എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കൊച്ചി : എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് വന്ന വിമാനത്തിലാണ് സംഭവം. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് ഇയാൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

പത്തനംതിട്ട: കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ.

ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം: കോട്ടയം പൂവന്തുരുത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പൂവന്തുരുത്തിലെ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ജോസിനെ ഇയാള്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഈ സ്ഥാപനത്തിലേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായ ജോസിനെ ആക്രമിച്ചത്.

ബിപോര്‍ജോയ് തീവ്ര ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

ബിപോര്‍ജോയ് തീവ്ര ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി കുറഞ്ഞു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ ജില്ലകളില്‍ തന്നെ സമാനമായ നിലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; അന്വേഷണത്തിനൊരുങ്ങി സിബിഐ

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; അന്വേഷണത്തിനൊരുങ്ങി സിബിഐ

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടും. സംസ്ഥാനത്തെ സ്വർണക്കടത്ത് കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്.

കസ്റ്റംസ് ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസിലെ വിവരങ്ങൾ പുറത്തായതിന് പിന്നാലെ സിബിഐ വിശദവിവരങ്ങൾ അനേഷിച്ചിരുന്നു. എന്നാൽ കേസിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം കടുപ്പിക്കുകയാണ് സിബിഐ. സ്വതന്ത്രമായി കേസെടുത്ത് അന്വേഷിക്കാൻ സിബിഐയ്‌ക്കുള്ള പൊതു അനുമതി സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു. അതിനാൽ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പല അഴിമതി കേസുകളിലും സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടുമ്പോൾ അത് നിഷേധിക്കുകയോ, അനുമതി നൽകാതെ നീട്ടികൊണ്ടു പോവുകയോയാണ് സർക്കാർ ചെയ്യുന്നത്.

അബുദാബിയിൽ നിന്നും കൊണ്ടുവന്ന നാലരക്കിലോ സ്വർണം കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം ഡിആർഐ പിടികൂടിയതോടെയാണ് അനീഷ് മുഹമ്മദിന്റെയും നിഥിന്റെയും സഹായത്തോടെ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് കള്ളക്കടത്ത് സംഘത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും കേസിന്റെ തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിച്ചിരുന്നു. സംഭവത്തിൽ സിബിഐ വിവരങ്ങൾ തേടിയതോടെയാണ് തുടർ നടപടികളുണ്ടായത്.

തമിഴ്‌നാട്ടില്‍ കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. 1996ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്. ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ 13.7 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. 10 മണി വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ നാളെ വരെ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ മഴ തുടരും.