സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും

ഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന. cbseresults.nic.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. പരീക്ഷാസംഗം പോർട്ടലിൽ പത്താംക്ലാസ് സ്കോർകാർഡും ലഭിക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലായി 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പരീക്ഷാഫലം കാത്തിരിക്കുന്നത്‌.

അസമിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ കാരണം ഫലപ്രഖ്യാപനം വൈകിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് വസ്തുതാവിരുദ്ധമാണെന്ന് സിബിഎസ്ഇ വക്താവിനെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘സിബിഎസ്ഇ ഉത്തരക്കടലാസുകള്‍ പ്രാദേശികമായിതന്നെയാണ് മൂല്യനിര്‍ണയം നടത്തുന്നത്, അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂല്യനിര്‍ണയവും അവിടെവെച്ചുതന്നെ നടത്തുന്നതിനാല്‍ ഉത്തരക്കടലാസുകളുടെ എയര്‍ലിഫ്റ്റിങ് സംബന്ധിച്ച് പ്രശ്‌നം ഉദിക്കുന്നേയില്ല’- സിബിഎസ്ഇ വക്താവ് വ്യക്തമാക്കി.

മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം; കാറ്റും മഴയും തുടരുന്നു

മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം; കാറ്റും മഴയും തുടരുന്നു

ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാൻ അധികൃതർ തയ്യറാകാതെ വന്നതോടെ ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകൾ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞതിനാൽ എന്തെങ്കിലും അസംഭാവിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയുകയില്ല. അടിയന്തരഘട്ടത്തിൽ യന്ത്രങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം.

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

എകെജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുള്ള സ്ഫോടകവസ്തുവെന്ന് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്ഫോടകവസ്തുവിന് വീര്യം നന്നേ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഫോടനശേഷി കൂട്ടുന്ന രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലെന്നും കണ്ടെത്തല്‍. ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.


ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിച്ച വ്യക്തിയായിരുന്നു പി. ഗോപിനാഥന്‍ നായര്‍. വളരെ ചെറുപ്പില്‍ തന്നെ ഗാന്ധിയെ നേരില്‍കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് സ്വാതന്ത്യ സമരത്തിലടക്കം പങ്കെടുത്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഗോപിനാഥന്‍ നായര്‍.

1922 ജൂലായ് ഏഴിന്‌ എം. പത്മനാഭ പിള്ളയുടെയും കെ.പി ജാനകി അമ്മയുടെയും മകനായി നെയ്യാറ്റിന്‍കരയിലായിരുന്നു ജനനം. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

“വിഭജനകാലത്ത് സമാധാനദൗത്യം ഏറ്റെടുത്ത് രാജ്യമെങ്ങും സഞ്ചരിച്ചു. മാറാട് കലാപ സമയത്ത് ഗോപിനാഥന്‍ നായര്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ വളരെ വലുതായിരുന്നു. കലാപ സമയത്ത് സര്‍ക്കാരിന്റെ മാധ്യസ്ഥനായി പ്രവര്‍ത്തിച്ചതും ഗോപിനാഥന്‍ നായരായിരുന്നു.

1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1961-ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരക നിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തെത്തി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായ സേവാഗ്രാമിന്റെ അധ്യക്ഷനായി.

ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍ നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. ഗാന്ധിജിയെ മൂന്നുതവണ നേരില്‍ക്കണ്ട ഗോപിനാഥന്‍ നായര്‍, സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.”

അന്തിയൂർകോണം സ്‌കൂളിന്റെ മേൽക്കൂര പൊളിഞ്ഞു വീണു; ആളപായമില്ല

അന്തിയൂർകോണം സ്‌കൂളിന്റെ മേൽക്കൂര പൊളിഞ്ഞു വീണു; ആളപായമില്ല

അന്തിയൂർകോണം: അന്തിയൂർകോണം സ്‌കൂളിന്റെ മേൽക്കൂര പൊളിഞ്ഞു വീണു. കുട്ടികൾ ക്ലാസ്സ് മുറികളിൽ ആയിരുന്നതിനാൽ മറ്റ്‌ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ബുധനാഴ്ച രാവിലെ ആണ് സ്‌കൂളിലെ ഓട് മേഞ്ഞ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണത്.

പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ വശത്തു കൂടെയാണ്
അതേ വശത്തുള്ള മറ്റു ക്ലാസ് മുറികളിലേക്ക് കുട്ടികളും അദ്ധ്യാപകരും പോകുന്നത്. ഇതിനു സമീപത്തായി ഇടവേളകളിൽ കുട്ടികൾ എത്താറുണ്ട്. മറുവശത്തു
മൂങ്ങോട് വഴി പേയാട് പോകുന്ന എളുപ്പ വഴിയാണ് ഉള്ളത്. അനവധി വാഹനങ്ങൾളും കാൽ നടയാത്രക്കാരും ഇതിനു സമീപത്തു കൂടെയാണ് കടന്ന് പോകുന്നത്. മേല്കൂരക്ക് ഒപ്പം ഭിത്തിയുടെ ഒരു ഭാഗം കൂടെ അടർന്നു വീണു. കെട്ടിടം പൊളിഞ്ഞു വീണു അപകടം ഉണ്ടാകുമെന്ന് പല മുന്നറിയിപ്പും രക്ഷകർത്താക്കൾ ഉൾപ്പെടെ നൽകിയിരുന്നു. എന്നാൽ ഇതു പൊളിച്ചു നീക്കാൻ കാലതാമസം നേരിട്ടു. കെട്ടിടം പൊളിഞ്ഞു വീണതോടെ അധികൃതർ തൊഴിലാളികളെ എത്തിച്ചു പൊളിച്ചു നീക്കുന്ന ജോലികളാണ് നടക്കുന്നത് എന്ന ധാരണ പരത്താനുള ശ്രമവും നടത്തി.