ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കോടതി നടപടികള്‍ തുടരാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.

വിദേശ മലയാളിയായ സ്ത്രീ നടനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളി. തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു.

2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴവാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്.

2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് സൈബി ജോസ് കേസില്‍ സ്റ്റേ വാങ്ങിയത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു.

ബാംഗ്ലൂരിൽ കനത്ത മഴ; ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

ബാംഗ്ലൂരിൽ കനത്ത മഴ; ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

ബാംഗ്ലൂർ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി സ്വർണാഭരണങ്ങൾ ഒലിച്ച് പോയി. രണ്ടര കോടിയോളം രൂപയുടെ ആഭരണങ്ങളാണ് മല്ലേശ്വരത്തുള്ള ജ്വല്ലറിയിൽ നിന്നും ഒഴുകി പോയത്. മഴ കനത്തതോടെ വെള്ളം ജ്വല്ലറിയിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്നും ആഭരണങ്ങൾ സൂക്ഷിച്ച പെട്ടികളടക്കം ഒഴുകി പോയെന്നും ജ്വല്ലറി ഉടമ പറഞ്ഞു.ശക്തമായ മഴ പെയ്തതോടെ ഞങ്ങളും ഭയന്നു, ജീവൻ രക്ഷിക്കണമായിരുന്നു, സ്വർണം അടങ്ങിയ ആഭരണ പെട്ടികൾ ഒഴുകി പോയതിന്റെ ഞെട്ടലിലാണ് ഞങ്ങൾ. ഏകദേശം 2.5 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈദ്യുതാഘാതമുണ്ടാവുമോ എന്ന ആശങ്കയിൽ ഞങ്ങൾക്ക് കാര്യമായൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞില്ല’, ജ്വല്ലറി ഉടമ പറഞ്ഞു.

ഒ.ഐ.സി.സി കുവൈറ്റ്‌ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

ഒ.ഐ.സി.സി കുവൈറ്റ്‌ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: രാജീവ് ഗാന്ധിയുടെ 32 ആം രക്തസാക്ഷിത്വ ദിനം മെയ്‌ 21നു ഒഐസിസി കുവൈറ്റ്‌ വിപുലമായ പരിപാടികളോടെആചരിച്ചു. അബ്ബാസിയ പോപിൻ ഹാളിൽ വെച്ച് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംഘാടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള ആദ്ധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതം പറഞ്ഞു.

അനുസ്മരണ സമ്മേളനം ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. സാർവ്വ ലൗകിക കാഴ്ചപ്പാടോടെ രാജ്യത്ത് ഇന്ന് കാണുന്ന വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അസ്ഥിവാരമിട്ടത് രാജീവ് ഗാന്ധി ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മുൻകാല കെ എസ് യു പ്രവർത്തകൻ കൂടിയായ പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് താജുദീൻ പത്തനംതിട്ട, ജനറൽ സെക്രട്ടറി ബി എസ് പിള്ള, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം സെക്രെട്ടറിമാരായ നിസ്സാം, റോയ് കൈതവന, യോഗത്തിന് ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം സെക്രെട്ടറിമാരായ നിസ്സാം, റോയ് കൈതവന തുടങ്ങി ജില്ലാ തല ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു.

ഓപ്പറേഷൻ പി ഹണ്ട്; 133 കേസുകൾ രജിസ്റ്റർ ചെയ്തു, 8 പേർ അറസ്റ്റില്‍

ഓപ്പറേഷൻ പി ഹണ്ട്; 133 കേസുകൾ രജിസ്റ്റർ ചെയ്തു, 8 പേർ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 133 കേസുകൾ രജിസ്റ്റർ ചെയ്തു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ ഐടി ജീവനക്കാരടക്കം എട്ട് പേർ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു.

അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്‍റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി: പി പ്രകാശ് അറിയിച്ചു.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി ഹണ്ട്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം; തിരിച്ചറിയല്‍ രേഖ നല്‍കേണ്ട

2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം; തിരിച്ചറിയല്‍ രേഖ നല്‍കേണ്ട

ഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം. വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്. നോട്ടു മാറാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല.
ഒരേസമയം പത്ത് നോട്ടുകള്‍ മാത്രമേ മാറ്റി വാങ്ങാനാകുകയുള്ളൂ. ബാങ്കിന്റെ എല്ലാ കൗണ്ടറുകളിലും നോട്ടുമാറാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. നോട്ട് മാറാന്‍ വരുന്നവര്‍ക്കായി തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയം. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്‍കുന്നതില്‍ ആര്‍ബിഐ തീരുമാനമെടുക്കും. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം. ആര്‍ബിഐ നല്‍കുന്ന ഫോര്‍മാറ്റില്‍ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. 2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നൽകിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാർഥി മുങ്ങിമരിച്ചു

കൊച്ചി: ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്. ശിവരാത്രി മണപ്പുറത്തിന് സമീപം ദേശം കടവിൽ ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. യുസി കോളജ് ഉപാസനയിൽ ജേക്കബ് കോശിയുടെ മകനാണ്. രാത്രിയോടെയാണ് മുങ്ങൽ വിദ​ഗ്ധരുടെ സഹായത്തോടെ മൃതദേഹം കണ്ടെടുത്തത്. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.