കടയ്ക്കാവൂർ സ്വദേശിയുടെ വീട്ടുപറമ്പിൽ കൗതുക വാഴ

കടയ്ക്കാവൂർ സ്വദേശിയുടെ വീട്ടുപറമ്പിൽ കൗതുക വാഴ

ആറ്റിങ്ങൽ: കടയ്ക്കാവൂർ സ്വദേശിയുടെ വീട്ടുപറമ്പിൽ കൗതുക വാഴ. രാഷ്ട്ര ദീപിക ഏജന്റ് സുരേഷിന്റെ വീട്ടുപറമ്പിലാണ് വാഴയുടെ നടുക്ക് നിന്നും കൂമ്പ് വന്നത് നാട്ടുകാർക്ക് കൗതുക കാഴ്ചയായത്.

പൊന്മുടി, കല്ലാർ,മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും

പൊന്മുടി, കല്ലാർ,മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽ (13.08.2022) തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.

സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു

സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു

തൊടുപുഴ: സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്.

തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികള്‍ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍.

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്

കല്ലറ: പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്. പാലോട് വട്ടക്കരിക്കകം ഇലവുപാലം സ്വദേശിയായ രവി (60) നാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. മെഡിക്കൽ കോളെജിൽ ചികിത്സ തേടി.

ഇന്ന് രാവിലെ 6 – മണി യോടെ സംഭവം. വീട്ടിൽ നിന്നും ചായ കുടിക്കാനായി മാധവൻകരിക്കകം എന്ന സ്ഥലത്തെ കടയിൽ എത്തിയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വിളികേട്ട് നാട്ടുക്കാർ ഓടിയെത്തിയപ്പോൾ രവിയുടെ ശരീരത്തിന് പുറത്ത് കയറി കിടക്കുന്നു. ഉടൻ പന്നിയെ നാട്ടുക്കാർ ഓടിച്ച് രവിയെ രക്ഷപ്പെടുത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. ഒരു വിരൽ നഷ്ടപ്പെട്ടിട്ടുണ്ട്.

ഭർത്താവിന്റെ അമ്മയേയും സഹോദരനുമടക്കം നാലു പേരെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

ഭർത്താവിന്റെ അമ്മയേയും സഹോദരനുമടക്കം നാലു പേരെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

കൊൽക്കത്ത; കുടുംബവഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ അമ്മയേയും സഹോദരനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി. കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിൽ ബുധനാഴ്ചയാണ് കൂട്ടക്കൊല നടന്നത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം.

ദേബ് രാജിന്റെ അമ്മ മാധവി(58), സഹോദരൻ ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ദേബ് രാജും ദേബാഷിസും തമ്മിൽ തർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാഖി പൂർണിമ പൂജയെ ചൊല്ലി ബുധനാഴ്ച രാത്രി 10.30 ഓടെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.

ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ കക്കൂസിൽ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ ഇതിന്റെ പേരിൽ വീണ്ടും തർക്കമായി. തർക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തിൽ കഠാര എടുത്ത് മാധബിയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവർ അവരേയും കുത്തി. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. കൊല നടത്തിയ കഠാര പൊലീസ് പിടിച്ചെടുത്തു.

നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. തന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. താൻ മാനസിക രോ​ഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ഡോക്ടർമാരുമായി കൂടിയാലോചന നടത്തിവരികയാണ്.

ഓണത്തിന് ആറ് ട്രെയിനുകള്‍; വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണറെയില്‍വേ ആറു ട്രെയിനുകള്‍ അനുവദിച്ചു. ആറു ട്രെയിനുകളും 10 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്.ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഇല്ല. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.

വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.

സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിന്‍. കോട്ടയം വഴിയാണ് സര്‍വീസ്. മടക്ക ട്രെയില്‍ ഓഗസ്റ്റ് 16 ന് വൈകീട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്ത് എത്തും. സെപ്റ്റംബര്‍ ആറുവരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്.

തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 17 ന് വൈകീട്ട് 3.25 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ നാലിന് വേളാങ്കണ്ണിയിലെത്തും. സെപ്റ്റംബര്‍ ഏഴു വരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിനുണ്ടാകും. മടക്ക ട്രെയിന്‍ ഓഗസ്റ്റ് 18 ന് രാത്രി 11.50 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെത്തും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകും.