കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം

കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി) തസ്തികകളിൽ ഓൺ-ദി-ജോബ് പരിശീലനം നൽകുന്നു. നിലവിൽ ഏവിയേഷൻ കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണിത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരിക്കും ട്രെയിനിങ് ലഭിക്കുക. വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം മുഖേയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 04 ആണ്.

പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി)

യാത്രക്കാരുടെയും ബാഗേജിന്റെയും ചെക്ക്-ഇൻ.

ടിക്കറ്റിങ് , റിസർവേഷൻ പ്രവർത്തനങ്ങൾ.

ബാഗേജ് മേക്ക്-അപ്പ് ഏരിയ, ബ്രേക്ക്-അപ്പ് ഏരിയ, മിസ്ഹാൻഡിൽഡ് ബാഗേജ്, വേൾഡ് ട്രേസർ എന്നിവയിലെ പ്രവർത്തനങ്ങൾ.

വിമാനം ലോഡിങ് / ഓഫ്‌ലോഡിങ്, കാബിൻ ഡ്രസ്സിങ് , കാർഗോ മാനിഫെസ്റ്റിങ്, കാർഗോ കൈകാര്യം ചെയ്യൽ.

യാത്രാ രേഖകളുടെ പരിശോധന,റിസർവേഷൻ മാനേജ്മെന്റ്,കസ്റ്റമർ സർവീസ്,അറൈവൽ, ബോർഡിങ് മാനേജ്മെന്റ് ,വി.ഐ.പി അതിഥി പരിചരണം തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.

പരിശീലനത്തിന്റെ പ്രാരംഭ കാലാവധി 11 മാസമായിരിക്കും. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ / കോളേജുകൾക്ക് അവരുടെ ഉദ്യോഗാർഥികളുടെ പട്ടിക സമർപ്പിച്ച് അപേക്ഷ നൽകണം. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

നിയമനം പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. പാസഞ്ചർ സർവീസ് ഏജന്റുമാർ (PSA) ആഴ്ചയിൽ 6 ദിവസം, 3 ഷിഫ്റ്റുകളിലായി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യണം. പ്രവർത്തനം, മൂല്യനിർണയം, റേറ്റിംഗ്, ഹാജർ എന്നിവ തൃപ്തികരമാണെങ്കിൽ AIASLയിൽ നിന്ന് ട്രെയിനിയായ പാസഞ്ചർ സർവീസ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.aiasl.in/resources/Advertisement.Cochin.pdf.

മലിനജലം കുടിച്ച് ഏഴ് മരണം

മലിനജലം കുടിച്ച് ഏഴ് മരണം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം. പ്രദേശത്തെ 27 ആശുപത്രികളിലായി 162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിരവധിപ്പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.

നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്തുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് കാരണം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രികളിലേക്ക് രോഗികള്‍ ഒഴുകിയെത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം കുടിച്ച് രോഗികളായ ഏഴുപേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ സ്ഥിരീകരിച്ചു. നഗരത്തിലുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

‘7,992 വീടുകളില്‍ സര്‍വേ നടത്തി, ഏകദേശം 39,854 പേരെ പരിശോധിച്ചു, അതില്‍ ഏകദേശം 2,456 പേര്‍ക്ക് അസുഖമുണ്ടെന്ന് സംശയിക്കുന്നു, രോഗികള്‍ക്ക് ഒരേ സ്ഥലത്ത് പ്രാഥമിക ചികിത്സ നല്‍കി’- മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും സൗജന്യ വൈദ്യചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു.

ഇതിനു അടുത്തായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ടോയ്ലറ്റില്‍ നിന്നുള്ള വെള്ളം പ്രധാന ജലവിതരണ ലൈനിന് മുകളിലുള്ള ഒരു കുഴിയിലേക്കാണ് ഒഴുക്കിവിട്ടത്. ഇവിടെ പൈപ്പു ലൈനില്‍ ഉണ്ടായ ചോര്‍ച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം. ഐഎംസി സോണല്‍ ഓഫീസര്‍ ഷാലിഗ്രാം സിതോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ യോഗേഷ് ജോഷി എന്നിവരെ ഉടനടി സസ്പെന്‍ഡ് ചെയ്തു. ഇന്‍ചാര്‍ജ് സബ് എന്‍ജിനിയര്‍ ശുഭം ശ്രീവാസ്തവയെ പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

പാചകവാതക സിലിണ്ടര്‍ വില കൂട്ടി

പാചകവാതക സിലിണ്ടര്‍ വില കൂട്ടി

ഡല്‍ഹി: പുതുവര്‍ഷത്തെ വരവേറ്റ ജനങ്ങള്‍ക്കുമേല്‍ വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടര്‍ വിലയില്‍ 111 രൂപയുടെ വര്‍ധനയാണ് എണ്ണവിതരണ കമ്പനികള്‍ വരുത്തിയത്. ഇതോടെ കൊച്ചിയില്‍ വില 1,698 രൂപയായി. കോഴിക്കോട്ട് 1,719 രൂപ, തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 1,691 രൂപയായാണ് വര്‍ധിച്ചത്. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര എണ്ണവില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കാം.

തുടര്‍ച്ചയായി 2 മാസം വിലകുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് 5 രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയും കുറച്ചിരുന്നു.

5 മാസം മുമ്പ് ഭര്‍ത്താവ് ഇസ്രയേലില്‍ മരിച്ച നിലയില്‍, ജീവനൊടുക്കി ഭാര്യയും

5 മാസം മുമ്പ് ഭര്‍ത്താവ് ഇസ്രയേലില്‍ മരിച്ച നിലയില്‍, ജീവനൊടുക്കി ഭാര്യയും

കല്‍പ്പറ്റ: ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി സ്വദേശിയുടെ ഭാര്യയും മരിച്ചു. അഞ്ചുമാസം മുമ്പ് ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ രേഷ്മയെ വയനാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഇസ്രയേലില്‍ കെയര്‍ഗിവറായി ജോലി ചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയുമാണ് അഞ്ചുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയോധിക കുത്തേറ്റ നിലയിലും ജിനേഷ് തൂങ്ങിമരിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നതൊന്നും വ്യക്തമായിരുന്നില്ല.

ബൈ 2025, കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

ബൈ 2025, കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

ഓക് ലന്‍ഡ്: 2025ന് ബൈ പറഞ്ഞ് കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.

വന്‍ ആഘോഷ പരിപാടികളോടെയാണ് കിരിബാത്തി ദ്വീദ്വീപ് 2026നെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.

വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹി: രാജസ്ഥാനില്‍ വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കാര്‍ നിറച്ച കാര്‍ പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ നിന്നാണ് കാര്‍ പിടികൂടിയത്. കാറില്‍ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് നിറച്ച നിലയിലായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാറിന്റെ പിന്നിലെ ഡിക്കിയില്‍ നിന്നാണ് അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തത്. യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ്. 200 എക്‌സ്‌പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പിടിച്ചെടുത്തിട്ടുണ്ട്.പുതുവത്സര തലേന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടുന്നത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തി വരുന്നതായി ടോങ്ക് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.