by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന സാമൂഹ്യമാധ്യമ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വന്‍ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ പറഞ്ഞ് തട്ടിപ്പുകാര്‍ സമീപിക്കുമെന്നും പൊലീസ് പറയുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.
തുടര്‍ന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്.
പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്. പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതേസമയം കന്യാകുമാരി തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 02.30 മുതൽ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാ നിർദേശം
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്‌ഷനിലെ പൊതുമാർക്കറ്റ് നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയിട്ടു രണ്ടുവർഷം പിന്നിട്ടിട്ടും തുടർ നടപടി ഇല്ലാത്തതിൽ പ്രതിഷേധം. കച്ചവടക്കാർക്കും മാർക്കറ്റിലെത്തുന്നവർക്കും മതിയായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണു നിലവിലുണ്ടായിരുന്ന കടമുറികളടക്കം നീക്കിയത്. പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ചന്തയിലെ കച്ചവടക്കാരടക്കമുള്ളവരെ പൂർണമായി ഒഴിപ്പിച്ചു. 10 മാസങ്ങൾക്കകം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
ചന്തയിലെ സ്ഥിരം കച്ചവടക്കാർ ഗതാഗതത്തിരക്കേറിയ സമീപ പാതയോരങ്ങളെയാണ് കച്ചവടത്തിന് ആശ്രയിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കിയതാണു കാരണമെന്നു അധികൃതർ പറയുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളുടെ സുരക്ഷിത കേന്ദ്രമാണിപ്പോൾ മാർക്കറ്റ് പരിസരം. സന്ധ്യമയങ്ങിയാൽ തെരുവുനായ്ക്കൾ ചെക്കാലവിളാകം പരിസരമാകെ കയ്യടക്കുന്ന സ്ഥിതിയുമുണ്ട്. കിഫ്ബിയിൽ നിന്നു 2.75 കോടി രൂപ മാർക്കറ്റ് നവീകരണത്തിനായി അനുവദിച്ചിട്ടും പദ്ധതിക്കു തുടക്കമിടാൻ കഴിയാത്തതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നു ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
രുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 10) വൈകിട്ട് 5. 30ന് നടക്കും. തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുക്കും.
ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.
ആലുവ സൂപ്പർമാർക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കൽ പീപ്പിൾസ് ബസാർ, നോർത്ത് പറവൂർ പീപ്പിൾസ് ബസാർ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റർ ഫെയറുകൾ ആയി പ്രവർത്തിക്കുക.
by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂൾസിൽ അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (വ്യാഴം) മുതൽ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുന്നത്.
അതി വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നീന്തൽ പരിശീലനം നടക്കുന്നത്. നീന്തൽ പരിശീലന ക്യാമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫ് അലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ആർ.സരിത, പി.മണികണ്ഠൻ, മോനി ശാർക്കര, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. 12 വയസ്സിന് താഴെയുള്ളതും 150 സെന്റീമീറ്ററിന് താഴെ ഉയരമുള്ള വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. ചിറയിൻകീഴും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിനുള്ള സാഹചര്യം ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ അറിയിച്ചു.
by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാരും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള തുക കൈമാറി.
ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. മുപ്പത്തിമൂന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 494 ഗുണഭോക്താക്കൾക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. സ്വയം തൊഴിൽ സംഭരംഭങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിലും കുടുംബത്തിന് ആകമാനം സുരക്ഷിതത്വവും ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും ഇതിലൂടെ ആത്മവിശ്വാസത്തോടെ ജീവിയ്ക്കാനുള്ള കരുത്ത് ലഭിക്കുമെന്നും എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുരേഷ്‌കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ.കെ, വിജയലക്ഷ്മി എ.എസ്, അംഗങ്ങളായ അർച്ചന സഞ്ജു, ഉഷ എസ്, ശ്രീലത ബാസി, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജനറൽ മാനേജർ ഷാജി എ.ആർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ ആർ എന്നിവർ ആശംസകൾ അറിയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും മെമ്പർ സെക്രട്ടറി ദീപ നന്ദിയും പറഞ്ഞു
Recent Comments