തിരുവോണനാളില്‍ വിവിധയിടങ്ങളിൽ വാഹനാപകടം; മരണം

തിരുവോണനാളില്‍ വിവിധയിടങ്ങളിൽ വാഹനാപകടം; മരണം

തിരുവനന്തപുരം: തിരുവോണനാളില്‍ തിരുവനന്തപുരത്ത് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കലയില്‍ മാത്രം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്.

വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനില്‍ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വര്‍ക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യന്‍, വര്‍ക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകള്‍ തമ്മില്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കില്‍ മൂന്നുപേരും രണ്ടാമത്തെ ബൈക്കില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ടു അപകടങ്ങളിലാണ് മറ്റു രണ്ടുപേര്‍ മരിച്ചത്. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയാണ് ഒരാള്‍ മരിച്ചത്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അഞ്ചാമത്തെയാള്‍ മരിച്ചത്.

പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം

പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം

കൊച്ചി: ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബി ദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാറ്റിന് സാധ്യത

ഒഡിഷ തീരം, പടിഞ്ഞാറൻ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.

ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾകൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.

ഓണ വിപണി

സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക്‌ ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്‌. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക്‌ ആകർഷകമായ ഇളവുമുണ്ട്‌.

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ

തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ​ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരി​ഗണിച്ച് ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14 (ഉത്രാടം,, സെപ്റ്റംബർ 15 (തിരുവോണം ), സെപ്റ്റംബർ 16 ( അവിട്ടം), സെപ്റ്റംബർ 17 ( ചതയം ), സെപ്റ്റംബർ 21 ( ശ്രീനാരായണ ഗുരു സമാധിദിനം), സെപ്റ്റംബർ 22 (ഞായറാഴ്ച) എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കയവറവ് ,അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

തിരുവോണ നാളിൽ (സെപ്റ്റംബർ 15, ഞായറാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

രാവിലെ കാഴ്ചശീവേലിക്ക് രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്ണു,വിനായകൻ, പീതാംബരൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും. ഉത്രാട ദിനത്തിൽ (സെപ്റ്റംബർ 14 ശനിയാഴ്ച) രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപണം. സ്വർണക്കൊടിമരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ്.

ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും. കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കാം. നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും. ഈ വർഷത്തെ തിരുവോണാഘോഷത്തിനായി 21.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.

രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ: ജീവനൊടുക്കിയത് ഒരേ കയറിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.