കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കേരള സർവകലാശാലയുടെ നിർദ്ദേശ പ്രകാരം കോളജ് മാനേജ്മെൻ്റിൻ്റേതാണ് നടപടി. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിൻ്റെ അഫലിയേഷൻ റദ്ദാക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവകലാശാലയ്ക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയ ക്രിസ്ത്യൻ കോളജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ നടപടി.

ആൾമാറാട്ടത്തിന് കൂട്ട് നിന്ന പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കോളജ് മാനേജ്മെൻറിൻ്റേതാണ് നടപടി.പുതിയ പ്രിൻസിപ്പലായി ഡോ.എൻ.കെ.നിഷാദിനെ നിയമിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ കോളജ് മാനേജ്മെന്റിന് കത്തു നൽകിയിരുന്നു

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

ഡല്‍ഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ബാങ്കുകള്‍ ഉറപ്പാക്കണം. വേനല്‍ക്കാലമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വെയില്‍ ഏല്‍ക്കാതെ നോട്ടുകള്‍ മാറാന്‍ കഴിയുന്ന വിധമുള്ള ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കണം. വെള്ളം കുടിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണം. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടുമാറാന്‍ കഴിയണമെന്നും തിരിച്ചറിയല്‍ രേഖ വേണ്ടെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബാങ്കുകളില്‍ നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. ഇതിന്റെ ഭാഗമായാണ് ആര്‍ബിഐ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം. ആര്‍ബിഐ നല്‍കുന്ന ഫോര്‍മാറ്റില്‍ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. ചോദിക്കുന്ന ഘട്ടത്തില്‍ ഈ ഡേറ്റ സബ്മിറ്റ് ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായി. നിലവില്‍ വിനിമയരംഗത്ത് ആവശ്യത്തിന് മറ്റു നോട്ടുകള്‍ ലഭ്യമാണ്. ഒരു ഘട്ടത്തില്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിനിമയത്തിന് ഉണ്ടായിരുന്നത്. നിലവില്‍ ഇത് 3.62 ലക്ഷം കോടിയായി ചുരുങ്ങി. 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. നോട്ടിന്റെ കാലാവധി അവസാനിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും; ബാറുകളുടെ ലൈസൻസ് ഫീ 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും; ബാറുകളുടെ ലൈസൻസ് ഫീ 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും

തിരുവനന്തപുരം: പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു.ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വർഷം തന്നെ തീരുമാനമെടുത്തതാണ്. പക്ഷെ വ്യവസ്ഥകളിൽ് തീരുമാനമാകാതിരുന്നതാണ് നടപ്പാകൽ നീണ്ടത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. നിശ്ചിത ഫീസ് ഏർപ്പെടുത്തും. പുറത്തുനിന്നുള്ളവർക്ക് ഇവിടെ നിന്നും മദ്യം നൽകില്ല. ക്ലബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. ഉത്തരവാദിത്തം അതാത് ഐടി കമ്പനികൾക്കായിരിക്കും.

കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നിശ്ചയിക്കും. ഒന്നാം
തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം. ഇടത് മുന്നണി അംഗീകരിച്ച മദ്യനയം മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കും.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പ്, മലയാളികള്‍ അധ്വാനശീലര്‍; കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പ്, മലയാളികള്‍ അധ്വാനശീലര്‍; കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. താനും അതിന്റെ ഗുണഭോക്താവാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതാണ് ഉപരാഷ്ട്രപതി.

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതി കേരളത്തെ പ്രശംസിച്ചത്. മലയാളികളുടെ ഗുണങ്ങള്‍ പറയുന്നതിനിടെ പഴയ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ച് കൊണ്ടാണ് മലയാളികളുടെ ഗുണഗണങ്ങള്‍ പറഞ്ഞ് അദ്ദേഹം വാചാലനായത്. നടന്മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ട്. പ്രമുഖരുടെയെല്ലാം പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ കേരളത്തിന്റെ നിയമനിര്‍മ്മാണങ്ങളെയും ഉപരാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിരുന്നു നല്‍കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്‍കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ ചെറുമകനെയും ഉപരാഷ്ട്രപതി പരിചയപ്പെട്ടു. തുടര്‍ന്ന് പിണറായി വിജയനുമായി ജഗ്ദീപ് ധന്‍കര്‍ അല്പനേരം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാവിലെ ക്ലിഫ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരും ക്ലിഫ് ഹൗസിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി

സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി

തനിക്കായി സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.എന്റെ വാഹന സഞ്ചാരത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തിരിച്ചെടുക്കാൻ ഞാൻ ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘സീറോ ട്രാഫിക്’ കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ഞാൻ കണ്ടാണ് അതിനാലാണ് ഞാൻ ഈ തീരുമാനം എടുത്തത്.- ട്വിറ്ററിൽ കുറിച്ചു.കർണാടക മുഖ്യമന്ത്രിയായി ശനിയാഴ്ചയാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. കനത്ത ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

കോഴിക്കോട് ഉയർന്ന താപനില 37°C വരെയും കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36°C വരെയും,തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല