by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എസ്.എസ് രാജമൗലി ചിത്രം ആർആർആറിൽ വില്ലനായ ബ്രിട്ടീഷ് ഗവർണറായി അഭിനയിച്ച വടക്കൻ ഐറിഷ് നടൻ റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഇറ്റലിയിൽ സിനിമാ ഷൂട്ടിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്റ്റീവൻസൺ പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഷിയ ദ്വീപിൽ ‘കാസിനോ ഇൻ ഇഷിയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യനില വഷളാവുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയായിരുന്നു മരണപ്പെട്ടതെന്നും ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക് റിപ്പോർട്ട് ചെയ്തു. ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. മാപ്പപേക്ഷയിലൂടെ, അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തിൽ അർഥമാക്കുന്നത്. അതുകൊണ്ട്, ‘കാലതാമസം മാപ്പാക്കുന്നതിനു പകരം’ ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിയ്ക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്‍റ് മന്ദിരം വളയുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാന്‍ ഡൽഹി പൊലീസ് തയാറായിട്ടില്ല. സമരം ശക്തമാക്കി മുന്നോട്ടുപോകാനാണ് താരങ്ങളുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും കർഷകരുടെയും പൂർണപിന്തുണ ഗുസ്തി താരങ്ങള്‍ക്കുണ്ട്.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയര്‍ഫോഴ്‌സ് മേധാവി അനുസ്മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയാലേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂ. വലിയ ദുഃഖമാണ് രഞ്ജിത്തിന്റെ വിയോഗത്തിലൂടെയുണ്ടായതെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. ഇതിനായി റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.
കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും.
പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ, റെലിസ് പോർട്ടൽ വഴി അടിസ്ഥാന നികുതി (ബിടിആർ) പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ ബിടിആർ(eBTR) സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിൽ പോകാതെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്കു രേഖകൾ അപേക്ഷന് ഓൺലൈനായി ലഭിക്കും.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.
Recent Comments