മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കൊച്ചി: അങ്കമാലിയിൽ മകന്റെ കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. എറണാകുളം അങ്കമാലി നായത്തോട് സ്വദേശി മേരി (42 )യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന്‍ കിരണിന്റെ (27) കുത്തേറ്റത്. വീട്ടില്‍ വച്ച്‌ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് മേരിയെ മകന്‍ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കിരണിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജെയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
മാതാവിനോട് കിരണ്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ മേരി തയാറായില്ല. ഇതില്‍ പ്രകോപിതനായ കിരണ്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; മലയാളി പാസ്റ്റർ അറസ്റ്റിൽ

ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; മലയാളി പാസ്റ്റർ അറസ്റ്റിൽ

മുംബൈ: മലയാളി പാസ്റ്റർ അറസ്റ്റിൽ. ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയിൽ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു. സീവുഡിലെ ബേത്തൽ ഗോസ്പൽ പെന്റകോസ്റ്റൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസാണ് (53) നവിമുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. വിവിധ നാടുകളിൽനിന്നുള്ള ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ആശ്രമത്തിൽ കഴിയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു. 14കാരിയാണ് പീഡനം ആരോപിച്ചത്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ബി ആർ സിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികൾക്കായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബി ആർ സിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികൾക്കായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കൂട്ടുകാർക്കായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്യദിനാഘോഷം ഫ്രീഡം വാളിൽ ഒപ്പു ചാർത്തി ഒ എസ് അംബിക എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യ നടനം, പ്രസംഗം, ഗീതങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ വീഡിയോ പ്രസന്റേഷൻ അവതരിപ്പിച്ചു.

2022 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ ഹരിത രാജേഷ് , +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിഷ്ണു ഗോപാൽ ജി എന്നിവരെ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ അഖില അശോക് നന്ദിയും പറഞ്ഞു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എസ് ജവാദ്, ഡി പി ഒ ശ്രീകുമാരൻ ബി, എ ഇ ഒ വി എസ് പ്രദീപ്, ട്രെയിനർ ബി ഷാനവാസ്, എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എഐ ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എഐ ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി

225 കോി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനം, അനധികൃത പാർക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ചിരിക്കുന്നത്.

നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം ക്യാമറകള്‍ കണ്ടെത്തും.

അമിതവേഗം, സിഗ്‌നല്‍ ലൈറ്റ് ലംഘനം എന്നിവ പിടികൂടാന്‍ വേറെ ക്യാമറകളുണ്ട്. നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അക്കാര്യവും ക്യാമറ തന്നെ കണ്ടെത്തും.

സ്ഥലം മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇവ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം. പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങള്‍ക്കനുസരിച്ച് ക്യാമറകള്‍ മാറ്റാനാകും.

തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലകള്‍. മിക്ക ജില്ലകളിലും നാല്‍പതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പിഴ ഓൺലൈനായി അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റും അടയ്ക്കന്നതിന് 30 ദിവസം വരെ സമയമുണ്ട്. നിശ്ചിത സമയം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും.

ധനകാര്യം5000 രൂപ കടം വാങ്ങി തുടക്കം, ആസ്തി 41,000 കോടി; ‘ഇന്ത്യയുടെ ‘വാറന്‍ ബഫറ്റിന്റെ’ വിജയഗാഥ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകളാണ് ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല നല്‍കിയത്. ചെലവു കുറഞ്ഞ വിമാനക്കമ്പനി തുടങ്ങണമെന്ന
ഏറെക്കാലത്തെ ആഗ്രഹത്തില്‍ പിറവിയെടുത്ത ആകാശ എയര്‍ സര്‍വീസിന്റെ വിജയം കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

1985ല്‍ കടം വാങ്ങിയ 5000 രൂപ ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കൊണ്ടാണ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ ആസ്തി നിലവില്‍ 41,000 കോടി രൂപയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ട്.

വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുന്‍ജുന്‍വാലയെന്ന് മോദി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്.

ഇന്‍കം ടാക്‌സ് ഓഫിസറുടെ മകനായി ജനിച്ച ജുന്‍ജുന്‍വാല, കോളജ് പഠനകാലത്താണ് ഓഹരിവിപണിയില്‍ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. ഓഹരി വിപണിയെക്കുറിച്ച് പിതാവ് സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം ആകസ്മികമായി കേള്‍ക്കാനിട വന്നതായിരുന്നു തുടക്കം.
ആപ്‌ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയര്‍മാനാണ്. ഇതിനു പുറമേ ഒട്ടേറെ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ മൂവ്‌മെന്റിന്റെ ഉപദേശകനുമാണ്.

സോളാർ പീഡനക്കേസിൽ ഹൈബി ഈഡന് ക്ലീൻചിറ്റ്; തെളിവില്ലെന്ന് സി.ബി.ഐ

സോളാർ പീഡനക്കേസിൽ ഹൈബി ഈഡന് ക്ലീൻചിറ്റ്; തെളിവില്ലെന്ന് സി.ബി.ഐ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഹൈബി ഈഡനെതിരായ സോളാർ പീഡന ലൈംഗിക പരാതിയിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.

ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിക്ക് പിന്നാലെ ലൈംഗികമായി ചൂഷണവും നടന്നു എന്നാണ് പരാതിക്കാരി നൽകിയിരുന്ന മൊഴി. ആറ് എഫ്.ഐ.ആറുകളിൽ ആദ്യം അന്വേഷിച്ചത് ഹൈബി ഈഡന്റെ കേസായിരുന്നു.

സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എം.എൽ.എ.ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ഇതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നിരുന്നു. എന്നാൽ മൊഴിയിൽ പറയുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അറിയിക്കുന്നത്. അതേസമയം, മറ്റു അഞ്ച് എഫ്ഐആറുകളിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.