by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട് ∙ മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്.
മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പൊലീസ് അറിയിച്ചു. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെങ്ങന്നൂർ ∙ എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. ഇടനാട് കൈതക്കാട്ടിൽ ശ്രീകുമാറിന്റെ (അയ്യപ്പൻ) മകൻ ശ്രീനുവാണു (25) മരിച്ചത്. ഇന്നലെ രാത്രി 8.15ന് എംസി റോഡിൽ പ്രാവിൻകൂട് മഴുക്കീർ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.
പ്രാവിൻകൂട് ഭാഗത്തുനിന്ന് കല്ലിശേരിയിലേക്ക് പിതൃസഹോദരപുത്രി സോനുവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ശ്രീനു. ഇവർ സഞ്ചരിച്ച ബൈക്ക് പെട്രോൾ പമ്പിൽ നിന്ന് എംസി റോഡിലേക്കിറങ്ങിയ തിരുവൻവണ്ടൂർ സ്വദേശി മനു സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു, തുടർന്ന് തിരുവല്ല ഭാഗത്തേക്കു പോയ കാറിനു മുന്നിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശ്രീനുവിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സോനുവിനും പരുക്കുണ്ട്.
ജമ്മുവിലായിരുന്ന ശ്രീനു എട്ടിനു പുലർച്ചെയാണ് അവധിക്കു നാട്ടിലെത്തിയത്.
അമ്മ: പുഷ്പലത. സഹോദരി: ശ്രുതി.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ ∙ അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെ കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) ആണു മരിച്ചത്.
പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.10നു തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു.
ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ കയറുംമുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
യു.എന്‍: ഈ വര്‍ഷം നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്റെ വിലയിരുത്തല്‍. 2023-ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950-ന് ശേഷം ഇങ്ങോട്ട് ജനസംഖ്യാ വര്‍ധന അതിന് മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് കാണുന്നതെന്നാണ് യു.എന്‍ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
2030-ഓടെ ജനസംഖ്യ 850 കോടിയിലെത്തും. അതുപോലെ 2050-ഓടെ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം. അതിന് ശേഷം 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകാനിടയില്ല. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്.
അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടി പഠനത്തില്‍ താല്പര്യമില്ലായ്മ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

by liji HP News | Jul 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: സിനിമാ സംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.
ചാവക്കാട് സ്വദേശിയായ കെ എന്‍. ശശിധരന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കി. പി.കെ. നന്ദനവര്‍മ്മയുടെ ‘അക്കരെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ‘അക്കരെ’ എന്ന പേരില്‍ത്തന്നെ ആദ്യചിത്രം, തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിര്‍മാണവും ശശിധരന്‍ ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
കെ.എന്‍. ശശിധരന്‍ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. ‘വന്നല്ലോ വനമാല’ എന്ന പരസ്യത്തില്‍ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.

Recent Comments