കെ വിജയൻ അന്തരിച്ചു

കെ വിജയൻ അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ. വിജയൻ അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: പരേതയായ അജിത
മക്കൾ: സെലസ്, അനുപമ, അരുണിമ
മരുമക്കൾ: വികാസ്, ജയേഷ്, നിതിൻ

പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ കുഞ്ഞിന്റെ മാതാവും മരണപെട്ടു

പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ കുഞ്ഞിന്റെ മാതാവും മരണപെട്ടു

കഴിഞ്ഞദിവസം ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയിൽ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട 4 ദിവസം പ്രായമായ ശിശുവിന്റെ അമ്മ അനുവും മരണപെട്ടു. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു(23). മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യയാണ് മരണപ്പെട്ട അനു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്‌കൂളിന്റെ ഗേറ്റ് പൂട്ടി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്‌കൂളിന്റെ ഗേറ്റ് പൂട്ടി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് സിപിഎം നേതാവും എംഎല്‍എയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ അടച്ചു പൂട്ടുകയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് ശ്രീനിജിന്റെ നടപടി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് സെലക്ഷന്‍ ട്രയല്‍സിനായി എത്തിയത്. വെളുപ്പിന് സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. ഇതോടെ സെലക്ഷന്‍ ട്രയല്‍സിനെത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗേറ്റിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയായി. പിവി ശ്രീനിജിന്‍ എംഎല്‍എയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ശ്രീനിജിന്‍ പറയുന്നത്. പല തവണ കത്തുനില്‍കിയിരുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ശ്രീനിജന്‍ പറയുന്നു.

സംഭവം വിവാദമായതോടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറന്നു. സ്‌കൂള്‍ കൊച്ചി കോര്‍പ്പറേഷന് കീഴിലാണെന്നും, എംഎല്‍എ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ​ഗേറ്റ് തുറക്കാൻ മന്ത്രിയും നിർദേശം നൽകിയിരുന്നു.

നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി

നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി

നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിതരണകേന്ദ്രങ്ങളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ‘ഒപ്പം’. പ്രദേശത്തെ സേവന സന്നദ്ധരായ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമായവർ, കിടപ്പുരോഗികൾ, യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

കടയ്ക്കാവൂരിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കടയ്ക്കാവൂരിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കടയ്ക്കാവൂർ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

കിഴുവിലം വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49), വക്കം ഇറങ്ങുകടവ് പുതുവീട്ടിൽതൊടി വീട്ടിൽ തീപ്പൊരി ജയൻ എന്ന് വിളിക്കുന്ന ജയൻ എന്നിവരാണ് പിടിയിലായത് .

ഇക്കഴിഞ്ഞ മെയ് 19ന് രാത്രിയിൽ ഇരുവരും ചേർന്ന് മദ്യലഹരിയിൽ കുമാറിന്റെ ഭാര്യാസഹോദരിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

വക്കം ഇറങ്ങുകടവ് മേഖലയിൽ പ്രതികൾ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു, ജിഎസ്ഐ എഡിസൺ, എഎസ്ഐ ശ്രീകുമാർ, എഎസ്ഐ രാജീവ് സിപിഒമാരായ സുജിൽ, അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ആശയക്കുഴപ്പം മാറി; ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും

ആശയക്കുഴപ്പം മാറി; ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും

തിരുവനന്തപുരം: ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.

2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ 2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല.