സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മണ്‍സൂണ്‍ പാത്തി കൂടുതല്‍ തെക്കോട്ട് നീങ്ങിയതും, ജാര്‍ഖണ്ഡിന് മുകളിലെ ന്യൂന മര്‍ദ്ദവുമാണ് മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. തൃശ്ശൂര്‍ തൃക്കൂരില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ വേലായുധന്‍റെ വീടാണ് തകര്‍ന്നത്. ഇടുക്കി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. കോട്ടയം പൊന്‍പള്ളിക്ക് സമീപം വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലം പുനലൂര്‍നെല്ലിപ്പള്ളിയില്‍റോഡിന്‍റെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു.

പുനലൂര്‍ മൂവാറ്റുപുഴ റോഡിന്‍റെ സംരക്ഷണ ഭിത്തിയാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്ന് കല്ലടയാറ്റില്‍ പതിച്ചത്. എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻ ചാൽ പാലം മുങ്ങി. ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏകപ്രവേശന മാർഗമാണ് ഈ പാലം. ഇതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി പാംബ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തി. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. വയനാട്ടിൽ കുറിച്യാർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.

എകെജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം

എകെജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം

തിരുവനന്തപുരം: എകെജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ റിജുവിനെ വിട്ടയച്ചു. എകെജി സെന്‍റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എകെജി സെന്‍ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ സംഭവം നടന്നപ്പോൾ ഇയാൾ എകെജി സെന്‍റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു.

പക്ഷെ കല്ലെറിയുമെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേർത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുമെന്ന് പറഞ്ഞ് പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസം നിറഞ്ഞു. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം : തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.

”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകൾ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോൾ വിളിക്കുന്നയാൾ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫോൺ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. മകനാണ് ആദ്യത്തെ ഫോൺ കോളെടുത്തിരുന്നത്. ആ കോളിൽ കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തൽമണ്ണ സ്വദേശി നൗഫൽ എന്നയാൾ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ

മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ. 16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. വീട്ടിൽ ആക്രി പെറുക്കാൻ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് ആദ്യം നൽകിയത്. വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂർത്തിയാവത്തതിൽനാൽ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.

കേരള റേഷൻ എംപ്ലോയീസ് യൂണിയൻ; ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള റേഷൻ എംപ്ലോയീസ് യൂണിയൻ; ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (citu) ൻ്റെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയേൽ ജോർജ് നിർവഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മടവൂർ അനിലും സംസ്ഥാന ഭാരവാഹി അംഗങ്ങളും താലൂക്ക് ഭാരവാഹി അംഗങ്ങളും പാർട്ടിയുടെ സമുന്നതരായ നേതാക്കളും പങ്കെടുത്തു.

അവനവഞ്ചേരി ഗവ: ഹൈസ്കൂളിന് സ്കൂൾ വിക്കി പുരസ്കാരം

അവനവഞ്ചേരി ഗവ: ഹൈസ്കൂളിന് സ്കൂൾ വിക്കി പുരസ്കാരം

സംസ്ഥാനത്തെ 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്കൂൾ വിക്കി പോർട്ടലിൽ മികച്ച താളുകൾ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള പുരസ്കാരം ഗവ. ഹൈസ്കൂൾ അവനവഞ്ചേരി നേടി. തിരുവന്തപുരം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ നേടിയത്. ക്യാഷ് അവാർഡ്, ശില്പം, പ്രശംസാ പത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. നിയമസഭക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം വിതരണം ചെയ്തു. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡി.ജി.ഇ. കെ.ജീവൻ ബാബു ഐ.എ.എസ്., കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. സ്കൂളിന് വേണ്ടി എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, ലിറ്റിൽ കൈറ്റ് അംഗങ്ങളായ കുട്ടികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.