കേരള വനിതാ കമ്മിഷന്‍ ജാഗ്രതാ സമിതി പരിശീലനം 15-ന്

കേരള വനിതാ കമ്മിഷന്‍ ജാഗ്രതാ സമിതി പരിശീലനം 15-ന്

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജാഗ്രതാസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലേയും രണ്ട് വീതം ജാഗ്രതാസമിതി അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കും. ജൂലൈ 15-ന് ഉച്ചയ്ക്ക 1.30-ന് തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പരിശീലന പരിപാടി കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം ഇ.എം.രാധ, ഡപ്യൂട്ടി മേയര്‍ പി.കെ.രാജു, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കേരള വനിതാ കമ്മിഷന്‍ മുന്‍ ലോ ഓഫീസര്‍ പി.ഗിരിജ പരിശീലന ക്ലാസ് നയിക്കും. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായ എല്‍.എസ്.ആതിര, പി. ജമീലാ ശ്രീധരന്‍, ഡി.ആര്‍.അനില്‍, ജിഷാജോണ്‍, സിന്ധു വിജയന്‍, ഡോ.കെ.എസ്.റീന, നഗരസഭാ കക്ഷി നേതാക്കളായ എം.ആര്‍.ഗോപന്‍, പി.പദ്മകുമാര്‍ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത്, എം.ഗിരിനാഥ്, നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സിഡിപിഒ എ.റോഷ്‌നി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലിം സ്വാഗതവും കേരള വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.ദിവ്യ നന്ദിയും പറയും.

സ്ത്രീകളും പെണ്‍കുട്ടികളും കക്ഷിയായിട്ടുള്ള ഏതു പരാതിയും സ്വീകരിച്ച് എത്രയും വേഗം ആവശ്യമായ ഇടപെടലും പരിഹാരവും സഹായ സംവിധാനവും ഒരുക്കുക, തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും നിര്‍ദേശവും പിന്തുണയും നല്‍കുക തുടങ്ങി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന സമഗ്രമായ ഉദ്ദേശ്യലക്ഷങ്ങളോടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരാതിപരിഹാര സംവിധാനമാണ് ജാഗ്രതാ സമിതി.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഫയർ & സേഫ്റ്റി  കോഴ്സിലേയ്ക്ക്  അപേക്ഷിക്കാം

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഫയർ & സേഫ്റ്റി കോഴ്സിലേയ്ക്ക് അപേക്ഷിക്കാം

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റർ അപ്പ്രെന്റിഷിപ് കൂടി 6 മാസത്തെ ഫയർ & സേഫ്റ്റി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Mob: 9746870544

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി : നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവ‍ര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയയാള്‍ക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.

യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശി ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. ഇദ്ദേഹത്തിൻ്റെ അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

കിളിമാനൂർ സ്വദേശി വിഷ്ണുവിന്റെ കൊലപാതകം; പ്രധാന പ്രതികൾ പിടിയിലായി

കിളിമാനൂർ സ്വദേശി വിഷ്ണുവിന്റെ കൊലപാതകം; പ്രധാന പ്രതികൾ പിടിയിലായി

ബാലരാമപുരം റസ്സൽപുരത്ത് കിളിമാനൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികൾ പോലീസ് പിടിയിലായി. തേമ്പാമുട്ടം കുടജാദ്രിയിൽ ആഞ്ജനേയൻ (24), തേമ്പാമുട്ടം വലിയവിള വീട്ടിൽ വിഷ്ണു(24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്‌. കിളിമാനൂർ വലിയമഠം വീട്ടിൽ വിഷ്ണു(23)വാണ് കുത്തേറ്റു മരിച്ചത്. ജില്ലാ പൊലീസ് മേധാവി ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് ഇവരെ പിടികൂടിയത്.
കത്തിക്കുത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് സംഭവം നടന്നതിന് പിന്നാലെ തമിഴ്നാട് ഭാഗത്തേക്ക് കടന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യപ്രതികൾ വീണ്ടും ബാലരാമപുരത്തേക്ക് എത്തുകയായിരുന്നു. പ്രതികൾ ബാലരാമപുരം,​ നരുവാമൂട് മേഖലയിലെ രഹസ്യ സങ്കേതത്തിലുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിഗമനവും മുഖ്യപ്രതികളെ വലയിലാക്കാൻ സഹായകമായി.
ആഞ്ജനേയനെതിരെ നോർത്ത് പരവൂർ സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും ബാലരാമപുരം സ്റ്റേഷനിൽ അടിപിടിക്കേസും കഞ്ചാവ് കേസുമുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് വിഷ്‌ണുവിനെതിരെ ബാലരാമപുരം സ്റ്റേഷനിൽ കേസുണ്ട്. ഇവരുടെ കൂട്ടാളികളായ അജീഷ് (33)​,​ നിധീഷ് (25)​ എന്നിവരെ കഴിഞ്ഞ ദിവസം ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.

വണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂണിറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുവും സുഹൃത്ത് ശ്യാമും ബാലരാമപുരത്തുനിന്നു ജോലിസ്ഥലത്തേക്കു വരുമ്പോൾ റസ്സൽപുരം ഭാഗത്തുനിന്ന് ബൈക്കിൽ വന്ന പ്രതികളുമായി, വാഹനം ദിശമാറി ഓടിച്ചു കയറ്റിയതിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രതികളിലൊരാൾ വിഷ്ണുവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റു വീണ വിഷ്ണുവിനെ സുഹൃത്ത് ശ്യാം പിടിെച്ചഴുന്നേൽപ്പിക്കുന്നതിനിടെ പ്രതികൾ സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു.

കേരളത്തില്‍ രണ്ട് പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍

കേരളത്തില്‍ രണ്ട് പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചാണ് നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ഇതോടൊപ്പം നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്‍കി. ഓരോ നഴ്‌സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയത്. 2022-23 അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ നഴ്‌സുമാരെ സൃഷ്ടിക്കുന്നതിനും ഈ മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണത്തിന് കൂടുതല്‍ പേരെ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കല്‍ കോളേജുകളിലും നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണ്.

ഒന്നാം അധ്യയന വര്‍ഷത്തേയ്ക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസി പ്രൊഫസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍ ഗ്രേഡ് വണ്‍, ഹൗസ് കീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, വാച്ച്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് നിയമനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.