by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
ഷൊർണൂർ: ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനും പ്രശസ്ത സംഗീതാധ്യാപകനുമായ ലെസ്‌ലി പീറ്റർ അന്തരിച്ചു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, ഗ്രാമി ജേതാവ് മനോജ് ജോർജ് തുടങ്ങിയവരുടെ ഗുരുവാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.

നാടകങ്ങൾക്കും സിനിമകൾക്കും വേണ്ടി ആദ്യകാലത്ത് വയലിൻ വായിച്ചിട്ടുണ്ട്. പിന്നീടു സംഗീതാധ്യാപകനായി. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല, സി.ഒ. ആന്റോ, എസ്. ജാനകി, എം.എസ്. ബാബുരാജ്, പി. സുശീല, എം.കെ. അർജുനൻ, ജി. ദേവരാജൻ തുടങ്ങി പഴയ തലമുറയിലെയും ഉണ്ണി മേനോൻ അടക്കമുള്ള പുതുതലമുറയിലെയും നിരവധി സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
by Midhun HP News | Jul 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണു പ്രവചനം.

മലയോര മേഖലകളിൽ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വരുന്ന നാലു ദിവസം വ്യാപകവും ഒറ്റപ്പെട്ടതുമായ മഴയ്ക്കു സാധ്യത ഉള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 വരെ കേരള തീരങ്ങളിൽ മീൻപിടിത്തത്തിനു പോകാൻ പാടില്ല.
by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
അടൂർ: ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു.
ചാങ്ങയിൽ കോണം, വലം പിരിപ്പിളളി മഠം രാജശേഖരൻ ഭട്ടതിരി (67 വയസ്സ്), ഭാര്യ ശോഭാ ദേവി (62 വയസ്സ്) എന്നിവരാണ് സംസ്ഥാനപാതയിൽ ഏനാത്ത് ഇന്ന് രാവിലെ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ നിഖിൽ രാജും മരിച്ചു.
ബുധനാഴ്ച പുലർച്ചെ 6.30 ഓടെ പുതുശേരി ഭാഗത്തിനു സമീപമാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പോലീസ് കുളച്ചലിലേക്ക് തിരിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെഭാഗമായാണ് വിഴിഞ്ഞം പോലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
by Midhun HP News | Jul 13, 2022 | Latest News, ജില്ലാ വാർത്ത
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു.

ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. രാജ്കോട്ടിൽ റോഡിലെ വെള്ളക്കെട്ടിൽ മോട്ടോർസൈക്കിൾ വീണ് ഒഴുക്കിൽപ്പെട്ട അമ്പതുകാരൻ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയിൽ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീൻ കുളത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
by Midhun HP News | Jul 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷ് ജയിൽ വളപ്പിലെ ചുറ്റു മതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് ഉദ്യോഗസ്ഥരെ വലച്ചു. ഒന്നര മണിക്കൂർ നേരം മരത്തിനു മുകളിൽ ഇരുന്ന ഇയാൾ താഴെയിറങ്ങാൻ തയാറായില്ല. അഗ്നിശമനസേന ബലം പ്രയോഗിച്ച് താഴെയിറക്കാൻ ശ്രമിച്ചതോടെ മരക്കൊമ്പ് ഒടിഞ്ഞു താഴേയ്ക്കു വീണ സുഭാഷ്, സേന വിരിച്ച വലയിലേക്കാണു വീണത്. പിന്നീട് സുഭാഷിനെ ആശുപത്രിയിലേക്കു മാറ്റി. സുഭാഷിനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജയിൽ ചാടാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്നും അവർ അറിയിച്ചു.
2016ലാണ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ സെൻട്രൽ ജയിലിൽ എത്തിയത്. കോവിഡിനെ തുടർന്ന് 2020ൽ തുറന്ന ജയിലിലേക്കു മാറ്റി. പിന്നീട് പരോൾ ലഭിച്ച് നാട്ടിലേക്കു പോയി. പരോൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തു നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചു. മാനസിക പ്രശ്നങ്ങൾ കാട്ടിയതിനെ തുടർന്ന് മൂന്നാഴ്ച മുൻപാണ് സെൻട്രൽ ജയിലിലേക്കു മാറ്റിയത്.
ജയിലിലെ വലിയ മതിലിനു പുറത്തുള്ള ഓഫിസിൽ ഹാജരാക്കിയശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. ഓഫിസിനു പുറകിലുള്ള ഉയരം കുറഞ്ഞ മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു. ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ അഗ്നിശമനസേന മരത്തിനു ചുറ്റും വലവിരിച്ചു.
ജയില്‍ മോചിതനാകണമെന്നും ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി. അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിക്കുന്തോറും ഇയാൾ മുകളിലേക്കു കയറി. സുഭാഷിന്റെ കാലിൽ പിടിച്ച് വലിച്ചു താഴെയിറക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇയാൾ ബലം പ്രയോഗിച്ച് മുകളിലേക്കു കയറി. ഇതിനിടെയാണ് മരം ഒടിഞ്ഞ് താഴേക്കു വീണത്.
താൻ വീഴുകയാണെങ്കിൽ ഉദ്യോഗസ്ഥരെയും താഴേക്കു വീഴ്ത്തുമെന്ന് ഇയാൾ ഇതിനിടെ പറയുന്നുണ്ടായിരുന്നു. ചെങ്കൽച്ചൂള ഫയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.ആർ.അരുൺകുമാർ, ശ്രീരാജ് ആർ.നായർ, സനൽകുമാർ എന്നിവരാണ് മരത്തിനു മുകളിലേക്കു കയറിയത്.
Recent Comments