ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള കൂറ്റന്‍ ത്രിവര്‍ണ പതാക പ്രദർശിപ്പിക്കും

ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള കൂറ്റന്‍ ത്രിവര്‍ണ പതാക പ്രദർശിപ്പിക്കും

ന്യൂയോര്‍ക്ക്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒരുങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള ഖാദിയില്‍ തീര്‍ത്ത ത്രിവര്‍ണപതാക പാറിക്കും. ടൈം സ്‌ക്വയറില്‍ കൂറ്റന്‍ പരസ്യബോര്‍ഡില്‍ ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് അറിയിച്ചു.

ടൈം സ്‌ക്വയറില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിടുക. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പ്രമുഖ കെട്ടിടമായ എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിങ് ത്രിവര്‍ണ പതാകയിലെ മൂന്ന് നിറങ്ങളില്‍ തിളങ്ങും. ഇതിന് പുറമേ ടൈം സ്‌ക്വയറില്‍ പരസ്യ ബോര്‍ഡില്‍ കൂറ്റന്‍ ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിയ്ക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഹഡ്‌സണ്‍ നദിക്ക് കുറുകെ 220 അടി നീളമുള്ള ത്രിവര്‍ണ പതാക പാറിക്കുന്നതാണ് ഏറ്റവും വലിയ സവിശേഷത. ഖാദിയില്‍ തീര്‍ത്ത പതാകയാണ് ഉപയോഗിക്കുക. ഫെഡറേഷന്റെ 40-ാമത് ഇന്ത്യ ഡേ പരേഡ് 21നാണ് നടക്കുക. ഇതില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ ഗ്രാന്‍ഡ് മാര്‍ഷലായി പങ്കെടുക്കും. ന്യൂയോര്‍ക്കിനും ന്യൂ ജേഴ്‌സിക്കും ഇടയിലുള്ള ഹഡ്‌സണ്‍ നദിയില്‍ ദേശീയ പതാക പാറിക്കുന്നതില്‍ അല്ലു അര്‍ജുന്‍ സന്തോഷം പ്രകടിപ്പിച്ചതായും ഫെഡറേഷന്‍ അറിയിച്ചു. ഒരേ സമയം വ്യത്യസ്തമായ പതാകകള്‍ പറത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു.

വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം

വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതി ആദം അലിയുമായി കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. പ്രതി താമസിച്ചിരുന്ന വീടിന് മുന്നിലെ ഓടയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്.

രാവിലെ വന്‍ സുരക്ഷയോടെയാണ് പ്രതി ആദം അലിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു.

ആദം അലിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മനോരമയെ കൊലപ്പെടുത്തിയശേഷം സംസ്ഥാനം വിട്ട ബംഗാള്‍ സ്വദേശിയായ ആദംഅലിയെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മനോരമയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.

ആറ്റിങ്ങൽ കലാപം; സ്മരണകൾ ഉയർത്തി സിപിഐഎം ‘സ്വാതന്ത്യ സ്മൃതി സംഗമം’ സംഘടിപ്പിക്കും

ആറ്റിങ്ങൽ കലാപം; സ്മരണകൾ ഉയർത്തി സിപിഐഎം ‘സ്വാതന്ത്യ സ്മൃതി സംഗമം’ സംഘടിപ്പിക്കും

ആറ്റിങ്ങൽ: ബ്രട്ടീഷ് അധിനിവേശത്തിനെതിരായി 1721-ൽ നടന്ന ഇന്ത്യയിലെ ആദ്യ ചെറുത്ത് നിൽപ്പായ ആറ്റിങ്ങൽ കലാപത്തിന്റെ സ്മരണകൾ ഉയർത്തി സി പി ഐ എം ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, മംഗലപുരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സ്വാതന്ത്യ സ്മൃതി സംഗമം” നാളെ (13/ 8) ശനിയാഴ്ച) വൈകുന്നേരം നാലിന് ആറ്റിങ്ങൽ മാമത്ത് നടക്കും. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ റാണിയുടെ കർഷക വിരുദ്ധ നിലപാടിലും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കുരുമുളക് ഉൾപ്പെടെയുള്ള മലഞ്ചരക്കുകളുടെ മൊത്ത വ്യാപാരം നൽകിയതിലും പ്രതിഷേധിച്ച് ആറ്റിങ്ങൽ – അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ സംഘടിതമായ കർഷകർ നടത്തിയ സായുധ കലാപമായിരുന്നു ആറ്റിങ്ങൽ കലാപം. ഇതിനു മുൻപ് തന്നെ 1687 ൽ അഞ്ചുതെങ്ങിൽ ബ്രട്ടീഷുകാരുടെ കോട്ട വളഞ്ഞുകൊണ്ട് നാട്ടുകാർ സമരം നടത്തിയിരുന്നു. എന്നാൽ അതൊരു അസംഘടിത സമരമായതിനാൽ ബ്രട്ടീഷുകാർ അടിച്ചമർത്തുകയുണ്ടായി. ആറ്റിങ്ങൽ കലാപം ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ സംഘടിത സമരവും നിരവധി ബ്രട്ടീഷ് സേനാംഗങ്ങളെയും അവരുടെ കിങ്കരന്മാരെയും, സമരവാളണ്ടിയർമാർ കൊലപ്പെടുത്തുകയും ചെയ്ത സമരമാണ്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ ആറ്റിങ്ങൽ കലാപത്തിനും ആറ്റിങ്ങൽ എന്ന നാടിനും ജനമുന്നേറ്റത്തിന്റെയും ജാതിമതാതീതമായ ഐക്യത്തി ന്റെയും അധിനിവേശ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെയും അതിമഹത്തായ ചരിത്രമുണ്ട്. എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷിക വേളയിൽ നടക്കുന്ന സ്മൃതി സംഗമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പരിപാടിയുടെ സംഘാടക സമിതി ജനറൽ കൺവീനർ എസ് ലെനിനും ചെയർമാൻ വി ശശി എംഎൽ എയും അറിയിച്ചു. ചടങ്ങിൽ വി ശശി എം എൽ എ അധ്യക്ഷനാകും. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി.ജോയ് എം എൽ എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണി കൃഷ്ണൻ , മനോജ് ബി ഇടമന, ഒ എസ് അംബിക എം എൽ എ, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, ചരിത്ര ഗവേഷകൻ ആർ നന്ദകുമാർ എന്നിവർ സംസാരിക്കും.

അഖിലേന്ത്യാ ജാഥ പ്രചരണം; എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

അഖിലേന്ത്യാ ജാഥ പ്രചരണം; എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സേവ് എഡ്യൂക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എസ് എഫ് ഐ നടത്തുന്ന അഖിലേന്ത്യാ ജാഥയുടെ പ്രചരണാർത്ഥം എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ഐ ടി ഐ യുടെ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ആറ്റിങ്ങൽ നാലു മുക്കിൽ അവസാനിച്ചു.

തുടർന്ന് ചേർന്ന യോഗം എസ്എഫ്ഐ ഏരിയ സെക്രട്ടറി ആനന്ദ് ഉദ്ഘാടനം ചെയ്തു. അജീഷ്, ഭാഗ്യ മുരളി, ബേഷ്മ, അക്ഷയ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് വിജയ് വിമൽ ആധ്യക്ഷനായിരുന്നു. ജാഥ ആഗസ്റ്റ് 19 ന് തിരുവനന്തപുരത്ത് സമാപിക്കും.

മന്ത്രി മുഹമ്മദ് റിയാസ് പരസ്യത്തെ രസകരമായാണ് എടുത്തതെന്ന് കുഞ്ചാക്കോ ബോബൻ

മന്ത്രി മുഹമ്മദ് റിയാസ് പരസ്യത്തെ രസകരമായാണ് എടുത്തതെന്ന് കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകങ്ങളാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. സർക്കാരിനെ ലക്ഷ്യം വച്ചുള്ളതാണ് വാചകങ്ങളെന്നായിരുന്നു ആരോപണം. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വളരെ ക്രിയാത്മകമായാണ് എടുത്തത് എന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

മന്ത്രിയുമായി സംസാരിച്ചതിനു പിന്നാലെയാണ് ചാക്കോച്ചൻ ഇത് വ്യക്തമാക്കിയത്. പരസ്യത്തെ രസകരമായാണ് എടുത്തതെന്നും കുടുംബത്തിനൊപ്പം സിനിമ കാണാനെത്തുമെന്ന് തന്നോട് പറഞ്ഞുവെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേർത്തു. എന്റെ ഒരു പൊതുസുഹൃത്ത് വഴിയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹം വളരെ രസകരമായാണ് ഈ പരസ്യത്തെ എടുത്തത്. സിനിമയെ സിനിമയായി കാണുകയും പരസ്യത്തെ പരസ്യമായി കാണുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹം കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, ‘ഭരണപക്ഷത്ത് ഇരിക്കുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. മന്ത്രിമാരും എംഎല്‍എമാരും ഉണ്ട്. അവരെല്ലാം സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് അറിഞ്ഞത്’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സിനിമ കോർട്ട് റൂം ഡ്രാമയാണെന്നും ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല സിനിമയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ആൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

ആൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: ആൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ
TU: 19577 തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മ്യൂസിയം ഓഡിറ്റൊറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ. ജി മുദാക്കൽ
ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് സംസ്ഥാന ട്രഷറർ ശ്രീകുമാർ കൊല്ലം സ്വാഗതവും സംസ്ഥാന ജോയിൻ സെക്രട്ടറി അനിൽ ജോൺ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന വനിതാ സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ
തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി ദീപു തിരുവനന്തപുരത്തെയും ജനറൽ സെക്രട്ടറിയായി അജിത്ത് ഖാനേയും, ട്രഷററായി അജീഷിനെയും
16 എക്സിക്യൂട്ടീവ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പി സി ജയൻ കടകംപള്ളിയെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഏഴ് വർഷമായി ഉത്സവം /മേളകൾ / എക്സിബിഷൻ മേഖലയെ കൊണ്ട് ഉപജീവനം നേടിയിരുന്നു. പെട്ടെന്നുണ്ടായ പ്രളയം അത് കഴിഞ്ഞുവന്ന കോവിഡ് ഈ മേഖലയെ തകർത്തു തരിപ്പണമാക്കി. ഇന്ന് ജീവിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ഈ മേഖലയിലുള്ള തൊഴിലാളികൾ. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ്
യൂണിയൻ. തുടർന്ന് യൂണിയൻറെ പതാക ജോ. സെക്രട്ടറി അനിൽ ജോൺ,
ജില്ലാ പ്രസിഡണ്ട് ദീപുവിന് നൽകി.