by Midhun HP News | Jul 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് സർക്കാർ ഉത്തരവ്. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാർക്ക് നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തറവിറക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്താണ് കുട്ടിയേയും പിതാവിനേയും അപമാനിച്ചത്. എന്നാൽ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഐ.എസ്.ആർ.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകൾ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങൽ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാർ നിർത്തിയിരുന്നതിന് അല്പമകലെയായി സ്കൂട്ടർ നിർത്തി മകൾക്ക് കടയിൽനിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോൾ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോൺ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോൺ നീട്ടിയപ്പോൾ കാറിൽനിന്ന് ഫോണെടുത്ത് ജയചന്ദ്രൻ മകളെ ഏൽപ്പിക്കുന്നതു കണ്ടുവെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകൾകൂടി.
ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രൻ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനിൽ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാൻ തുടങ്ങി.

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെൽ കേട്ട് നടത്തിയ തിരച്ചിലിൽ കാറിന്റെ സീറ്റുകവറിനുള്ളിൽ നിന്ന് ഫോൺ കണ്ടെടുത്തു. ഇവർ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രൻ പറയുന്നു. എന്നാൽ, പോലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽഫോൺ കിട്ടിയിട്ടും രജിത ആക്ഷേപം തുടർന്നെന്നായിരുന്നു ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ പ്രേംകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും. “ദൈവത്തിന്റെ അവകാശികൾ” എന്നാണ് പുസ്തകത്തിന്റെ പേര്. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
“പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ..”, ചിത്രത്തോടൊപ്പം മോഹൻലാൽ കുറിച്ചു.

by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പെരുംകുളം എഎംഎൽപിഎസിലെ സ്പോർട്സ് ക്ലബ് ഉദ്ഘാടനം കരാട്ടെ പരിശീലനത്തോടെ ആരംഭിച്ചു. കുട്ടികളിൽ അച്ചടക്കവും, പരസ്പര ആശ്രയത്തിന്റെയും നല്ല പാഠങ്ങൾ വളർത്തി കൊണ്ട് വരിക എന്നതാണ് കരാട്ടെ ക്ലബ്ബിന്റെ ഉദ്ദേശ്യം.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ കരാട്ടെ ടീം അംഗങ്ങളായ അമൽ, സൂരജ് എന്നിവരുടെ കരാട്ടെ പ്രകടനം ശ്രദ്ധേയമായി. സ്പോർട്സ് ക്ലബ്ബിന്റെ അംഗങ്ങളായ അനീഷ്, സബീർ നേതൃത്വം നല്കി.

by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നു. റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമൽ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുത്തത്.
ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശ്മശാനത്തിനു സമീപമുള്ള സ്ഥലത്താണ് ടിപ്പറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ദേശീയ പതാകകൾ ഉൾപ്പെടെയുള്ളവ മാലിന്യത്തിൽ കണ്ടതോടെ പ്രദേശവാസികളും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.
വിവരമറിഞ്ഞ് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി. ജീപ്പില്‍ നിന്നും ഇറങ്ങിയ സിവിൽ പൊലീസ് ഓഫീസർ അമൽ, മാലിന്യ കൂമ്പാരത്തിനടുത്തേക്ക് വന്നു. ദേശീയ പതാക കണ്ടതോടെ പെട്ടെന്ന് അറ്റന്‍ഷനായി സല്യൂട്ട് നല്‍കുകയായിരുന്നു.
മാലിന്യത്തില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം മടക്കി കയ്യിലെടുക്കാന്‍ തുടങ്ങി. ഈ സമയം അവിടെയുണ്ടായിരുന്ന നാട്ടുകാർ, വാര്‍ഡ് കൗണ്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ വേറൊരാള്‍ വരുന്നതുവരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ എല്ലാം ഭംഗിയായി മടക്കിയെടുത്ത് പൊലീസ് ജീപ്പിലേക്ക് മാറ്റി.
ദേശീയപതാകകൾക്ക് പുറമെ കോസ്റ്റ് ഗാർഡിന്‍റെ ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ളവ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചതിന് ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് മാലിന്യം നിർമാർജനം ചെയ്യാൻ ചുമതലപ്പെടുത്തിയവർ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപം വാനം വെട്ടുന്നതിനിടയിൽ അപകടം. ഊരട്ടമ്പലം സ്വദേശികളായ വിമൽ കുമാർ, ഷിബു എന്നിവരാണ് മണ്ണിനിടയിൽപ്പെട്ട് മരിച്ചത്. മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പേരൂർകടയിലുമാണ്. ഉച്ചയ്ക്ക് 12- മണിയോടെ ആയിരുന്നു സംഭവം. പങ്കജ കസ്തുരിയുടെ കിടത്തി ചികിത്സയ്ക്ക് വേണ്ടിയുളള കെട്ടിടം പണിയുന്നതിന് വേണ്ടി വാനം വെട്ടുന്നതിനിടയിലായിരുന്നു അപകടം. നെടുമങ്ങാട് പോലീസ് കേസെടുത്തു.

by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് അച്ഛൻ. കിരണ്‍ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. എന്താണു സംഭവിച്ചതെന്നു പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കിരണിന്റേ്ത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും കിരണിന്റ ബന്ധുക്കളും കുളച്ചലിലെത്തിയിരുന്നു. തുടര്‍ന്നാണ് കിരണിന്റെ മൃതദേഹം പിതാവ് തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പൊലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Recent Comments