by Midhun HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികള്‍ ബെര്‍ത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു മാത്രം. രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് ജോലികള്‍ പുരോഗമിക്കുന്നതെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 300 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് ആണ് സജ്ജമാവുകയെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബെര്‍ത്ത് ചട്ടക്കൂടിനു മുകളില്‍ സ്ലാബ് സ്ഥാപിച്ചുറപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
ഇതു പകുതിയിലേറെ പൂര്‍ത്തിയായി. ഈ ജോലി കൂടുതല്‍ സുഗമവും സൗകര്യപ്രദവുമായി നിര്‍വഹിക്കുന്നതിന് ഇതിനു മുകളില്‍ സജ്ജമാക്കിയിരുന്ന ലോഡ് ഔട്ട് സംവിധാനം പൊളിച്ചു നീക്കിത്തുടങ്ങി. സ്ലാബിനു മുകളില്‍ നിശ്ചിത കനത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിക്കുന്നതോടെ ബെര്‍ത്ത് സംബന്ധിയായ പ്രധാന ജോലി പൂര്‍ത്തിയാവും.
ബെര്‍ത്തിനു മുന്നിലാണ് കപ്പല്‍ അടുക്കുന്നത്. ബെര്‍ത്തും കപ്പലും തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ഫെന്‍ഡേഴ്‌സ് എന്നറിയുന്ന സാങ്കേതിക സംവിധാനമടക്കമുള്ളവയും സ്ഥാപിക്കും. ബെര്‍ത്തിനു തൊട്ടു പിന്നിലായി സജ്ജമാകുന്ന ബാക്ക് അപ് യാഡ് ആണ് ശേഷിക്കുന്ന നിര്‍മിതിയിലെ രണ്ടാമത്തേത്. ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ മുകളില്‍ ഇന്റര്‍ലോക്ക് പാകി യാഡ് സജ്ജമാക്കും. കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള കയറ്റിറക്കു സാധനങ്ങള്‍ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിര്‍മാണവും സമീപത്ത് പുരോഗതിയിലാണ്.
തുറമുഖത്തെത്തുന്ന കണ്ടെയ്‌നര്‍ വാഹികളായ ട്രെയിലറുകള്‍, മറ്റു യന്ത്ര സംവിധാനങ്ങള്‍ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറില്‍ ആദ്യം എത്തുന്ന കപ്പലില്‍ 8 ഷോര്‍ട് ഷിപ് ക്രെയിനുകളില്‍ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താന്‍ സജ്ജമാണ്. കപ്പല്‍ അടുക്കാന്‍ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
by Midhun HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഉല്‍പ്പാദനം 8000 കേയ്‌സാണ്. മദ്യം നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലീറ്ററില്‍നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ റമ്മിന്റെ ഉല്‍പ്പാദകര്‍ സര്‍ക്കാരിനു കത്തു നല്‍കി. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ജവാന്റെ ഒരു ലീറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
by Midhun HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ആങ്ങാംമൂഴിയില്‍ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമുഴി സ്വദേശികളായ ദമ്പതികളുടെ മകള്‍ അഹല്യയാണ് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി അബോധാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
by Midhun HP News | Jun 17, 2023 | കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തു ഇടവപ്പാതി സജീവമാകുന്നതായി കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനത്തിൽ മിക്ക ജില്ലകളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിൽ 20 വരെയാണ് മുന്നറിയിപ്പ്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല പ്രവചനം അനുസരിച്ച് 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ സാധാരണയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ ഒന്നുമുതൽ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴയിൽ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്തു കിട്ടിയത് 126 മില്ലീ മീറ്റർ മാത്രം.
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വരെ കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ഒൻപതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. പിന്നാലെ യുവതിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്. നായയിൽ നിന്നു പരിക്കേറ്റപ്പോൾ യുവതി ചികിത്സ തേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
by Midhun HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയിൽ വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്തു എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. ഇതുവരെയായി 11,123 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേർക്ക് ചിക്കൻ പോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, രണ്ട് പേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ പനി ബാധിച്ചു പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തിൽ തുടർ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഏത് പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരിക.
Recent Comments