മോൻസൻ മാവുങ്കലിന്റെ ജാമ്യഹർജി കോടതി തള്ളി

മോൻസൻ മാവുങ്കലിന്റെ ജാമ്യഹർജി കോടതി തള്ളി

കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ ജയിലിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ജാമ്യഹർജികൾ തള്ളിയുള്ള ഉത്തരവ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു കേസുകൾ. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന് മോൻസൻ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകൾ പുറത്തുവന്നത്.

ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം

ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ഡിസംബർ 31നകം നൽകണം.

വിശദവിവരങ്ങൾ 👉
സ്വന്തമായി 2/ 3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുർബല / താഴ്ന്ന വരുമാന വിഭാഗത്തിൽപെട്ടവർക്ക് സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ 2 ലക്ഷം രൂപ സർക്കാർ സബ്സ്ഡിയും 1 ലക്ഷം രൂപ സ്പോൺസർ വിഹിതവും 1 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും അടങ്ങുന്ന 4 ലക്ഷം രൂപയ്ക്കുളള ഭവനം നിർമ്മിക്കുന്ന ഗൃഹശ്രീ
ഭവന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിതഫോറത്തിൽ തയാറാക്കിയ അപേക്ഷ ഫെബ്രുവരി 28 ന് മുമ്പായി ലഭിക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമാണ് അർഹത.

പദ്ധതിക്കായി സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവരും സന്നദ്ധ സംഘടനകളും ഫെബ്രുവരി 28 ന് മുമ്പായി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ അപേക്ഷകൾ സമർപ്പിക്കണം. ഈ പദ്ധതിക്കായി സമർപ്പിക്കേണ്ട രേഖകളോടൊപ്പം ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നു വാങ്ങി ഹാജരാക്കണം. മുമ്പ് സന്നദ്ധത അറിയിച്ചവർ
ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ ജില്ലകളിലെ ഓഫീസുകളിലോ www.kshb.kerala.gov.in ലോ ബന്ധപ്പെടണം.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഉയർച്ച

സംസ്ഥാനത്ത് സ്വർണ വിലയിൽ ഉയർച്ച

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 38,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.

നെയ്യാറ്റിൻകരയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നെയ്യാറ്റിൻകരയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ ബൈക്കും മിനിലോറിയും കുട്ടിയിടിച്ച് 28 കാരൻ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കളിയിക്കാവിള മേക്കോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. അഭിജിത്ത് ടെക്നോപാർക്കിലെ ജീവനക്കാരനാണ്. ഒരു മാസത്തിനിടെ നെയ്യാറ്റിൻകരയിൽ 8 മത്തെ അപകടമാണ്. 3 മരണവും ചിലർ ഗുരുതരാവസ്ഥയിലുമാണ്.

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി; ഇനി കൃഷിവകുപ്പില്‍

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി; ഇനി കൃഷിവകുപ്പില്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്‌. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.

വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ബി. അശോകുമായി സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.

കിളിമാനൂരിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂരിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ: കടമ്പാട്ടു കോണം പുലൂർക്കുന്നു വീട്ടിൽ സോമൻ മകൻ സുദേവൻ (50) വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്‌ മാറ്റി. ഭാര്യയുമായി പിണങ്ങി സുദേവൻ ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു സഹോദരൻ വീടു തുറന്നു നോക്കുമ്പോഴാണ് കിട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.