കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസ്സിലാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് കാണുകയും ഉടന്‍ തന്നെ ഡ്രൈവര്‍ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചെയ്താണ് യാത്രക്കാരനെ രക്ഷിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി. ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്. ജി സ്റ്റീഫന്‍ എംഎല്‍എയാണ് ഉറവ വറ്റാത്ത നന്മ പുറംലോകത്തെ അറിയിച്ചത്.

ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം

ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം

വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ വില്ലിങ്ടൺ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി,
ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ്
സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ
എജ്യുക്കേഷൻ), ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്,
മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി
(ഫിസിക്കൽ എജ്യുക്കേഷൻ).

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്.
നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം
പ്രായം: തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
തിരഞ്ഞെടുപ്പ്: ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്തു, മകന് അടിച്ചത് 80 ലക്ഷത്തിന്റെ ഭാ​ഗ്യം

അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്തു, മകന് അടിച്ചത് 80 ലക്ഷത്തിന്റെ ഭാ​ഗ്യം

മൂവാറ്റുപുഴ: അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്ത മകന് 80 ലക്ഷം രൂപയുടെ ഭാ​ഗ്യസമ്മാനം. കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് കുമാറിനെ തേടിയെത്തിയത്. ലോട്ടറി ഏജന്റായ അച്ഛൻ മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രവീന്ദ്രനിൽ നിന്നാണ് ടിക്കറ്റെടുത്തത്.

കഴിഞ്ഞ ദിവസം അച്ഛനിൽ നിന്നെടുത്ത ടിക്കറ്റിൽ 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം അടിച്ചിരുന്നു. ഈ പണത്തിൽ നിന്നാണ് വീണ്ടും ടിക്കറ്റ് വാങ്ങിയത്. അച്ഛനാണ് തന്റെ ഭാ​ഗ്യം എന്നാണ് രാജേഷ് കുമാർ പറയുന്നത്. ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്കുമാർ പറഞ്ഞില്ല. രവീന്ദ്രനും പതിവു പോലെ ലോട്ടറി ടിക്കറ്റ് വിൽപന തുടർന്നു. ഫ്ലോറിങ് ജോലി നോക്കുകയാണ് രാജേഷ് കുമാർ. ഭാര്യയുടെ 2 മക്കളുമുണ്ട്. കുടുംബത്തിന് ഒട്ടേറെ കടങ്ങളുണ്ടെന്നും അതൊക്കെ വീട്ടണം എന്നാണ് രാജേഷ് പറയുന്നത്. അച്ഛനു വേണ്ടതെല്ലാം നൽകണമെന്നും കൂട്ടിച്ചേർത്തു. കോലഞ്ചേരിയിലെ തോംസൺ ഏജൻസിയിൽ നിന്നാണ് രവീന്ദ്രൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത്.

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം കെ.എസ്.കെ.റ്റി.യു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വി. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും എൽ.സി സെക്രട്ടറിയുമായ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ബി. പ്രഭാകരനും അനുശോചന പ്രമേയം എസ് ഷീജയും അവതരിപ്പിച്ചു.

ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു, ഏര്യാകമ്മിറ്റിയുടെ പ്രസിഡന്റ് സി.എസ് അജയകുമാർ, കർഷക സംഘം ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി സി ദേവരാജൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ ജി നാരായണപിള്ള, എസ് ഷീജ, എം.ആർ രമ്യ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എസ്. സതീഷ് കുമാർ അവതരിപ്പിച്ചു. പുതിയ പ്രസിഡന്റായി വി. വിശ്വംഭരനേയും സെക്രട്ടറിയായി എസ് സതീഷ് കുമാറിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽവച്ച് കർഷകത്തൊഴിലാളി മാസികയുടെ ലിസ്റ്റും വരിസംഖ്യയും ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി.

ആവേശ തിരയിൽ പുന്നമട കായൽ; നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്

ആവേശ തിരയിൽ പുന്നമട കായൽ; നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്

ആലപ്പുഴ: ആലപ്പുഴ പുന്നമട കായലിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് അരങ്ങേറും. 2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ഒൻപതു വിഭാഗങ്ങളിലായി പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്.

രാവിലെ 11 മണിക്ക് ഹീറ്റ്സ് നടക്കും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നെഹ്റു പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്നാണു ജലമേള ഉദ്ഘാടനം ചെയ്യുക. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ കെ ‌രാജൻ, സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. നാല് ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനൽ. 5.30 ന് മന്ത്രി പി പ്രസാദ് വിജയികൾക്കു ട്രോഫികൾ സമ്മാനിക്കും.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ‍ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ പി.പി. വിജയനെ തോൽപ്പിച്ചു. 17 വാർഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാർഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെ തോൽപിച്ചു. കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ മാറ്റ ഭീഷണിയില്ല.കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.