ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും. 2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. അതിനു മുന്‍പു പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചാല്‍ അതുവരെയാകും നിലവിലെ നിരക്ക്. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ് ഉത്തരവ്. പ്രതിമാസ ബില്ലില്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ മൂന്നു മാസത്തേക്കു കൂടി ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും കെഎസ്ഇബിക്ക് കമ്മീഷന്‍ അനുമതി നല്‍കി.

2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയതിലുണ്ടായ 60.68 കോടി രൂപയുടെ ബാധ്യത തിരിച്ചുപിടിക്കാന്‍ യൂണിറ്റിന് 14 പൈസ വീതം പിരിക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇന്ധന സര്‍ചാര്‍ജ് കുടിശിക 55.24 കോടി രൂപയായി കുറച്ച കമ്മിഷന്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെ യൂണിറ്റിന് 9 പൈസ വീതം സര്‍ചാര്‍ജ് ആയി ഈടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ഓരോ മാസവും ഇന്ധന സര്‍ചാര്‍ജ് ആയി ലഭിച്ച തുക എത്രയെന്നു പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 92.79 കോടി രൂപയുടെ ബാധ്യത യൂണിറ്റിന് 16 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആയി ഈടാക്കാനുള്ള അപേക്ഷ കമ്മീഷന്‍ തള്ളി.

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

കെഎസ്ആർടിസിയിൽ ശമ്പളം ഒറ്റഗഡുവായി 1ാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് മന്ത്രി

കെഎസ്ആർടിസിയിൽ ശമ്പളം ഒറ്റഗഡുവായി 1ാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് മന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കാലാവസ്ഥാ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു

കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകക്ക് നൽകാൻ നടപടിയെടുക്കും. കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും. 23 ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയാണ് സ്വര്‍ണവില 53,000ല്‍ താഴെ എത്തിയത്. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു, മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു, മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം.

കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലത്തിന്റെ നിരപ്പില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

രാഹുൽ മദ്യപന്‍, ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം; ഹര്‍ജി തള്ളണമെന്ന് പൊലീസ്

രാഹുൽ മദ്യപന്‍, ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം; ഹര്‍ജി തള്ളണമെന്ന് പൊലീസ്

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ​ഗോപാലിനെതിരെ പൊലീസ്. പ്രശ്നങ്ങളെല്ലാം അവസാനിച്ചു എന്ന ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

ന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള തർക്കം ഒത്തുതീർപ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

രാഹുൽ മദ്യപനാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാൽ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സാജു കെ എബ്രഹാം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

രാഹുലിന്റെ ഹർജിയിലെ വാദങ്ങൾ വസ്തുതയ്ക്ക് വിരുദ്ധമാണ്. ​ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. രാഹുൽ ഏൽപ്പിച്ച പരിക്ക് ​ഗുരുതരമാണെന്ന് സാക്ഷിമൊഴികളിലും മെഡിക്കൽ രേഖകളിലുമുണ്ട്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയത്. 11 ദിവസത്തിന് ശേഷം മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ വിവരങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത്.