by Midhun HP News | Jul 3, 2022 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്കൂൾ വിക്കി പോർട്ടലിൽ മികച്ച താളുകൾ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള പുരസ്കാരം ഗവ. ഹൈസ്കൂൾ അവനവഞ്ചേരി നേടി. തിരുവന്തപുരം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ നേടിയത്. ക്യാഷ് അവാർഡ്, ശില്പം, പ്രശംസാ പത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. നിയമസഭക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം വിതരണം ചെയ്തു. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡി.ജി.ഇ. കെ.ജീവൻ ബാബു ഐ.എ.എസ്., കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. സ്കൂളിന് വേണ്ടി എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, ലിറ്റിൽ കൈറ്റ് അംഗങ്ങളായ കുട്ടികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

by Midhun HP News | Jul 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ പുത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു.

ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. പൂത്തിരിയിൽ നിന്നും ബസിന്റെ മുകൾ ഭാഗത്ത് തീ പടർന്നു. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.
തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
by Midhun HP News | Jul 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: സംസ്ഥാനത്ത് ഉയരുന്ന കൊവിഡ് കേസുകൾക്ക് പുറമെ പകർച്ചപ്പനി വ്യാപകം. 15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്.

സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ പനി ബാധിച്ചു മരിച്ചു. ഇന്നലെയും മിനിഞ്ഞാന്നും മാത്രമായി പനി ബാധിച്ചവർ 30,000 ന് അടുത്താണ്. കഴിഞ്ഞ മാസം പനി ബാധിച്ചത് 3,50,000 പേർക്കാണ്. വയനാട്ടിൽ എലിപ്പനി ഭീഷണിയുമുണ്ട്. ഇന്നലെ മാത്രം 7 പേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചു. ചെതലയം, പുൽപ്പള്ളി, ഇടവക, ചീരാൽ, കോട്ടത്തറ ഇങ്ങനെ 7 സ്ഥലങ്ങളിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. മൊത്തം എലിപ്പനി മരണം 21 ആയി. ഇന്നലെ സംസ്ഥാനത്ത് 51 പേർക്ക് ഡെങ്കി, 12 ചിക്കൻപോക്‌സ് എന്നിവ സ്ഥിരീകരിച്ചു . എറണാകുളത്ത് മാത്രം 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തക്കാളിപനി അടക്കം കുട്ടികളിലും പകർച്ചപ്പനി വ്യാപകമാണ്. അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജർ നിലയെ തന്നെ ഇവ ബാധിച്ചു.
by Midhun HP News | Jul 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കിന്ന് ഫയൽ തീര്‍പ്പാക്കൽ ഞായര്‍. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുമായി എഴുപത് ശതമാനത്തോളം ജീവനക്കാരും ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായെന്നാണ് കണക്ക്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയൽ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീരാ പ്രശ്നമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ജൂൺ 15ന് തുടങ്ങിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിന് സെപ്തംബര്‍ 30 ന് ഡെഡ് ലൈൻ. മാസത്തിലൊരു അവധി ദിവസം പ്രവര്‍ത്തി ദിനം ആക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു . പൊതു ഭരണ വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മാത്രം ജീവനക്കാര്‍ ഓഫീസിലെത്തി.

പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സര്‍വ്വീസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പഞ്ചായത്ത് റവന്യു ഓഫീസുകളിലും നഗരസഭകളിലുമെല്ലാം ഞായറാഴ്ച പ്രവര്‍ത്തിദിനം ആണ്. രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരിക്കൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ തലത്തിലും ഫയൽ തീര്‍പ്പാക്കാൽ അവലോകനം നടന്നാനാണ് തീരുമാനം. അതാത് വകുപ്പുകളിൽ മന്ത്രിമാരും പ്രവര്‍ത്തനങ്ങൾ വിലയിരുത്തും.
by Midhun HP News | Jul 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പിണറായിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. എകെജി സെന്ററിലേക്കുള്ള പടക്കമേറ് ഇത്തരത്തിൽ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. ജനശ്രദ്ധ തിരിച്ചുവിടാൻ, ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ‘കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്’.

ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഭാഗമായി സോളാർ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിന് കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.
by Midhun HP News | Jul 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി. വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പൊതുവിതരണ വകുപ്പ്.

കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായാണ് കൂട്ടിയത്. കൈവശമുള്ള ശേഖരം തീരുന്നത് വരെ സംസ്ഥാനം 82 രൂപക്ക് തന്നെ മണ്ണെണ്ണ വിതരണം തുടരും. എന്നാല്‍ കരുതല്‍ തീര്‍ന്നാല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം മുടങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. വര്‍ഷത്തില്‍ നാല് തവണയാണ് കേന്ദ്രം സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനം വെട്ടിക്കുറച്ചു.
മത്സ്യമേഖലയെയാണ് മണ്ണെണ്ണ ക്ഷാമം ഏറ്റവും അധികം ബാധിക്കുന്നത്. സംസ്ഥാനത്ത്14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോലീറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 3380 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രം. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രം വഴിയുള്ള മണ്ണെണ്ണ വിതരണം ഉള്‍പ്പടെ മുടങ്ങാനാണ് സാധ്യത.
Recent Comments