പ്ലസ് വൺ പ്രവേശന ട്രയൽ അലോട്മെന്റ് നാളെ

പ്ലസ് വൺ പ്രവേശന ട്രയൽ അലോട്മെന്റ് നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്
https://school.hscap.kerala.gov.in/index.php/ca എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും
ഇതാണ്. നാളെ നടക്കുന്ന ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585, ആകെ സീറ്റുകൾ 4,58,205 ആണ്.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

വാമനപുരം അഡീഷണല്‍ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത.

പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് വിജയിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹെല്‍പ്പര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0472-2841471.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ഒന്നര വയസുകാരി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ഒന്നര വയസുകാരി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞ നാല് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. ഡോക്ടര്‍മാര്‍ ദിവസേന പരിശോധ നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയും ആവിപിടിക്കുകയും ചെയ്തു.

പതിനൊന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുകളും നാട്ടുകാരും ആരോപിച്ചു. ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. പിന്നാലെ നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയിൽ ഇനി വനിതകളും

സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയിൽ ഇനി വനിതകളും

സംസ്ഥാനത്തെ അഗ്നി രക്ഷാ സേന വനിതകളില്ലെന്ന അവഗണനയിൽ നിന്നു മുക്തമാകുന്നു. 100 വനിതകൾ ഉടനെ സേനയുടെ ഭാഗമാകും. പി എസ് സി പരീക്ഷയെന്ന കടമ്പ കടന്നു ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കുള്ള അഡ്വൈസ് മെമ്മോ അയച്ചുകഴിഞ്ഞു. പൊലീസ് വെരിഫിക്കേഷൻ കഴിഞ്ഞാൽ ഇവർക്കള്ള പരിശീലനം തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും.

11 ജില്ലകളിൽ 5 പേർ വീതവും തിരുവനന്തപുരം എ റ ണാ കു ളം, കോഴിക്കോട് ജില്ലകളിൽ 15 പേർ വീതവും ആണ് നിയമിതരാകുക. ഒന്നാം പിണറായി മന്ത്രിസഭയാണ് ഫയർ വുമൺ തസ്തികകൾ സൃഷ്ടിക്കൻ തീരുമാനിച്ചത്. 1962 ൽ കേരള ഫയർ സർവീസ് നിയമം നിലവിൽ വരുന്നതുവരെ ഫയർഫോഴ്സ് കേരള പൊലീസ് സേനയുടെ ഭാഗമായിരുന്നു’ 1963 മുതലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം തുടങ്ങിയത്..

കെ.പി.എസ്.ടി.എ. അംഗത്വ വിതരണ വാരാചരണം ഉദ്ഘാടനം നടന്നു

കെ.പി.എസ്.ടി.എ. അംഗത്വ വിതരണ വാരാചരണം ഉദ്ഘാടനം നടന്നു

കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലയിലെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ആലംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് എൻ. പുഷ്പയ്ക്ക് നൽകിക്കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എന്റെ ബ്രാഞ്ച്, എന്റെ അഭിമാനം എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിയ്ക്കാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ. സാബു, ഉപജില്ലാ ഭാരവാഹികളായ റ്റി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ സംബന്ധിച്ചു.