പ്രതിഭാ സംഗമം സംഘടിപ്പിച്ചു

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കിളിമാനൂർ: കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിഭാഗം പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. പ്രതിഭാ സംഗമം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംഗിരി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെപിസിസി അംഗം എൻ സുദർശനൻ, ബ്ലോക്ക് പ്രസിഡണ്ട് എം കെ ഗംഗാധര തിലകൻ, പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ഡിസിസി സെക്രട്ടറി ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാ സംഗമത്തിൽ വച്ച് 71ൽ അധികം വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരു പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍വെച്ചാണ് കണ്ടതെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വി വി പ്രതീഷ് കുറുപ്പ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് തനിക്കറിയില്ല. താൻ വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീക്ഷ് കുറുപ്പ് പറഞ്ഞു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറൻസിക് പരിശോധനാ ഫലം. 2021 ജൂലൈ 19 നാണ് അവസാനമായി പരിശോധിച്ചിരിക്കുന്നത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് തുറന്നത്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാ‍ർഡ് പരിശോധിച്ചിരിക്കുന്നത്. 2018 ഡിസംബർ 13 നാണ് ഹാഷ് വാല്യൂ പിന്നീട് മാറിയത്.

എട്ട് വീഡിയോ ഫയലുകൾ ഉണ്ടായിരുന്നു. വാട്സ് ആപ്, ടെലിഗ്രാം അടക്കമുളള സാമൂഹ്യമാധ്യമ ആപ്പുകളും ഈ സമയം ഫോണിൽ ഇൻസ്റ്റാള്‍ ചെയ്തിരുന്നെന്നും റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂഷൻ നിഗമനമനുസരിച്ച് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവിൽ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. രാത്രി സമയങ്ങളിൽ പോലും മെമ്മറി കാ‍ർഡ് തുറന്ന് പരിശോധിച്ചതാരാണ് എന്നാണ് സംശയം ഉയരുന്നത്.

കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത്

കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത്

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെത്തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മെല്‍വിന്‍. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസിനോട് സംസാരിക്കാമെന്ന് പറഞ്ഞാണ് കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കിരണിനെ തിരഞ്ഞ് കടലിന്റെ ഭാഗത്തേക്ക് പോകാന്‍ ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചോടിച്ചെന്നും സുഹൃത്ത് വെളിപ്പെടുത്തി.

നേരത്തെ, കിരണി(25)ന്റേതെന്നു സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്തു കണ്ടെത്തിയിരുന്നു. ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ജീർണിച്ച നിലയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് അറിയിച്ചു. കിരണിന്റെ തിരോധാനത്തിന് ഉത്തരമാകുമെങ്കിലും അപകടമാണോ അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. കിരണിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ ഇപ്പോഴും ഒളിവിലാണ്.

പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണിനെ കഴിഞ്ഞ 9 ന് ഉച്ചകഴിഞ്ഞാണു കാണാതായത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരൺ എത്തിയത്. പെൺകുട്ടിയെ വീടിനു സമീപം കണ്ട ശേഷം മടങ്ങുമ്പോൾ അവരുടെ ബന്ധുക്കൾ മർദിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തെന്നാണു സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചത്. ആഴിമല കടൽത്തീരത്തു നിന്നു പിന്നീടു കിരണിന്റെ ചെരിപ്പ് കിട്ടി. തീരത്തേക്കു പോകുന്ന റോഡിലൂടെ കിരൺ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചു.

കുമരകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കുമരകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കോട്ടയം: കുമരകം റോഡിൽ കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. ഇന്നലെ വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അപകടം. കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോൾ, ഭാര്യ സുമി രാജു എന്നിവരാണു മരിച്ചത്. ബൈക്കിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ വലതു കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൾ ആൽഫിയയ്ക്ക് പരുക്കില്ല.

കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കിൽ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു.

ജെഫിൻ ഒരു വർഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസം. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണു വെച്ചൂരിലേക്ക് വന്നത്. കാറിൽ ഡ്രൈവർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കേരളത്തിൽ മങ്കിപോക്സെന്ന് സംശയം

കേരളത്തിൽ മങ്കിപോക്സെന്ന് സംശയം

തിരുവനന്തപുരം: വിദേശത്ത് നിന്നും എത്തിയ ഒരു ആൾ മങ്കി പോക്സ് ബാധ സംശയിക്കുന്നത്. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്.

പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. രോഗിയുടെ സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കീപോക്സ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.

കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകും. വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും. സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും. 18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് ഈ കാലപരിധിയിൽ വാക്സിൻ നൽകും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.