by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: കുടുംബക്കോടതിക്ക് അകത്തുവച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തുകൊന്നു. 32കാരനായ ശിവകുമാറാണ് 28കാരിയായ ചൈത്രയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് കുടുംബ കോടതിയിലെത്തിയിരുന്നു. ഇരുവരുടെയും വാദം കേട്ട കോടതി അടുത്ത വാദം കേള്‍ക്കാന്‍ തീയതി നിശ്ചയിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് ആര്‍ ശ്രീനിവാസ ഗൗഡ പറഞ്ഞു.

ഒരു മണിക്കൂര്‍ നേരത്തെ കൗണ്‍സിലിങ്ങിന് ശേഷം ചൈത്ര വാഷ്‌റൂമിലേക്ക് പോയ സമയത്ത് ഭര്‍ത്താവ് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ കോടതിയിലുള്ള ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോടതിയിലെത്തിയവരും പൊലീസും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശിവകുമാറിനെതിരെ കൊലപാതക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: എസ്എൻഡിപി യോഗത്തിൻ്റെ ആഹ്വാന പ്രകാരം ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയനുകീഴിലെ ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര – ഗുരു മണ്ഡപ സന്നിധികൾ, വനിതാ സംഘം മൈക്രോ ഫിനാൻസ് യൂത്ത് മൂവ്മെൻ്റ് യൂണിറ്റുകൾ എന്നീ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചു ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമിട്ടു. യൂണിയനു കീഴിലെ പെരുങ്കുഴി ഗാന്ധീ സ്മാരകം ശാഖാ യോഗം ഓഫീസിനു മുന്നിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ദേശീയ പതാക ഉയർത്തി യൂണിയൻ തല ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.

യൂണിയൻ കൗൺസിലർ സി.കൃത്തി ദാസ് കുടുംബങ്ങൾക്കുള്ള ദേശീയ പതാകയുടെ വിതരണം മുൻ എസ്എൻഡിപി യോഗം ഡയറക്ടർ സുദേവൻ സ്വരലയക്കു കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രതിനിധി ബൈജു തോന്നയ്ക്കൽ, ശാഖാ പ്രസിഡൻ്റ് രാജൻ, സെക്രട്ടറി വിനിൽകുമാർ, വനിതാ സംഘം പ്രതിനിധി അമൃത എന്നിവർ പ്രസംഗിച്ചു. തുടർന്നു മിഠായി വിതരണവും നടന്നു.

യൂണിയനുകീഴിലെ കൊച്ചാലുംമൂട്, ഇടഞ്ഞും മൂല, പെരുങ്ങുഴി, മുടപുരം, ശിവകൃഷ്ണപുരം, സഭവിള, ശാർക്കര, പുതുക്കരി, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, തിനവിള, നെടുങ്ങണ്ട, കീഴാറ്റിങ്ങൽ, കവലയൂർ, അഴൂർ, കോട്ടപ്പുറം, കായിക്കര, ഗുരുവിഹാർ, ഗുരുമഠം, കോളിച്ചിറ, ഗുരുസാഗരം, മുട്ടപ്പലം ദൈവദശകം എന്നീ ശാഖയോഗങ്ങൾ കേന്ദ്രീകരിച്ചും ദേശീയ പതാക ഉയർത്തൽ നടന്നു. യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം കൗൺസിലർ ഡി.വിപിൻ രാജ്, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, അജി കീഴാറ്റിങ്ങൽ, എസ്.സുന്ദരേശൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ.ജയലാൽ, ജി.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി
by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയ ശേഷമാണ് സ്വര്‍ണ്ണവുമായി പുറത്ത് കടക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചത്.

എന്നാൽ ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് കമ്മീഷണർ നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
വാർഡ് വയോജന ക്ലബിന്റെയും കളിക്കൂട്ടത്തിന്റെയും പ്രതിമാസ സംഗമം നടന്നു. വായനയുടെ പുതിയ തലം സൃഷ്ടിക്കാൻ മാതൃകാ പരമായ ഒരു ശ്രമമാരംഭിച്ചു. കൂടാതെ വയോജന ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിജയിപ്പിക്കാനും, കല്ലിൻ മൂട് ഗ്രാമോത്സവം വിജയിപ്പിക്കാനും വേണ്ടിയുള്ള പ്രവർത്തനം നടത്താനും തീരുമാനമായി. വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, വാർഡു സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന 75-ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആഗസ്റ്റ് 13 ന് തുടക്കമായി. ഇതിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആധാരമാക്കി ഇടയ്ക്കോട് ഗവ.എൽ പി സ്കൂളിലെ പ്രഥമാധ്യാപകൻ ജയകുമാരൻ ആശാരി ക്ലാസ്സ് എടുത്തു. ഹർ ഘർ തിരംഗ പതാകയുടെ ഭാഗമായി രാവിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ദേശീയ പതാക ഉയർത്തി.

by Midhun HP News | Aug 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് വിദ്യാർത്ഥിയുടെ അരും കൊലയിൽ. തിരക്കേറിയ റോഡിൽ വച്ച് നാലംഗ സംഘമാണ് യുവാവിനെ കുത്തിക്കൊന്നത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി മായങ്ക് (25) ആണ് മരിച്ചത്. ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം. സംഭവത്തിൽ രാഹുൽ, ആശിഷ്, സൂരജ്, മനീഷ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കിച്ചിരുന്നു. അതിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. പിന്നാലെ മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തിരഞ്ഞിറങ്ങുകയായിരുന്നു.

ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡിഡിഎ മാർക്കറ്റിൽ വെച്ച് ഇവർ മായങ്കിനെ കണ്ടെത്തി. തുടർന്ന് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Recent Comments