സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി. വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പൊതുവിതരണ വകുപ്പ്.

കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായാണ് കൂട്ടിയത്. കൈവശമുള്ള ശേഖരം തീരുന്നത് വരെ സംസ്ഥാനം 82 രൂപക്ക് തന്നെ മണ്ണെണ്ണ വിതരണം തുടരും. എന്നാല്‍ കരുതല്‍ തീര്‍ന്നാല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം മുടങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. വര്‍ഷത്തില്‍ നാല് തവണയാണ് കേന്ദ്രം സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനം വെട്ടിക്കുറച്ചു.

മത്സ്യമേഖലയെയാണ് മണ്ണെണ്ണ ക്ഷാമം ഏറ്റവും അധികം ബാധിക്കുന്നത്. സംസ്ഥാനത്ത്14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോലീറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 3380 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രം. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രം വഴിയുള്ള മണ്ണെണ്ണ വിതരണം ഉള്‍പ്പടെ മുടങ്ങാനാണ് സാധ്യത.

15 ലക്ഷം രൂപ വിലയുള്ള ലഹരി മരുന്നുമായി യുവാവ് പിടിയിൽ

15 ലക്ഷം രൂപ വിലയുള്ള ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനയ്ക്ക്
എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. വിപണിയിൽ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്.

“പ്രൈസ് ഓഫ് പോലീസ്” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

“പ്രൈസ് ഓഫ് പോലീസ്” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്.

കലാഭവൻ ഷാജോണാണ് മാണി ഡേവിസാകുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – എ ബി എസ് സിനിമാസ്
നിർമ്മാണം – അനീഷ് ശ്രീധരൻ
സംവിധാനം – ഉണ്ണി മാധവ്
രചന – രാഹുൽ കല്യാൺ
ഛായാഗ്രഹണം – ഷമിർ ജിബ്രാൻ
ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ
സംഗീതം, പശ്ചാത്തലസംഗീതം – റോണി റാഫേൽ
പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ
എഡിറ്റിംഗ് – അനന്തു എസ് വിജയ്
ഗാനരചന – ബി കെ ഹരി നാരായണൻ ,പ്രെറ്റി റോണി
ആലാപനം – കെ എസ് ഹരിശങ്കർ, നിത്യാമാമ്മൻ , അനാമിക
കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ്
കല- അർക്കൻ എസ് കർമ്മ
കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ
ചമയം – പ്രദീപ് വിതുര
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല
ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ, മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ
പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല
ഡിസൈൻസ് – പ്രമേഷ് പ്രഭാകർ
സ്റ്റിൽസ് – അജി മസ്കറ്റ്
ആർ ഓ – അജയ് തുണ്ടത്തിൽ

വിജിലന്റ് ഗ്രൂപ്പിന്റെ പഞ്ചായത്ത് തല യോഗം ചേർന്നു

വിജിലന്റ് ഗ്രൂപ്പിന്റെ പഞ്ചായത്ത് തല യോഗം ചേർന്നു

കിഴുവിലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായി യോജിച്ച് രൂപീകരിച്ച വാർഡ് തല വിജിലന്റ് ഗ്രൂപ്പുകളുടെ പഞ്ചായത്ത് തല യോഗം കൂന്തള്ളൂർ ഗവണ്മെന്റ് എൽ.പി.എസ് ഹാളിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ രജിത.എസ്, സൈജ നാസർ, ആശാ, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ സജിനി വിഷയാവതരണം നടത്തി. സി.ഡി.എസ് അംഗം സുനീതി നന്ദി പ്രകാശിപ്പിച്ചു

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്

ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play Beta) വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങൾ.

റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.

പുനർരൂപകൽപ്പന ചെയ്ത കൺടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് നൽകുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച് ഏകദേശ രൂപം നൽകുന്നതാണ്. സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്ക് ഫോർമാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷൻ വരുന്നതിന് മുമ്പ് ആപ്പിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കും

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന്‌ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി. പെൻഡിംഗ്‌ ഫയലുകൾ ‌ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ നടത്തുന്നുണ്ട്‌‌. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.