ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലോട്ട് മാർച്ച് സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലോട്ട് മാർച്ച് സംഘടിപ്പിച്ചു

നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലോട്ട് മാർച്ച് സംഘടിപ്പിച്ചു.തുടർന്നുള്ള യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുമായ വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പേരൂർ എം എം യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരൂർ എം എം യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരൂർ എം എം യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പിടി എ പ്രസിഡന്റ്‌ അഡ്വ. എം എം താഹ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം ഐ അജികുമാർ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി തിരുവനന്തപുരം ജില്ലാ മാനേജരും കൂടിയായ പി കെ ജയരാജ് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉള്ള ക്ലാസുകൾ നയിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും കൈകോർത്തു മുന്നോട്ടു പോകണമെന്ന് .പി കെ ജയരാജ് അഭിപ്രായപ്പെട്ടു. എം പി ടി എ പ്രസിഡന്റ് അമ്മു വിനോദ്, സീനിയർ അസിസ്റ്റന്റ് ടി ടി സുനിലാറാണി,സ്റ്റാഫ് സെക്രട്ടറി പി എസ് അവിനാഷ് തുടങ്ങിയവർ സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ എസ് സബീർ നന്ദി രേഖപ്പെടുത്തി.

കാർ ലോറിക്ക് പുറകിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

കാർ ലോറിക്ക് പുറകിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

നിലമേൽ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രിക മരിച്ചു. ചടയമംഗലത്ത് എം സി റോഡിൽ പുത്തൂർ സ്വദേശിനി പങ്കജാക്ഷി (85) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും കടക്കൽ ഫയർ ഫോഴ്സും രക്ഷപ്രേവർത്തനം നടത്തി

ലോക ജനസംഖ്യാദിനം ആചരിച്ച് വൈ എൽഎം യു പി സ്കൂളിലെ കുട്ടികൾ

ലോക ജനസംഖ്യാദിനം ആചരിച്ച് വൈ എൽഎം യു പി സ്കൂളിലെ കുട്ടികൾ

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ വൈ എൽ എം യു പി സ്കൂളിൽ ലോകജനസംഖ്യ ദിനാചരണവും സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും സ്കൂൾ എച്ച്. എം ബിനു ഷെറിന ദീപം കൊളുത്തി നിർവഹിച്ചു. ജനസംഖ്യയ്ക്ക് ഒപ്പം ദാരിദ്ര്യവും കുറയ്ക്കണമെന്ന് തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം എന്ന് ബിനു ഷെറിന കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ ജനസംഖ്യാ ദിന മാഗസിൻ സീനിയർ അധ്യാപകനായ രഘുനാഥ ശർമ പ്രകാശനം ചെയ്തു. എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിന പ്രസംഗം, ജനസംഖ്യാ ദിന അവലോകനം, ജനസംഖ്യാ ദിന ഗാനം എന്നിവ ഉൾപ്പെടുത്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കൂടാതെ ചരിത്ര പുസ്തകങ്ങളുടെ ശേഖരണ പദ്ധതി, വളരുന്ന സാമൂഹ്യ ശാസ്ത്ര ആൽബം എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റസീന ബീഗം, ജമീൽ, പ്രീത, അഞ്ജലി, ശാരിക എന്നിവർ പങ്കെടുത്തു.

ഐ.എൻ.എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

ഐ.എൻ.എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

കൊച്ചി ∙ രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഈ മാസം അവസാനം വിക്രാന്ത് നാവിക സേനയ്ക്കു കൈമാറും. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു വിക്രാന്ത് ആദ്യ സമുദ്ര യാത്ര നടത്തിയത്. ഇതിനു പിന്നാലെ ഒക്ടോബറിലും ഈ വർഷം ജനുവരിയിലും രണ്ടും മൂന്നും ഘട്ട സമുദ്ര പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കി. കപ്പലിലെ ഉപകരണങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ക്ഷമത വിലയിരുത്തുകയാണ് ഈ പരീക്ഷണ യാത്രകളുടെ ഉദ്ദേശ്യം. ജൂലൈ രണ്ടിനാണ് അവസാന ഘട്ട പരീക്ഷണങ്ങൾക്കായി കപ്പൽ സമുദ്ര യാത്ര പുറപ്പെട്ടത്. ഏവിയേഷൻ ഫെസിലിറ്റീസ് കോംപ്ലക്സിലെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളുൾപ്പെടെ നാലാം ഘട്ടത്തിൽ വിലയിരുത്തി.

ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലിൽ ഇറക്കിയുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. കപ്പലിൽ ഘടിപ്പിച്ച തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡാറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങിയവയുടെ ക്ഷമതയും പരിശോധിച്ചു.

യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന തൃശൂർ പി.ഗോവിന്ദൻകുട്ടി ഓർമയായി

യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന തൃശൂർ പി.ഗോവിന്ദൻകുട്ടി ഓർമയായി

തൃശൂർ ∙ 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിജയികൾ അവതരിപ്പിച്ച കച്ചേരിയിൽ യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന തൃശൂർ പി.ഗോവിന്ദൻകുട്ടി (80) ഓർമയായി. വായ്പാട്ടിൽ അന്നു യേശുദാസിന് ഒന്നാം സ്ഥാനവും ഗോവിന്ദൻ കുട്ടിക്കു രണ്ടാം സ്ഥാനവുമായിരുന്നു. യേശുദാസിനെ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ അന്നു മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ, ഇന്നത്തെ ഭാവഗായകൻ ജയചന്ദ്രൻ മൃദംഗം വായിച്ചു. ഹാർമോണിയത്തിൽ ശ്രുതി ചേർന്നത് ഗോവിന്ദൻകുട്ടി.
പാറമേക്കാവ് ഭഗവതിയുടെ ദീപാരാധനയ്ക്കു നാഗസ്വരം വായിക്കുന്ന ഗോവിന്ദൻകുട്ടി ജികെ പൂത്തോൾ എന്ന തൂലികാ നാമത്തിൽ എഴുപതുകളിലെ നാടകവേദിയിൽ തിരക്കുള്ള സംഗീത സംവിധായകനായിരുന്നു. നാഗസ്വര വിദഗ്ധനായി തമിഴ്നാട്ടിലും ശ്രദ്ധേയനായി.

2018ൽ സ്കൂൾ കലോത്സവത്തിനു തൃശൂർ വേദിയായപ്പോഴാണ് യേശുദാസിനും ജയചന്ദ്രനുമൊപ്പം ചിത്രത്തിലുള്ള മൂന്നാമനെ കണ്ടെത്താൻ ‘മനോരമ’ അന്വേഷണം തുടങ്ങിയത്. അത്രയും കാലത്തെ രഹസ്യം നീക്കി ഗോവിന്ദൻകുട്ടി ചരിത്രത്തിന്റെ ഭാഗമായി രംഗപ്രവേശം ചെയ്തു. തൃശൂർ എസ്ആർവി സ്കൂളിൽ സംഗീത അധ്യാപകനായി ആയിരുന്നു ജീവിതം. സംസ്കാരം ഇന്നു 11.30നു പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ: രാധ. മക്കൾ: സുധിൻ ശങ്കർ (പാറമേക്കാവ് ക്ഷേത്രം നാഗസ്വരം അടിയന്തരക്കാരൻ) സുമന, സുനിത, സുജേഷ് ശ‌ങ്കർ (എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ തകിൽ അടിയന്തരക്കാരൻ). മരുമക്കൾ: മനീഷ്, അനിൽകുമാർ, മണി, ശുഭ.