‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം കാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

‘പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.’- ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

‘അര നൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു’- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കുറിപ്പ്:

വിജയലഹരിയില്‍ പരിസരബോധം മറന്നു: ചെറിയാന്‍ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം.

പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ. പൗലോസ്, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണത്തിനായുള്ള ആവശ്യങ്ങളോ ഉന്നയിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസായിരുന്നു ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.

എന്നാൽ, ഈ വിധിന്യായം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ ചോർന്നുവെന്നും, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിച്ചുകൊണ്ടും രജിസ്റ്റേർഡ് തപാലിൽ വ്യാപകമായി ഊമക്കത്തുകൾ പ്രചരിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവർക്കെല്ലാം ഇത്തരത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുകഞ്ഞത്. ഇതിന് പിന്നാലെയാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.

ഉദ്യോഗസ്ഥനെതിരെ പടയൊരുക്കം; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

വിചാരണ പൂർത്തിയായി വിധി പറഞ്ഞ ഒരു കേസിൽ, നിയമപരമായി അപ്പീൽ പോകുന്നതിനായി മുകളിൽ ശുപാർശ ചെയ്യുക എന്നതിനപ്പുറം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് കത്തയച്ചത് പോലീസ് മാനദണ്ഡങ്ങൾക്ക് പൂർണ്ണമായി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങൾ രംഗത്തെത്തി. ബൈജു കെ. പൗലോസിനെതിരെ അടിയന്തര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ഔദ്യോഗികമായി അന്വേഷണം ഏൽപ്പിച്ചത്.

ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ബൈജു കെ. പൗലോസ് ഉചിതമായ മാർഗ്ഗത്തിലൂടെ തന്നെയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പ്രത്യേകമായി പരാമർശിക്കുകയോ, ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ, പ്രത്യേക അന്വേഷണമോ നടപടിയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി. ജോസഫ് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.

‘ജുഡീഷ്യറിയെ സംശയിക്കുന്ന തെറ്റായ സന്ദേശം’; പരാതിക്കാരൻ രംഗത്ത്

ക്രൈംബ്രാഞ്ച് കത്തിന്മേൽ വ്യക്തത വരുത്തിയെങ്കിലും, ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ കത്തയക്കൽ വലിയ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു. പൊതുസമൂഹത്തിൽ പ്രചരിച്ച ഊമക്കത്തിൽ പൂർണ്ണമായും ജഡ്ജിമാരെയും ജുഡീഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. അത്തരം ഒരു കത്തിന്റെ പേരിൽ ഒരു ഔദ്യോഗിക പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കുന്നത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കും.

ഭരണഘടന ഉറപ്പുനൽകുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയനിഴലിലാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. അതിനാലാണ് ഈ വിഷയം അതീവ ഗൗരവത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ തയ്യാറായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ തത്കാലം അന്വേഷണ ഉദ്യോഗസ്ഥന് ആശ്വാസമാണെങ്കിലും, ജുഡീഷ്യറിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കാലവർഷം 26ഓടെ

സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കാലവർഷം ഈ മാസം 26 ഓടെ സംസ്ഥാനത്ത് എത്താൻ സാധ്യത (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം).

മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.

തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.

‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘നാടോടിക്കാറ്റി’ലെ ദാസൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഭരത’ത്തിലെ ചിത്രത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘ഇരുവറി’ലെ ആനന്ദൻ, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോൻ, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശൻ നായർ, ‘പരദേശി’യിലെ വലിയകത്തു മൂസ, ‘ഭ്രമര’ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത ‘ഗുരു’വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. എം.ജി.ആർകരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങൾ പകർത്തിയ ‘ഇരുവറി’ൽ ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ഇരുവറിന് ലഭിച്ചപ്പോൾ, മികച്ച നടനുള്ള പട്ടികയിൽ മോഹൻലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങൾ മോഹൻലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങൾക്ക് മോഹൻലാൽ വിധേയനാവുകയും ചെയ്തു.

അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

തിരുവനന്തപുരം: തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നവനിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ സജീവമായി പുരോഗമിക്കുന്നു. ഗവർണർക്ക് മുന്നിൽ മുൻപ് പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭയിലെ അംഗങ്ങൾക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

അസംബ്ലി ചട്ടങ്ങൾ അനുസരിച്ച് പൂർണ്ണമായും അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ഇതനുസരിച്ച് കലാമശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച് പുതിയ യുഡിഎഫ് സർക്കാരിൽ ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റ മുസ്ലിം ലീഗ് നേതാവ് വി ഇ അബ്ദുൾ ഗഫൂറാണ് സഭയിൽ ഏറ്റവും ആദ്യം സത്യവാചകം ചൊല്ലിയത്. അക്ഷരമാലാ ക്രമത്തിൽ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

കൈകൊടുത്ത് ഗോവിന്ദൻ; കന്നഡയിൽ അഷ്റഫും സൈക്കിളിൽ ചാണ്ടിയും

മ്മ്യൂണിസ്റ്റ് കോട്ടയായ ആറ്റിങ്ങലിൽ നിന്നും വിജയിച്ചെത്തിയ ഒ.എസ്. അംബികയാണ് പുതിയ നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കടുത്ത പ്രാദേശിക ഭാഷാ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് ഇത്തവണയും സത്യവാചകം ചൊല്ലിയത്. പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ തികച്ചും വ്യത്യസ്തമായ രീതിയിൽ സൈക്കിൾ ചവിട്ടിയാണ് ഇന്ന് നിയമസഭാ മന്ദിരത്തിലേക്ക് എത്തിയത്.

കോൺഗ്രസ് ഔദ്യോഗികമായി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ, സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷ നിരയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം (Handshake) നൽകിയത് സഭയിലെ കൗതുകക്കാഴ്ചയായി. പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് തിരികെയും നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് സൗഹൃദം പങ്കുവെച്ചു. ഇടതുപക്ഷ മുന്നണിയിൽ നിന്നും വിജയിച്ചെത്തിയ എംഎൽഎമാർ സഗൗരവമാണ് സത്യവാചകമായി ചൊല്ലുന്നത്.

105-ാമനായി സതീശൻ; 133-ാമനായി പിണറായി വിജയൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 105-ാമത്തെ ആളായാണ് സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞ രണ്ടു തവണയും മുഖ്യമന്ത്രിയായി സഭയെ നയിക്കുകയും ഇത്തവണ പ്രതിപക്ഷത്തിന്റെ അമരക്കാരനായി മാറുകയും ചെയ്ത പിണറായി വിജയൻ പട്ടികയിലെ 133-ാമത്തെ ആളായാണ് പ്രോടേം സ്പീക്കർക്ക് മുന്നിലെത്തി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക.. നിലവിൽ സഭയിൽ ചടങ്ങുകൾ തത്സമയം തുടരുകയാണ്.