by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പത്തിൽ ഒരു മാർക്കു കിട്ടിയ കുട്ടി പരീക്ഷയിൽ തോൽക്കുമെന്ന് ഉറപ്പ്. അങ്ങനെ തോറ്റ പരീക്ഷ വീണ്ടും വീണ്ടുമെഴുതി മെയ്യ് കണ്ണാക്കിയാണു കരമന ജിജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ഗോപിക എസ്.മോഹൻ സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരിപ്പയറ്റ് സ്വർണം സ്വന്തമാക്കിയത്.
സീനിയർ പെൺകുട്ടികളുടെ ‘ചുവടുകൾ’ മത്സരത്തിലാണു തിരുവനന്തപുരം മൊട്ടമൂട് മിന്നൂട്ടി ഭവനിൽ മോഹനകുമാറിന്റെയും സജിതയുടെയും മകൾ ഗോപിക സ്വർണം നേടിയത്. മുൻപു നേമം ജിയുപിഎസിൽ പഠിക്കുമ്പോഴാണു ഗോപികയുടെ കളരി വര മാറ്റിയ മത്സരം നടക്കുന്നത്.ചെറുതായി കളരിപ്പയറ്റ് പഠിച്ചിരുന്ന ഗോപിക സ്കൂളിൽ നടന്ന മത്സരത്തിൽ അവസാനക്കാരിയായി– പത്തിൽ ഒരു മാർക്ക്. മത്സരം കണ്ട ഗുരുക്കൾ ഡോ. എസ്. മഹേഷ് ഗോപികയെ കളരിപ്പയറ്റിന്റെ വിശാല ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 8 വർഷമായി നേമത്തെ അഗസ്ത്യം കളരിയിൽ പഠനം.
എന്താണു കളരി പഠിച്ചതു കൊണ്ടുള്ള ഗുണം? ചോദ്യത്തിനു ഗോപികയുടെ ‘ബോൾഡായ’ ഉത്തരം: ‘ആത്മവിശ്വാസം കൂടി. ആരോടും എതിർത്തു പറയാൻ പറ്റില്ലെന്നാണു പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. പക്ഷേ, എനിക്കു കൃത്യമായി ‘നോ’ പറയാൻ പറ്റും. അതു കളരിപ്പയറ്റ് തന്ന ശക്തിയാണ്’. കളരിപ്പയറ്റിൽ സീനിയർ വിഭാഗം ഓവറോൾ കിരീടം കണ്ണൂർ നേടി . ആൺ, പെൺ വിഭാഗങ്ങളിലായി 3 സ്വർണമുൾപ്പെടെ 29 പോയിന്റോടെയാണു കണ്ണൂരിന്റെ നേട്ടം.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ഇതിനായുള്ള ചുമതല നൽകി. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകളിലെ ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് തീരുമാനം. കാരുണ്യയാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡിഎംഎ വാങ്ങിയെന്ന സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. ആലുവയിലെ ചങ്ക്സ് ഡ്രൈവേഴ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്
ഇത് വാർത്തയായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. വാട്സാപ്പ് സന്ദേശം കൃത്യമായി പരിശോധിക്കും. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചോ, ഉണ്ടെങ്കിൽ എവിടെ നിന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കും. എക്സൈസിനെ കൂടി ഉൾപ്പെടുത്തിയാകും പരിശോധനയെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പാകുമല്ലോ. നിങ്ങൾ വി.ഡി. സവർക്കർ രാജ്യദ്രോഹിയെന്ന് പറയുന്നു, ശരിയല്ല. എത്രയോ പതിറ്റാണ്ടുകൾ ആൻഡമാനിൽ തടവിൽ കഴിഞ്ഞ വി.ഡി. സവർക്കറെ നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ദ്രോഹിക്കുന്നു, ഞങ്ങൾ പഠിപ്പിക്കും. ഹെഡ്ഗേവാർ, ദീൻ ദയാൽ ഉപാധ്യായ… അവരൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ? കാര്യങ്ങൾ ശരിയായ നിലയിൽ പഠിക്കണം, അതിനുള്ള സംവിധാനങ്ങളുണ്ടാകും. ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട.’ കെ. സുരേന്ദ്രൻ പറഞ്ഞു.
കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. ഇത് നടപ്പാകും, നടപ്പാക്കേണ്ടിവരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അത് നേരത്തെ മനസ്സിലായി. പിണറായി വിജയന് മനസ്സിലായി എന്ന് വിചാരിക്കുന്നു. കരിക്കുലം പരിഷ്കരണത്തിലും ഇടപെടാൻ സാധിക്കും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാം -സുരേന്ദ്രൻ പറഞ്ഞു.
സി.പി.ഐയെ പോലെ ഇത്രയും നിലപാടില്ലാത്ത ഒരു പാർട്ടി ഈ രാജ്യത്തുണ്ടോ? സി.പി.ഐ എപ്പോഴും കുരയ്ക്കും, പക്ഷേ കടിക്കില്ല. സി.പി.ഐക്കുള്ള ഏറ്റവും വലിയ ഗുണം അതാണ്. ബിനോയ് വിശ്വം എന്തെല്ലാം പറഞ്ഞു.സി.പി.ഐ പറഞ്ഞു, മാവോയിസ്റ്റ് വേട്ട നടപ്പാവില്ലെന്ന്. മാവോയിസ്റ്റുകളെ എല്ലാ വർഷവും ഇവിടെ വെടിവെച്ച് കൊല്ലുകയാണ്. സി.പി.ഐ പറഞ്ഞു പൂരം കലക്കി, ഉടൻ നടപടിയെടുക്കണം, അജിത് കുമാറിനെ മൂക്കിൽ കയറ്റണം. അജിത് കുമാർ അതാ അവിടെ ഇരിക്കുന്നു. -കെ. സുരേന്ദ്രൻ പരിഹസിച്ചു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മന് എംഎല്എ. ഉമ്മന് ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് എംഎല്എയുടെ എകാംഗ പ്രതിഷേധം. കഴിഞ്ഞ അഞ്ചുവര്ഷമായി ഒന്നും ചെയ്യാതെ പാതിവഴിയില് പണി ഉപേക്ഷിച്ച മിനി സിവില്സ്റ്റേഷന് ഉമ്മന്ചാണ്ടിയുടെ പേര് നല്കി ഉദ്ഘാടനം നിര്വഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മന് മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാള് ഇവിടെയുണ്ട്. വേണമെങ്കില് അതിന് അദ്ദേഹത്തിന്റെ പേരിടാം. അതിന് ഇഎംഎസിന്റെ പേരാണ് ഇട്ടത്. പണി പൂര്ത്തിയാകാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ട് പഞ്ചായത്ത് അപമാനിക്കുകയാണ്. പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണന കേരളത്തിലെ ജനം കാണട്ടെ. അദ്ദേഹത്തെ അപമാനിക്കാണ് ഇത്തരമൊരു ഉദ്ഘാടനം നടത്തിയത്. ഇതൊന്നും കേരളം അംഗീകരിക്കില്ല. അതില് പ്രതിഷേധിച്ചാണ് ഒരുമകന് എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പ്രതിഷേധം ഇരിക്കുന്നത്’ – ചാണ്ടി ഉമ്മന് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുതുപ്പള്ളിയിലെ ജനങ്ങള് തിരിച്ചറിയുമെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. പുതുപ്പള്ളിയിലെ വികസന സദസ്സിന്റെ പ്രചാരണ ബോര്ഡില് അനുവാദമില്ലാതെ തന്റെ ചിത്രം വെച്ചിരിക്കുന്നു. കേരളത്തില് യുഡിഎഫ് ബഹിഷ്കരിച്ച ചടങ്ങില് താന് പങ്കെടുക്കുന്നുവെന്ന രീതിയില് പ്രചാരണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിലെ മോന്താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്കോട്, കണ്ണൂര്, കോഴിക്കോട് ജില്ലകള്ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നിലവിലെ മൂന്ന് ജില്ലകളില് നിന്ന് അഞ്ചു ജില്ലകളിലേക്ക് ഓറഞ്ച് അലര്ട്ട് നീട്ടി.
മോന്താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്കൊപ്പം കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്. മണിക്കൂറില് 74 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം വിനോദസഞ്ചാരികൾക്കൊപ്പം ടൂറിസ്റ്റായി വർക്കലയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ഇന്ന് വർക്കല പോലീസിന്റെ പിടിയിലായത്.
കോയമ്പത്തൂർ ഭാഗത്തെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ. മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി.
വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്രിമിനൽ കേസുകൾ ഉൾപ്പെടുന്നവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ആയി മാറുകയാണ് വർക്കല വിനോദസഞ്ചാര മേഖല
പ്രതിയെ കോയമ്പത്തൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു.


Recent Comments