായിരുന്നു.

വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച പരസ്യത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് അന്വേഷണം തുടങ്ങിയ വിവരമറിഞ്ഞ പാർഥിപൻ ഒളിവിൽപോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവ കുഞ്ഞുങ്ങളെയോ മറ്റു വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.വാട്ട്സ്ആപ്പില്‍ ഇടാനായി കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂർ സ്വദേശിയായ സുഹൃത്താണ് പാര്‍ഥിപന് നൽകിയതെന്നാണു വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കടുവക്കുഞ്ഞുങ്ങളാക്കി കൊടുക്കാനായിരുന്നു ഇവരുടെ പരിപാടിയെന്ന് പ്രതി മൊഴി നൽകി. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തട്ടിപ്പിന് പിന്നില്‍ മറ്റാരെങ്കിലും ഉള്‍‌പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിറന്നാൾ കേക്ക് വാങ്ങാൻ പോയ വിദ്യാർത്ഥിയ്ക്ക് അപകടമരണം

പിറന്നാൾ കേക്ക് വാങ്ങാൻ പോയ വിദ്യാർത്ഥിയ്ക്ക് അപകടമരണം

തൃശൂർ: പിറന്നാൾ ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകന്‍ അഭിനവ് കൃഷ്ണ(കിച്ചു-19)യാണ് മരിച്ചത്. കടയില്‍നിന്ന് കേക്ക് വാങ്ങി സ്‌കൂട്ടറില്‍വെച്ച് പുറപ്പെടുന്നതിനുമുമ്പ് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പുത്തൂര്‍ വെട്ടുകാട് ആശാദീപം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. സ്‌കൂട്ടറിലിടിച്ച വാന്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരിലൊരാള്‍ പിന്തുടര്‍ന്ന് മാന്ദാമംഗലത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടി സംഭവസ്ഥലത്ത് എത്തിച്ചു.

ഇവിടെനിന്ന് ഒരു റിട്ട. എക്‌സൈസ് ജീവനക്കാരന്‍ ഡ്രൈവറെ സ്വന്തം കാറില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. പോലീസില്‍ ഹാജരാക്കാതെ ഡ്രൈവറെ രക്ഷപ്പെടുത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാന്‍ ഡ്രൈവര്‍ മാന്ദാമംഗലം സ്വദേശി ഹരീഷിനെ പിന്നീട് ഒല്ലൂര്‍ പോലീസ് പിടികൂടി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

ഓണം വരാഘോഷത്തിന്‍റെ ഘോഷ യാത്രയിൽ പങ്കെടുക്കാൻ സർക്കാർ ഇത് വരെ ഗവർണറെ ക്ഷണിച്ചിട്ടില്ല

ഓണം വരാഘോഷത്തിന്‍റെ ഘോഷ യാത്രയിൽ പങ്കെടുക്കാൻ സർക്കാർ ഇത് വരെ ഗവർണറെ ക്ഷണിച്ചിട്ടില്ല

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ചയാണ് ഔദ്യോഗിക തുടക്കമായത്. ഓണം വരാഘോഷത്തിന്‍റെ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷ യാത്രയിൽ പങ്കെടുക്കാൻ സർക്കാർ ഇത് വരെ ഗവർണറെ ക്ഷണിച്ചിട്ടില്ല. സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇനി സർക്കാർ ക്ഷണിച്ചാലും ഘോഷ യാത്ര നടക്കുന്ന 12 നു അട്ടപ്പാടിയിൽ പരിപാടി ഉള്ളതിനാൽ ഗവർണർ പങ്കെടുക്കാൻ സാധ്യത കുറവാണ്.

തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു

ഇതിനിടെ നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി. സർക്കാർ 12 ബില്ലുകളും അയക്കുന്ന മുറയ്ക്ക് നിയമോപദേശം അടക്കം തേടാനാണ് നീക്കം. വരും ദിവസങ്ങളിൽ ഗവർണർ പാലക്കാട്, തൃശൂർ ജില്ലകളിൽ ആണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് പുലർച്ചെ പുറപ്പെടുവിച്ച അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അതിന്റെ സ്വാധീനത്താൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 8ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു

എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി. സ്ഥാപന ഉടമയും, ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം കുതിരക്കുളം ബൈജുഭവനിൽ ബിനു (വയസ്സ് 37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38), തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (വയസ്സ് 25) പിരപ്പൻകോട് മീനാറ വിള വീട്ടിൽ ഷംനാദ് (വയസ്സ് 40) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.1 ഗ്രാം എം.ഡി.എം.എ യും, 320 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റ് ഒസിബി പേപ്പറ്റുകളും പിടിച്ചെടുത്തു.

വെമ്പായം കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്സ്.പി ഡി.ശിൽപ്പ ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനവും പരിസരവും ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. വിൽപ്പനക്കായി ലഹരി വസ്തുക്കൾ എത്തിയാൽ വാങ്ങാൻ വരുന്നവർക്ക് അടയാളം നൽകുന്നതിനായി സ്ഥാപനത്തിൽ പ്രത്യേകം ലൈറ്റുകൾ ക്രമീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അന്വേഷണസംഘവും ഇവരെ വലയിലാക്കിയത്.

റൂറൽ പോലീസ് ലഹരിമാഫിയകൾക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലാകുന്നത്. അഡി: എസ്.പി എം.കെ.സുൽഫീക്കർ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.റ്റി. രാസിത്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിനു എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകി വരുന്നത്. കഴിഞ്ഞ മാസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വാടക വീടെടുത്ത് ലഹരി വ്യാപാരം നടത്തി വന്നിരുന്ന വൻ സംഘത്തെ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 200 കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തിരുന്നു.

വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, സബ്ബ് ഇൻസ്പെക്ടർ വി.എസ്.വിനീഷ്, എസ്.സി.പി.ഒ അഷറഫ് ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർമാരായ എം.ഫിറോസ്ഖാൻ, ഷിബു അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ബി.ദിലീപ് ,സജു സി.പി.ഒ മാരായ അനൂപ്, ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.