by Midhun HP News | Oct 21, 2024 | Latest News, കേരളം
തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തിൽ 50കാരൻ പിടിയിൽ. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ് പിടിയിലായത്. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡേവിസ്. ആന കൊമ്പ് മോഷണം, സ്വർണം കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്.
ഡേവിസിനെതിരെ വെള്ളികുളങ്ങര, എണാകുളം സെൻട്രൽ, തൃശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
by Midhun HP News | Oct 21, 2024 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നേരത്തെ രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്ത് എത്തും. ഇതിന്റെ സ്വാധീനഫലമായി ഇരു സംസ്ഥാനങ്ങളിലും അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ എവിടെയാണ് കൃത്യമായി ചുഴലിക്കാറ്റ് കര തൊടുക എന്ന് ഇനിയും നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. സീസണിലെ ആദ്യ ചുഴലിക്കാറ്റിന് ‘ദന’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള മഴയും തുടരും
by Midhun HP News | Oct 21, 2024 | Latest News, കേരളം
കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ള മേഖലയാണ് മട്ടാഞ്ചേരി സിനഗോഗ്. ഇത് ലംഘിച്ചതിനാണ് അറസ്റ്റ്.
കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ നേവൽ ബേസ്, ഷിപ്‌യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോൾഗാട്ടി, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ഇല്ല. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്റെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ റെഡ് സോണിൽ ഡ്രോൺ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ്.
by Midhun HP News | Oct 21, 2024 | Latest News, കേരളം
കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ദീർഘകാലം സിപിഎം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലെനിൻ സെൻ്ററിൽ ഇന്നു വൈകിട്ട് നാലുമണി മുതൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും.
by Midhun HP News | Oct 21, 2024 | Latest News, കേരളം
വെളിച്ചം കുറവുള്ള സമയത്ത് ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ലോ ലൈറ്റ് മോഡിനെ ആശ്രയിക്കാറുണ്ട്. ഇപ്പോള്‍, വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.
വാട്‌സ്ആപ്പില്‍ ഇപ്പോള്‍ വീഡിയോ കോളുകള്‍ ജനപ്രിയമാണ്. എന്നാല്‍ മിക്ക ഫോണുകളിലും ഫ്രണ്ട് കാമറ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്. രണ്ട് ആളുകള്‍ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ ഇതിന്റെ പോരായ്മ അറിയാന്‍ സാധിക്കാറുണ്ട്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.
പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Oct 21, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ രംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇവരില്‍ നിന്നും 37 ലക്ഷം രൂപയോളം പണമായിട്ടു തന്നെ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് വ്യക്തമാക്കി.
ബന്ദി നാടകത്തില്‍ നിലവില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഗൂഢാലോചനയില്‍ അടക്കം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി.
Recent Comments