ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്.

കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചു. ഐ.ജി.യുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേര്‍ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

17 കാരിയുമായി നാട് വിടാൻ ശ്രമിച്ച യുവാവ് പിടിയിൽ

17 കാരിയുമായി നാട് വിടാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിതേഷ്, ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ശബരിമല ശ്രീകോവിലില്‍ ചോർച്ച ; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച. ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിഞ്ഞതാണ്. സ്വര്‍ണപാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലാണ് പതിക്കുന്നത്. ആഗസ്റ്റ് 3 ന് നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറക്കും.

ശ്രീകോവിലിന്റെ സ്വര്‍ണപാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ സ്‌പോണ്‍സര്‍മാരെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് നേരിട്ട് പണികള്‍ നടത്തിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ .അനന്തഗോപന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിലും വിലക്കയറ്റത്തിലും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പി.മാരെ പോലീസ് റോഡില്‍ വലിച്ചിഴച്ചു. രാഷ്ടപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു നടപടി.

രാഹുലിനൊപ്പം ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ അടക്കമുള്ള എം.പി.മാരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ ഇവരെ വാനില്‍ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ, സോണിയയെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് തീവണ്ടി തടയുന്നത് ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

വർഷങ്ങൾ കാത്തിരുന്ന് പിറന്ന കുഞ്ഞിനെ കാണാതെ ശരത് വിടവാങ്ങി

വർഷങ്ങൾ കാത്തിരുന്ന് പിറന്ന കുഞ്ഞിനെ കാണാതെ ശരത് വിടവാങ്ങി

തൃശൂര്‍: മൂന്ന് വര്‍ഷം കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിലായിരുന്നു ബന്ധുക്കൾ.

പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ തലേന്ന് വൈകീട്ട് വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് അറിയിച്ചു. തുടര്‍ന്ന് രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ആൺകു‌ഞ്ഞാണ് ഇവര്‍ക്ക് പിറന്നത്.

നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

സോണിയ ഇഡി ഓഫീസിൽ, രാജ്യവ്യാപകമായി പ്രതിഷേധം

സോണിയ ഇഡി ഓഫീസിൽ, രാജ്യവ്യാപകമായി പ്രതിഷേധം

നാഷണൽ ഹെറാൾഡ് കേസിൽ (national herald case) കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്. ഇഡി ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ ദില്ലി പൊലീസ് അനുമതി നൽകിയില്ല. തുട‍ര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.