സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി

സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി

കൽപ്പറ്റ: സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി. തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്‌ ചൈൽഡ്‌ലൈനിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം 23 നാണ് പരാതിക്കിടയാക്കിയ സംഭവം. വൈകീട്ട് നാലിന് സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ‘ഹിന്ദുസ്ഥാൻ’ എന്ന ബസിൽ കയറിയതായിരുന്നു പതിമ്മൂന്നുകാരൻ. ബസിനുള്ളിലെ കമ്പിയിൽ മറ്റൊരു കുട്ടി പിടിച്ചു തൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ, അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചപ്പോൾ പിൻഡോറിലെ ക്ലീനർ ഷർട്ടിന്റെ കോളറിനു പിടിച്ച്‌ താഴെ വലിച്ചിട്ടെന്നും മൂന്നുതവണ ‘തൂങ്ങെടാ’ എന്ന് ആക്രോശിച്ച് ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തെന്നുമാണ് കുട്ടിയുടെ പരാതി.

പിന്നാലെ കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാമെന്നും കണ്ടക്ടർ പറഞ്ഞെന്നും പരാതിയിലുണ്ട്. യാത്രക്കാരുടെയും മറ്റു വിദ്യാർഥികളുടെയും മുന്നിൽവെച്ച്‌ ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞു പോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് ക്ലീനർ അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ചൈൽഡ്‌ലൈൻ കൽപ്പറ്റ പൊലീസിനും ആർടിഒയ്ക്കും കൈമാറി.

പി സി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ

പി സി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗ കേസിൽ നേരത്തെ പി.സി.ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണസംഘം പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്ന് സ്വപ്നയുടെ ഹർജി

കൊച്ചി: അന്വേഷണസംഘം പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി എൻഐഎ കോടതി ഇന്നു പരിഗണിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും സ്വപ്ന ഹർജി നൽകിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒളിവിൽ പോയ സ്വപ്നയെ, ബെംഗളൂരുവിൽനിന്നു പിടികൂടിയ ഘട്ടത്തിലാണ് അവരുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍ഐഎ സംഘം പിടിച്ചെടുത്തത്. ഇതു തിരിച്ചുകിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് സ്വപ്‌ന ഹര്‍ജിയിൽ ആവശ്യപ്പെട്ടു. 625 പവന്‍ സ്വര്‍ണം വിവാഹാവശ്യത്തിനായി വാങ്ങിയതാണെന്നും ഇതില്‍ 112 പവനാണ് പിടിച്ചെടുത്തതെന്നും സ്വപ്‌ന പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍. സര്‍വകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിസരത്തെ സ്‌കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി. ജൂണ്‍ 29-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികളാണ് കാമ്പസിലെത്തിയത്. കാടുമൂടിയ സ്ഥലത്തുകൂടെ നടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരന്‍ പെണ്‍കുട്ടികളോട് കയര്‍ക്കുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കൂട്ടത്തിലൊരു പെണ്‍കുട്ടിയെ തിരികെ വിളിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

JUST IN

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്. വഴിയില്‍വെച്ച് പ്രതിക്ക് ആരോ സ്ഫോടക വസ്തു കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്. ചുവന്ന സ്കൂട്ടറിലെത്തിയ പ്രതി എകെജി സെന്‍ററിന് സമീപത്തെ കാര്യങ്ങള്‍ നിരീക്ഷിച്ച് പോയശേഷം തിരിച്ചെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു. ഇയാള്‍ക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.

ചാത്തൻപാറയിൽ മരിച്ച തട്ടുകട ഉടമക്ക് പിഴ ചുമത്തിയത് 5000 രൂപ

ചാത്തൻപാറയിൽ മരിച്ച തട്ടുകട ഉടമക്ക് പിഴ ചുമത്തിയത് 5000 രൂപ

ആലംകോട്: ചാത്തൻപാറയിൽ തട്ടുകട ഉടമയും കുടുംബത്തിലെ 4 പേരും മരണപ്പെട്ട സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി തട്ടുകട ഉടമയ്ക്ക് 50000 രൂപയുടെ പിഴ നൽകിയെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അറിയിച്ചു. ചാത്തൻപാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുട്ടന്റെ തട്ടുകടയിൽ വൃത്തിഹീനമായ സാഹചര്യമാണ് കണ്ടതെന്നും തുടർന്ന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഭീമമായ പിഴത്തുക കാരണമാണ് കുട്ടനും കുടുംബവും ആത്മഹത്യ ചെയ്തത് എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഫുഡ് ആൻഡ് സേഫ്റ്റി പരിശോധന നടത്തിയ ശേഷം രണ്ടു ദിവസമായി കട അടഞ്ഞു കിടക്കുകയായിരുന്നു. ഇന്ന് കട തുറക്കാൻ ഇന്നലെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. അതിനിടയിലാണ് ഇന്ന് ദാരുണ സംഭവം നടക്കുന്നത്.

ഇന്ന് രാവിലെയാണ് ചാത്തൻപാറ കടയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.