ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തത് ക്ലിഫ് ഹൗസിൽ; സ്വപ്‍ന സുരേഷ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷ് പറഞ്ഞു. പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷൻ വാങ്ങിയെന്ന കേസിൽ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാണു പ്രതികരണം. ഇത്തരം രഹസ്യ ചർച്ചകളെല്ലാം രാത്രി ഏഴു മണിക്കു മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നത്. യുഎഇ കോൺസൽ ജനറലിനൊപ്പം താനും ഇത്തരം ചർച്ചകളിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തു.

പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതു സെക്രട്ടറിയറ്റിലാണെങ്കിലും ഉദ്യോഗസ്ഥതലത്തിലെടുത്ത പല തീരുമാനങ്ങളും ക്ലിഫ് ഹൗസിലെ രഹസ്യചർച്ചകൾക്കു ശേഷം മാറ്റിയിരുന്നു. ഈ പദ്ധതിയുടെ കരാർ യൂണിടാക് കമ്പനിക്കു നൽകിയതിനു എം.ശിവശങ്കറിനു കോഴയായി ലഭിച്ച ഒരു കോടി രൂപയാണു തന്റെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലെടുത്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സിബിഐക്കു കൈമാറിയതായും 21നു ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിക്കു ശേഷം കേരളത്തിൽ ലൈഫ് മിഷന്റെ ഭാഗമായി നടക്കുന്ന മറ്റു നിർമാണ കരാറുകളും യൂണിടാക്കിനു നൽകാൻ ശിവശങ്കർ തീരുമാനിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.

ഗൂഢാലോചനാ കേസ്; ഷാജ് കിരൺ കോടതിയിൽ രഹസ്യ മൊഴി നൽകും

ഗൂഢാലോചനാ കേസ്; ഷാജ് കിരൺ കോടതിയിൽ രഹസ്യ മൊഴി നൽകും

കൊച്ചി : ഷാജ് കിരണിന്റെ ഫോണുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗൂഢാലോചന കേസിൽ നാളെ പാലക്കാട്‌ കോടതിയിൽ രഹസ്യ മൊഴി നൽകും. പിന്നീട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷാജ് കിരൺ പറഞ്ഞു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ.

ആര്യാ രാജേന്ദ്രൻ – സച്ചിൻദേവ് വിവാഹം സെപ്റ്റംബറിൽ

ആര്യാ രാജേന്ദ്രൻ – സച്ചിൻദേവ് വിവാഹം സെപ്റ്റംബറിൽ

തിരുവനന്തപുരം: മേയർ ആര്യാരാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവും സെപ്‌റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11-നാണ് ചടങ്ങ് നടക്കുക. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്.

ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്തുവന്നത്. മാർച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിൻ ജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയെയും കൊണ്ട് ബസ് നേരെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി. 107 നമ്പർ ടൗൺ ടു ടൗൺ ബസിലെ ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേൻ വീട്ടിൽ എം. വിനോദ്, കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടിൽ ആർ. രാജൻ എന്നിവരാണ് അവസരോചിതമായ ഇടപെടലിലൂടെ മാതൃകകളായത്. വിദ്യാർഥിനിയുടെ അവസ്ഥ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്ത ബസിലെ യാത്രികരും മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ എൽ.എൽ.ബി. വിദ്യാർഥിനി വൈത്തിരി രോഹിണിയിൽ റിതിക യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതൽ രക്ഷയായത്.

നല്ല തിരക്കുണ്ടായിരുന്ന ബസിൽ നിന്ന വിദ്യാർഥിനിക്ക്‌ യാത്രാമധ്യേ കൈതപ്പൊയിലിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യാത്രക്കാർ ഒരു സീറ്റിലിരുത്തി. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത റിതികയ്ക്ക് ബസിലുണ്ടായിരുന്ന ഒരു നഴ്‌സിന്റെ നേതൃത്വത്തിൽ യാത്രികർ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് സമയം കളയാതെ ബസ് പത്തുമണിയോടെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി റിതികയുടെ ബന്ധുക്കളെ വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു. റിതിക അപകടനില തരണം ചെയ്തെന്നും കൂട്ടിരിപ്പുകാർ ഉടനെത്തുമെന്ന് ഉറപ്പുവരുത്തിയശേഷം ബസ് ജീവനക്കാരും യാത്രികരും ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നു.

ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കെപിസിസി യുടെ ആഹ്വാനമനുസരിച്ചു വൈദ്യതി, കുടിവെള്ളം, വസ്തു നികുതി എന്നിവയുടെ അകാരണമായ വിലവർദ്ധനവിനെതിരെയും അക്രമരാഷ്ട്രീയത്തിനെതിരേയും ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ എക്സ് എംഎൽഎ ശരചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. ആറ്റിങ്ങൽ അജിത്, ആറ്റിങ്ങൽ സുരേഷ്, അംബിരാജ, വി. ജയകുമാർ, ജോസഫ് പെരേര എന്നിവർ പരിപ[പരിപാടിയിൽ പങ്കെടുത്തു.

കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതി പിടിയിൽ

കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം നടുവിലശ്ശേരി സ്വദേശി വിജയകുമാർ ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ദേശീയ പാതക്കരുകിൽ നിന്ന ഭുവനചന്ദ്രനെ വിജയകുമാർ ചവിട്ടി വീഴ്ത്തിയിരുന്നു.

സംഭവം നടന്നയുടന്‍ വിജയകുമാര്‍ ബസ്സിൽ കയറി കൊല്ലം ഭാഗത്തേക്ക് പോയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. രാവിലെ അഞ്ചാലുംമൂടിനു സമീപം തൃക്കരുവയിൽ നിന്നാണ് പ്രതിയായ വിജയകുമാറിനെ പൊലീസ് പിടികൂടിയത്. വയറ്റിൽ ശക്തമായ ചവിട്ടേറ്റ ഭുവനചന്ദ്രനെ മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭുവനചന്ദ്രന് കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ചവിട്ടേറ്റതിന് പിന്നാലെ ആന്തരീക രക്തസ്രാവമുണ്ടായി.

കഴക്കൂട്ടം ഭാഗത്ത് അലഞ്ഞു തിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്നയാളാണ് വിജയകുമാർ എന്ന് പൊലീസ് പറഞ്ഞു. പേരും വിലാസവും ആർക്കും അറിയാതിരുന്ന ഇയാളെ ഒരു ഫോട്ടോ ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വിജയകുമാര്‍ ഭുവനചന്ദ്രനെ ചവിട്ടിയത്.

ഭൂവനചന്ദ്രനും കരിക്ക് വില്‍പനക്കാരനും റോഡരികില്‍ നിന്ന് വര്‍ത്തമാനം പറയുന്നതിനടുത്തെത്തി തുപ്പിയത് ചോദ്യം ചെയ്തതാണ് വിജയകുമാറിനെ പ്രകോപിപ്പിച്ചത്. വിജയകുമാര്‍ ഓടി വന്ന് ഭൂവനചന്ദ്രനെ ചവിട്ടുകയായിരുന്നു.